റഫയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; ആറ് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു
ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,410 ആയി
തെക്കൻ ഗസ്സയിലെ റഫയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. വീടിന് നേരെ നടത്തിയ ആക്രമണത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ‘ഇന്നലെ രാത്രി ഇസ്രായേൽ യുദ്ധവിമാനങ്ങൾ റഫയിലെ മൂന്ന് നില വീടിന് നേരെയാണ് ആക്രമണം നടത്തിയത്. ഇതിൽ ആറ് കുട്ടികളുൾപ്പെടെ ഡസൻ കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്’ -ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിൽ 14 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ഏജൻസി കൂട്ടിച്ചേർത്തു.
റഫയുടെ കിഴക്ക് അൽ-സലാം പരിസരത്തെ അബു അൻസ കുടുംബവീടാണ് ഇസ്രായേൽ വിമാനങ്ങൾ ലക്ഷ്യം വെച്ചത്. ഡസൻകണക്കിന് പേർക്ക് പരിക്കേൽക്കുകയും പലരെയും കാണാതാവുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് പരിസര പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായും ഏജൻസി അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട 1.4 ദശലക്ഷത്തിലധികം ഫലസ്തീനികൾ റഫയിലാണ് അഭയം തേടിയിരിക്കുന്നത്.
ഖാൻ യൂനിസിലും ഇസ്രായേലി സേന വ്യോമാക്രമണം നടത്തി. വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈനിക വാഹനങ്ങളിൽനിന്ന് വീടുകൾക്ക് നേരെ ഷെല്ലാക്രമണങ്ങളും വെടിവെപ്പുമുണ്ടായി.
മധ്യ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാമ്പിന്റെ മധ്യഭാഗത്തുള്ള വീടിനെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. അൽ-നുസൈറാത്ത് ക്യാമ്പിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും ഏജൻസി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ആക്രമണത്തിൽ 90 ഫലസ്തീനികൾ കൊല്ലപ്പെടുകയും 177 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,410 ആയി. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 71,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.