ജുമുഅ പ്രസംഗത്തില്‍ ഹനിയ്യയെ പ്രകീര്‍ത്തിച്ചു; അല്‍അഖ്സ ഇമാം ശൈഖ് ഇക്രിമ സാബ്രിയെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍ പൊലീസ്‌

കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ജുമുഅ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണു നടപടി

Update: 2024-08-02 16:53 GMT
Editor : Shaheer | By : Web Desk
Advertising

ജറൂസലം: അല്‍അഖ്‌സ പള്ളി ഇമാമും പ്രമുഖ പണ്ഡിതനുമായ ശൈഖ് ഇക്രിമ സാബ്രിയെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ജുമുഅ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ജറൂസലമിലെ ഹയര്‍ ഇസ്‌ലാമിക് കൗണ്‍സില്‍ തലവന്‍ കൂടിയാണ് 84കാരനായ ശൈഖ് സാബ്രി.

ഇക്രിമ സാബ്രിയുടെ അറസ്റ്റ് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗവിര്‍ സ്ഥിരീകരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രകോപനം സൃഷ്ടിക്കുന്നവരോട് തന്റെ നിലപാട് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള സഹിഷ്ണുതയുമുണ്ടാകില്ലെന്നും ബെന്‍ഗവിര്‍ വ്യക്തമാക്കി. ജുമുഅയ്ക്കു ശേഷം അല്‍സുവ്വാനയിലുള്ള ശൈഖ് സാബ്രിയുടെ വസതിയിലേക്ക് ഇസ്രായേല്‍ പൊലീസ് ഇരച്ചെത്തുകയായിരുന്നുവെന്ന് 'അല്‍അറബി അല്‍ജദീദ്' റിപ്പോര്‍ട്ട് ചെയ്തു.

ശൈഖ് സാബ്രിയെ പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോസ്‌കോബിയ തടങ്കല്‍കേന്ദ്രത്തിലേക്കാണ് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത്. ജറൂസലമുകാരെ ചോദ്യംചെയ്യാനും പാര്‍പ്പിക്കാനുമായി പ്രത്യേകം തയാറാക്കിയതാണ് മോസ്‌കോബിയ ഡിറ്റന്‍ഷന്‍ സെന്റര്‍. ഇവിടെ നാലാം നമ്പര്‍ മുറിയിലാണ് ശൈഖ് സാബ്രിയുള്ളതന്ന് ഫലസ്തീന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിനു പ്രേരണ നല്‍കിയെന്ന ഇസ്രായേല്‍ മന്ത്രിയുടെ ആരോപണം കള്ളമാണെന്ന് ഇക്രിമ സാബ്രി 'അല്‍അറബി അല്‍ജദീദി'നോട് പ്രതികരിച്ചു. മതപരമായ അനുസ്മരണവും അനുശോചനവുമാണ് താന്‍ നടത്തിയത്. പ്രസംഗത്തില്‍ ഒരു പ്രകോപനവുമുണ്ടായിട്ടില്ല. അവര്‍ എപ്പോഴും പറയുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യമൊക്കെ എവിടെപ്പോയെന്നും ശൈഖ് സാബ്രി ചോദിച്ചു.

ശൈഖ് സാബ്രിയുടെ പ്രസംഗത്തില്‍ ഒരു പ്രകോപനവുമുണ്ടായിട്ടില്ലെന്ന് അല്‍അഖ്‌സയില്‍ ജുമുഅയില്‍ പങ്കെടുത്ത സാബ്രിയുടെ അഭിഭാഷക സംഘത്തിലുള്ള ഖാലിദ് സബര്‍ഖ പറഞ്ഞു. ഹനിയ്യയുടെ മരണത്തില്‍ അനുശോചിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ജുമുഅയ്ക്കുശേഷം ശൈഖ് സാബ്രിയെ ലക്ഷ്യമിട്ട് ജൂത സംഘങ്ങളാണ് പ്രകോപനം തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ശൈഖ് സാബ്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഒക്ടോബര്‍ ഏഴിനുശേഷം നേരത്തെയും ശൈഖ് സാബ്രിക്കെതിരെ ഇസ്രായേല്‍ നടപടിയുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ നാലിന് കിഴക്കന്‍ ജറൂസലമിലെ വസതിയില്‍നിന്ന് സാബ്രിയെ ഇസ്രായേല്‍ പൊലീസ് ഒഴിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വസതി പൊളിച്ചുനീക്കാനും നീക്കംനടന്നിരുന്നു.

ശൈഖ് സാബ്രി താമസിക്കുന്ന വസതി ഉള്‍പ്പെടുന്ന കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് അന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വീട്ടില്‍നിന്ന് ഇറക്കിവിട്ടത്. തുടര്‍ന്ന് കെട്ടിടം പൊളിച്ചുനീക്കാനുള്ള അറിയിപ്പുമായി കെട്ടിടത്തിനു പുറത്ത് നോട്ടിസ് പതിക്കുകയും ചെയ്തു.

അന്താരാഷ്ട്രതലത്തല്‍ പ്രശസ്തനായ ഫലസ്തീന്‍ പണ്ഡിതനാണ് ശൈഖ് ഇക്രിമ സാബ്രി. ഫലസ്തീന്‍ മുന്‍ ഗ്രാന്‍ഡ് മുഫ്തിയാണ്. ഫലസ്തീനിലെ സുപ്രിം ഇസ്ലാമിക് കൗണ്‍സില്‍, ഹയര്‍ ഇസ്ലാമിക് അതോറിറ്റി(ഔഖാഫ്) എന്നിവയുടെ തലവന്‍ കൂടിയാണ്. വര്‍ഷങ്ങളായി അല്‍അഖ്സ പള്ളിയിലെ ഇമാമായി സേവനമനുഷ്ഠിച്ചുവരുന്നു.

Summary: Israel arrests Aqsa Mosque Imam Sheikh EkrIma Sabri after eulogizing Ismail Haniyeh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News