ഗസ്സക്ക് തണലായ യു.എന്‍ ഏജന്‍സിയോട് ആസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍
ഏജന്‍സി നില്‍ക്കുന്ന കെട്ടിടത്തില്‍ നിന്ന് ഒഴിയാനും ഇതുവരെ ഉപയോഗിച്ചതിന് 37.29 കോടി രൂപ പിഴ നല്‍കാനും ഇസ്രായേല്‍ ലാന്‍ഡ് അതോറിറ്റി പറഞ്ഞു.
യുനൈറ്റഡ് നാഷന്‍സ്: 140 നാള്‍ പിന്നിട്ട ഇസ്രായേല്‍ വംശഹത്യയില്‍ തകര്‍ന്ന് തരിപ്പണമായ ഗസ്സക്ക് ഭക്ഷണം ചികിത്സ തുടങ്ങിയവയ്ക്ക് ഏക ആശ്രയമായിരുന്ന ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ യെ പൂര്‍ണ്ണമായും ഇല്ലാതാക്കന്‍ ഇസ്രായേല്‍ നീക്കം. കിഴക്കന്‍ ജെറുസലേമില്‍ 75 വര്‍ഷമായി ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഏജന്‍സി. ഏജന്‍സി നില്‍ക്കുന്ന കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞു പോവാന്‍ ഇസ്രായേലി ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി യു.എന്‍.ആര്‍.ഡബ്ല്യു.എ ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഇസ്രായേലി ഉദ്യോഗസ്ഥരുടെ സംഘടിത ശ്രമത്തില്‍ ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍.ആര്‍.ഡബ്ല്യു.എ ചക്രശ്വാസം വലിക്കകയാണെന്നും ലസാരിനി കൂട്ടി ചേര്‍ത്തു. ഏജന്‍സി നില്‍ക്കുന്ന കെട്ടിടത്തില്‍ നിന്ന് ഒഴിയാനും ഇതുവരെ ഉപയോഗിച്ചതിന് 37.29 കോടി രൂപ പിഴ നല്‍കാനും ഇസ്രായേല്‍ ലാന്‍ഡ് അതോറിറ്റി യു.എന്‍.ആര്‍.ഡബ്ല്യു.എ യോട് ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു. 1952ല്‍ ജോര്‍ദാനാണ് ഈ കേന്ദ്രം യു.എന്‍.ആര്‍.ഡബ്ല്യു.എക്ക് നല്‍കിയത്.
ഏജന്‍സിക്ക് പല രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍ റദ്ദാക്കാന്‍ ഇസ്രായേല്‍ അന്താരഷ്ട്ര തലത്തില്‍ നീക്കം നടത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ഇതിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇതോടെ സാമ്പത്തികമായി ഞെരുങ്ങിയ യു.എന്‍.ആര്‍.ഡബ്ല്യു.എ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.
ഇതിനുപുറമേ, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഏജന്‍സിയുടെ ജീവനക്കാര്‍ക്കുള്ള എന്‍ട്രി വിസ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമായി ഇസ്രായേല്‍ പരിമിതപ്പെടുത്തി. യു.എന്‍.ആര്‍.ഡബ്ല്യു.എ ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്ന് ഇസ്രായേലി ധന മന്ത്രി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഏജന്‍സിയുടെ ബാങ്ക് അക്കൗണ്ട് ഇസ്രായേല്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഏജന്‍സിക്ക് വരുന്ന ചരക്കുകള്‍ ഇസ്രായേലി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ട്.
ഇസ്രായേലിന്റെ ഈ നീക്കം യു.എന്‍.ആര്‍.ഡബ്ല്യു.എ യുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നതായും ലസാരിനി പറഞ്ഞു.