ഖബർസ്ഥാനുനേരെയും ബോംബിട്ട് ഇസ്രായേല്‍ ക്രൂരത; ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എസ്
ഗസ്സയിലേക്ക് സഹായവുമായി എത്തിയ വാഹനത്തിനുമേൽ ഇന്നലെയും ഇസ്രായേൽ ബോംബിട്ടു
ഗസ്സ സിറ്റി/ദുബൈ: ഗസ്സയിൽ ഇസ്രായേലിന്‍റെ ആക്രമണം 150 നാളുകൾ പിന്നിടുമ്പോള്‍ അടിയന്തര താൽക്കാലിക വെടിനിർത്തൽ അനിവാര്യമെന്ന് വ്യക്തമാക്കി അമേരിക്ക. ഗസ്സയിൽ സഹായം എത്തിക്കാൻ വിവിധ രാജ്യങ്ങളുമായി ചേർന്നുള്ള ഏകോപനത്തിന് മുന്നിട്ടിറങ്ങുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അതിനിടെ, ഗസ്സയില്‍ രക്തസാക്ഷികളെ അടക്കിയ ഖബർസ്ഥാനുനേരെയും ഇസ്രായേല്‍ ബോംബിട്ടതായി റിപ്പോര്‍ട്ടുണ്ട്. കെയ്റോയിലേക്ക് ചർച്ചയ്ക്കായി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് ഇസ്രായേൽ.
ഉപാധികൾക്ക് വിധേയമായുള്ള വെടിനിർത്തലിന് ഒരുക്കമാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ഏതാനും ഫലസ്തീൻ സ്ത്രീകൾക്കുനേരെ ഇസ്രായേല്‍സേന ലൈംഗികാതിക്രമം നടത്തിയതായി വിവരം ലഭിച്ചതായി യു.എൻ സംഘം വെളിപ്പെടുത്തിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലബനാൻ അധികൃതരും അറിയിച്ചു.
150 നാൾ നീണ്ട യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,500 കടന്നിരിക്കെ, ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. പട്ടിണിമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് യു.എൻ മുന്നറിയിപ്പ്. വടക്കൻ ഗസ്സയിലേക്ക് ഭക്ഷണ സഹായം ഉറപ്പാക്കാൻ ഇസ്രായേൽ വിസമ്മതിക്കെ, ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അതിജീവനം അസാധ്യമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്.
താൽക്കാലിക വെടിനിർത്തൽ ഒട്ടും വൈകരുതെന്നാണ് യു.എസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് ആവശ്യപ്പെട്ടത്. കടൽമാർഗം ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്ന് പദ്ധതിക്ക് രൂപംനൽകുമെന്നും അമേരിക്ക അറിയിച്ചു. ഇസ്രായേൽ മന്ത്രി ഗാൻറ്സുമായി നാളെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ നടത്തുന്ന ചർച്ചയിൽ ഗസ്സക്കുള്ള സഹായം പ്രധാന അജണ്ടയാകുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇസ്രായേലിനുള്ള സൈനിക സഹായവും ചർച്ചയാകും.
ഗസ്സയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങളിൽ കെയ്റോയിൽ നടക്കുന്ന ചർച്ചയിലേക്ക് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുകയാണ്. ബന്ദികളുടെ വിശദമായ പട്ടിക, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങൾ, ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രായേൽ ജയിലിൽനിന്ന് വിട്ടയക്കേണ്ട ഫലസ്തീനികളുടെ എണ്ണം എന്നീ കാര്യങ്ങളിൽ ഹമാസ് നയം വ്യക്തമാക്കണമെന്നാണ് ഇസ്രായേൽ ആവശ്യം. എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിൽ വരാതെ ബന്ദികളെ കുറിച്ചു പൂർണ വിവരങ്ങൾ അറിയുക എളുപ്പമല്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വെടിനിർത്തൽ ഇസ്രായേൽ ഭരണകൂടം അംഗീകരിച്ചുവെന്നാണ് അമേരിക്ക സൂചിപ്പിക്കുന്നത്.
അതിനിടെ, ഗസ്സയിൽ 24 മണിക്കൂറിനിടെ 124 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി. ആകെ മരണം 30,534 ആയി. 71,920 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ സ്ത്രീകളും കുട്ടികളും മുൻ തടവുകാരും ഉൾപ്പെടെ 55 പേരെക്കൂടി ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി. ഗസ്സയിലേക്ക് സഹായവുമായി എത്തിയ വാഹനത്തിനുമേൽ ഇന്നലെയും ഇസ്രായേൽ ബോംബിട്ടു. ഒരു കുട്ടികൂടി വിശന്നു മരിച്ചതോടെ ഒരാഴ്ചയ്ക്കിടെ മരിക്കുന്ന കുട്ടികളുടെ എണ്ണം 16 ആയി. ഗസ്സയിൽ പകർച്ചവ്യാധിയും പടരുകയാണ്.
ഗസ്സയിൽ കൊലപ്പെടുത്തിയവരെ കൂട്ടത്തോടെ ഖബറടക്കിയ താൽക്കാലിക ഖബർസ്ഥാനുനേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഖാന്‍ യൂനിസിലെ നാസിര്‍ ആശുപത്രിക്കു സമീപത്തുള്ള ഖബര്‍സ്ഥാനിലാണു സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഖബറുകൾ തകർന്ന് മൃതദേഹങ്ങൾ പരിസരങ്ങളിൽ ചിന്നിച്ചിതറി.
അതേസമയം, ലബനാൻ അതിർത്തിയിലും സംഘർഷം വ്യാപിക്കുകയാണ്. മൂന്ന് ആരോഗ്യപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനാൻ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഇസ്രായേലിലേക്കുള്ള കപ്പലുകൾക്കെതിരെ ആക്രമണം തുടരുമെന്ന് ഹൂതികള്‍ താക്കീത് നല്‍കിയിട്ടുണ്ട്.
Summary: Israel bombs cemetery containing hundreds of martyrs in Gaza as the US calls for immediate ceasefire