Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബെയ്റൂത്ത്: വ്യോമാക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ പിൻഗാമി ഹാഷിം സഫിയുദ്ദീനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. ഒക്ടോബർ നാലിന് നടത്തിയ ആക്രമണത്തിലാണ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രസ്താവനയിൽ അറിയിച്ചു.
ഒക്ടോബർ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടത്. ലെബനാന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദഹിയയിൽ നടത്തിയ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി.
സെപ്റ്റംബറിൽ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തലവനായ സഫിയുദ്ദീനെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കിയിരുന്നത്. എന്നാൽ സഫിയുദ്ദീനെ കൊലപ്പെടുത്തിയെന്ന ഇസ്രയേലിന്റെ അവകാശവാദത്തോട് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.