ഗസ്സയിൽ നൂറാം നാളിലും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; കൊല്ലപ്പെട്ടത് 23,843 പേർ
ഫലസ്തീൻ ജനതയോടുള്ള ഐക്യപ്പെടലിൽനിന്ന് തങ്ങളെ പിന്തിരിപ്പിക്കാനാകില്ലെന്ന് ഹൂതികൾ
ഒക്ടോബർ ഏഴിന് ശേഷം ഗസ്സക്കെതിരെ ഇസ്രായേൽ ആരംഭിച്ച ആക്രമണം നൂറാം നാളിലും തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തി നാലായിരത്തിലേക്ക് അടുക്കുകയാണ്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഉൾപ്പെടെ ആർക്കും ഗസ്സ യുദ്ധത്തിൽനിന്ന് തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.
അതിനിടെ ഹൂത്തി സൈനിക കേന്ദ്രങ്ങൾക്ക് നേരെ കൂടുതൽ ആക്രമണം നടത്താൻ അമേരിക്കയും ബ്രിട്ടനും നീങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. സംഘർഷം കനത്തതോടെ കൂടുതൽ കപ്പലുകൾ ചെങ്കടൽ വഴിയുള്ള യാത്ര ഉപേക്ഷിച്ചു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ 151 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 248 പേർക്ക് പരിക്കേറ്റു. ഗസ്സയിൽ മരണസംഖ്യ 23,843 ആയി. 60,317 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 7,000 പേരെ കാണാതായിട്ടുണ്ട്. ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെഎണ്ണം 117 ആയെന്ന് സർക്കാർ മാധ്യമ ഓഫിസ് അറിയിച്ചു.
സമ്പൂർണ വിജയം നേടും വരെ ഗസ്സ യുദ്ധം തുടരുമെന്നും ആർക്കും അതിൽ നിന്ന് ഇസ്രായേലിനെ തടയാനാകില്ലെന്നും നെതന്യാഹു വ്യക്തമാക്കുന്നു. വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളുടെ തിരിച്ചുവരവിന് അവസരം ഒരുക്കുമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻങ്കെന്റെ പ്രഖ്യാപനവും നെതന്യാഹു തള്ളി. യുദ്ധം നടക്കുമ്പോൾ ജനങ്ങളുടെ തിരിച്ചുവരവ് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
നൂറാം ദിവസവും സയണിസ്റ്റ് രാജ്യത്തിനെതിരെ പോരാളികൾ ശക്തമായ പ്രതിരോധം തുടരുന്നതായി ഹമാസ് നേതാവ് ഒസാമ ഹംദാൻ വ്യക്തമാക്കി. അധിനിവേശത്തിന് അന്ത്യം കുറിക്കാതെ ചെറുത്തനിൽപ്പ് അവസാനിക്കില്ലെന്നും ഹമാസ് വ്യക്തമാക്കുന്നു.
അതിനിടെ, യമനിൽ ഹൂതികൾക്കെതിരെ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണത്തെ ഇറാൻ ശക്തമായി അപലപിച്ചു. ചെങ്കടൽ മുഖേന ഇസ്രായേൽ കപ്പലുകളുടെ സുരക്ഷ ഒരുക്കാനാണ് വൻശക്തികളുടെ നീക്കമെന്നും ഇറാൻ കുറ്റപ്പെടുത്തി. യു.എസ്, ബ്രിട്ടൻ ആക്രമണമൊന്നും ഫലസ്തീൻ ജനതയോടുള്ള ഐക്യപ്പെടലിൽനിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് ഹൂതികൾ പ്രതികരിച്ചു.
ഗസ്സയിൽ അന്താരാഷ്ട്ര മാനുഷികനിയമങ്ങൾ പാലിക്കുന്നതിൽ ഇസ്രായേൽ തുടർച്ചയായി പരാജയപ്പെടുകയാണെന്ന് യു.എൻ മനുഷ്യാവകാശ ഏജൻസി കുറ്റപ്പെടുത്തി. ആക്രമണം നടത്തുമ്പോൾ മുൻകരുതൽ വേണമെന്ന അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേൽ ലംഘിക്കുകയാണെന്നും മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ ഹൈകമീഷണർ ഓഫിസ് വക്താവ് എലിസബത്ത് ത്രോസ്സെൽ പറഞ്ഞു.