ലബനാനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; ഇന്നലെ മാത്രം 88 മരണം

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂർ കൊല്ലപ്പെട്ടു

Update: 2024-09-27 01:46 GMT
Advertising

ബെയ്റൂത്ത്: 21 ദിവസം വെടിനിർത്തൽ എന്ന അമേരിക്കയുടെയും ഫ്രാൻസിന്‍റെയും നിർദേശം തള്ളിയ ഇസ്രായേൽ, ബെയ്​റൂത്ത്​ ഉൾപ്പെടെ ലബനാനിൽ ആക്രമണം ശക്​തമാക്കി. ആക്രമണങ്ങളിൽ ഇന്നലെ മാത്രം 88 പേർ മരിക്കുകയും 153 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. നിരവധി ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിർത്തലിനായി ന്യൂയോർക്കിൽ ഇന്ന്​ ചർച്ച നടക്കുമെന്ന്​ അമേരിക്ക പറഞ്ഞു.

ബെയ്റൂത്തിലെ അപ്പാർട്ട്മെന്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂറിനെ വധിച്ചു. സുറൂറിന്‍റെ രക്​തസാക്ഷിത്വം വെറുതെയാകില്ലെന്ന്​ ഹിസ്​ബുല്ല പ്രതികരിച്ചു. ഫുആദ്​ ഷുക്കൂർ, ഇബ്രാഹിം ആഖിൽ, ഇബ്രാഹിം ഖുബൈസി എന്നീ കമാൻഡർമാർക്കു പിന്നാലെയാണ്​ സുറൂറിനെയും ഇസ്രായേൽ കൊലപ്പെടുത്തുന്നത്​. തെക്കൻ ബെയ്റൂത്തിൽ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള അൽ മനാർ ടി.വി. സ്റ്റേഷനു നേരെയും ആക്രമണം നടന്നു.

21 നാൾ വെടിനിർത്തൽ എന്ന അമേരിക്ക-ഫ്രാൻസ്​ നിർദേശത്തോടും ഇസ്രായേൽ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വടക്കൻ അതിർത്തിപ്രദേശങ്ങളിൽ നിന്ന്​ മാറ്റിപ്പാർപ്പിച്ചവരെ തിരികെയെത്തിക്കുകയാണ്​ സൈനിക നടപടിയുടെ ലക്ഷ്യമെന്ന്​ ഇസ്രായേൽ വ്യക്​തമാക്കി. ഹിസ്​ബുല്ലക്കെതിരെ കൂടുതൽ ശക്​തമായ സൈനിക നടപടി തുടരാൻ നെതന്യാഹു സൈന്യത്തോട്​ ആവശ്യപ്പെട്ടു. വെടിനിർത്തലിനോട് ഹിസ്ബുല്ലയും പ്രതികരിച്ചിട്ടില്ല.

ഇസ്രായേലിന്‍റെ വിവിധ ഭാഗങ്ങളിൽ ഹിസ്​ബുല്ല മിസൈലുകൾ പതിച്ച്​ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി റി​പ്പോർട്ടുണ്ട്​. വടക്കൻ ഹൈഫയിലെ സൈനിക കേന്ദ്രത്തിന് നേരെയും മിസൈൽ ആക്രമണം നടന്നു. ആംബുലൻസുകൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ ഇസ്രായേൽ വ്യാപക ആക്രമണം നടത്തുന്നതായി ലബനാൻ ആരോഗ്യ മന്ത്രാലയം വ്യക്ത​മാക്കി.

40 ആരോഗ്യ പ്രവർത്തകരാണ്​ ഇതിനകം ലബനാനിൽ കൊല്ലപ്പെട്ടത്​. നാലുദിവസമായി തുടരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ലബനാനിന്റെ എല്ലാ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. ലബനാനിലേക്കും തെൽ അവീവിലേക്കുമുള്ള യാത്ര നിർത്തിവെക്കാൻ വിവിധ രാജ്യങ്ങൾ പൗരൻമാർക്ക്​ നിർദേശം നൽകി. പ്രധാന രാജ്യങ്ങൾ പലതും ലബനാനിൽ നിന്ന്​ തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കാനുള്ള നടപടിയും ഊർജിതമാക്കി. അതിനിടെ, ഗസ്സയിലും ആക്രമണം രൂക്ഷമാണ്​. ഇന്നലെ മാത്രം 37 പേരാണ്​ കൊല്ലപ്പെട്ടത്​.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News