വിമർശനം ദഹിച്ചില്ല; പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു
തന്റെ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് ഗാലന്റിനെ പുറത്താക്കിയ വിവരം നെതന്യാഹു നേരിട്ട് അറിയിച്ചത്
തെൽ അവീവ്: ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്താക്കി. ജഡ്ജിമാരെ നിയമിക്കുന്നതിനായി നിലവിലുള്ള സംവിധാനം മാറ്റാനുള്ള നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യമായി പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി. നെതന്യാഹുവിന്റെ തീവ്ര വലതുപാർട്ടിയായ ലിക്കുഡ് പാർട്ടി നേതാവും മുൻ സൈനിക ജനറലുമാണ് യോവ് ഗാലന്റ്. വിചിത്രമായ നീക്കത്തിനു പിന്നാലെ ഗാലന്റിന് പിന്തുണയുമായി ആയിരങ്ങൾ ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങി.
ജുഡീഷ്യൽ സംവിധാനം അടിമുടി പരിഷ്‌കരിക്കുന്നതിനായി നെതന്യാഹു പാസാക്കാനൊരുങ്ങുന്ന ബിൽ ഇസ്രായേലിൽ ഉടനീളം വൻ പ്രതിഷേധമാണ് നടക്കുന്നത്. ജഡ്ജിമാരെ നിയമിക്കാനും നീക്കം ചെയ്യാനും ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് അധികാരം നൽകുന്ന വിധത്തിലുള്ള നിയമനിർമാണമാണ് നെതന്യാഹു വിഭാവന ചെയ്യുന്നത്. സുപ്രീം കോടതിവിധിക്കെതിരെ പ്രവർത്തിക്കാൻ പാർലമെന്റിന് അധികാരം നൽകുന്ന വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. ഇത് ഇസ്രായേലിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുമെന്നും ഭരണകക്ഷിക്ക് അമിതാധികാരം നൽകുമെന്നുമാണ് വിമർശകർ പറയുന്നത്.
ബിൽ ദിവസങ്ങൾക്കുള്ളിൽ പാർലമെന്റിൽ വോട്ടിനിടാനിരിക്കെ, ഭരണകൂടത്തിന്റെ ഭാഗമായ പ്രതിരോധമന്ത്രി വിയോജിപ്പ് പരസ്യമായി പ്രതിഷേധിച്ചതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്.
വിവാദങ്ങൾക്കു കാരണമായ നിയമനിർമാണത്തിനെതിരെ ഇസ്രായേലിൽ നടക്കുന്ന പ്രതിഷേധങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ബില്ലിന്മേലുള്ള വോട്ടിങ് അടുത്ത മാസം നടക്കുന്ന സ്വാതന്ത്ര്യദിനം വരെ മാറ്റിവെക്കണമെന്നും ഒരു പരിപാടിയിൽ പ്രസംഗിക്കവെ യോവ് ഗാലന്റ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച നെതന്യാഹു ഗാലന്റിനെ തന്റെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചു വരുത്തുകയും പുറത്താക്കിയതായി അറിയിക്കുകയുമായിരുന്നു.
പ്രതിരോധം പോലെ നിർണായകമായ പദവിയിൽ ഇരിക്കുന്ന മന്ത്രിയെ പുറത്താക്കിയ നെതന്യാഹുവിന്റെ നടപടി രാഷ്ട്ര സുരക്ഷ ബലി കഴിക്കുന്നതാണെന്നും പ്രതിരോധ ഉദ്യോഗസ്ഥരുടെ വാക്കുകൾക്ക് ഒരു വിലയും കൊടുക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് യൈർ ലാപിഡ് പറഞ്ഞു.