ഗസ്സ തുരങ്കത്തിൽ കടൽവെള്ളം കയറ്റി വെള്ളപ്പൊക്കമുണ്ടാക്കാൻ ഇസ്രായേൽ; ഹമാസിനെ തോൽപ്പിക്കാനാകുമോ?

തുരങ്കത്തിൽ വെള്ളം കയറ്റുന്നത് ലാഭകരമായ നീക്കമായാണ് ഇസ്രായേൽ കാണുന്നത്

Update: 2023-12-05 10:05 GMT
Advertising

ജറുസലേം: സർവായുധ സജ്ജരായെത്തിയ ഇസ്രായേലി സൈന്യം ഗസ്സയിൽ ഹമാസ് തീർത്ത തുരങ്ക ശൃംഖലയ്ക്ക് മുമ്പിൽ പകച്ചുനിൽക്കുകയാണ്. ഹമാസിനെ മാത്രം ലക്ഷ്യമിടാനോ അവരുടെ നേതാക്കളെ ഇല്ലായ്മ ചെയ്യാനോ ഇസ്രായേലിന് കഴിയുന്നില്ല. പകരം സാധാരണക്കാരുടെ വീടുകളും ആശുപത്രികളുമൊക്കെ ആക്രമിക്കുകയാണ്. ഇതിന് കാരണം തുരങ്കങ്ങൾ ഉപയോഗപ്പെടുത്തി ഹമാസ് നടത്തുന്ന യുദ്ധതന്ത്രമാണ്. ബന്ദികളുമായി ഹമാസ് പോരാളികൾ തുരങ്കങ്ങളിലും ഇതര സുരക്ഷിത ഇടങ്ങളിലുമാണ് ഒളിച്ചിരിക്കുന്നതായാണ് കരുതപ്പെടുന്നത്. വെടിനിർത്തലിനു ശേഷം ഒരാഴ്ചയ്ക്കിടെ 105 ബന്ദികളെ ഹമാസ് വിട്ടയിച്ചിട്ടുണ്ട്. പകരം ഫലസ്തീൻ തടവുകാരെ ഇസ്രായേലും വെറുതെവിട്ടു. ഇതോടെ ഹമാസിനെ കീഴടക്കാനുള്ള വഴികൾ തേടുകയാണ് ഇസ്രായേൽ. ഇതിനായി ഗസ്സ മുനമ്പിലെ ഹമാസിന്റെ വിശാല തുരങ്ക ശൃംഖലയിൽ കടൽവെള്ളം നിറയ്ക്കാൻ ഇസ്രായേൽ സൈന്യം പദ്ധതിയിടുന്നതായാണ് വാർത്തകൾ. വെള്ളമടിച്ചു കയറ്റാനായി വലിയ പമ്പുകൾ ഒരുക്കിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലടക്കം റിപ്പോർട്ടുചെയ്തു. ഇതിലൂടെ തുരങ്കങ്ങൾ നശിപ്പിക്കാനും പോരാളികളെ അവരുടെ ഭൂഗർഭ അഭയകേന്ദ്രത്തിൽ നിന്ന് ഓടിക്കാനും കഴിയുമെന്നും ഗസ്സയുടെ ജലവിതരണത്തിന് ഭീഷണിയാകാനും കഴിയുന്ന തന്ത്രമാണിതെന്നും ഒരു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം പകുതിയോടെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന് ഏകദേശം ഒരു മൈൽ വടക്ക് അഞ്ച് വലിയ കടൽജല പമ്പുകൾ ഇസ്രായേൽ പ്രതിരോധ സേന സജ്ജീകരിച്ചിരുന്നു. പമ്പുകളിൽ ഓരോന്നിനും മെഡിറ്ററേനിയൻ കടലിൽ നിന്ന്, മണിക്കൂറിൽ ആയിരക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം തുരങ്കങ്ങളിലേക്ക് നീക്കാനും ആഴ്ചകൾക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടാക്കാനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ രീതിയിൽ വെള്ളം കയറ്റുന്നതിന്റെ സാധുതയും പാരിസ്ഥിതിക ഘടകങ്ങളും പരിശോധിക്കുന്നതായി കഴിഞ്ഞ മാസം ഇസ്രായേൽ യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരിൽ ചിലർ പദ്ധതിയെ എതിർത്തപ്പോൾ മറ്റു ചിലർ അനുകൂലിച്ചു. ഈ പദ്ധതി നടപ്പാക്കാൻ ആഴ്ചകളെടുക്കുന്നതിനാൽ ഹമാസ് പോരാളികൾ ബന്ദികളുമായി രക്ഷപ്പെടുമെന്നാണ് ചിലർ നിരീക്ഷിച്ചത്. പദ്ധതി നടപ്പാക്കാൻ എല്ലാ ബന്ദികളും തിരിച്ചുവരുന്നത് വരെ ഇസ്രായേൽ കാത്തുനിൽക്കുമോയെന്നും വ്യക്തമല്ല. പദ്ധതിയുടെ പ്രധാന പ്രശ്‌നമായി ഇസ്രായേൽ കാണുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. കടൽവെള്ളമെത്തുന്നത് പാതി ഉപ്പ് നിറഞ്ഞ ജലാശയങ്ങളെ വിഷമയമാക്കുമെന്നും ഉപരിതലം അസ്ഥിരമാക്കുമെന്നും അവർ നിരീക്ഷിക്കുന്നു.

തുരങ്കത്തിൽ വെള്ളം കയറ്റുന്നത് ആഗോളതലത്തിൽ വലിയ വിമർശനത്തിന് ഇടയാക്കുമെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ തുരങ്കങ്ങൾ സ്ഥിരമായി വാസയോഗ്യമല്ലാതാക്കാനുള്ള ചുരുക്കം ചില വഴികളിലൊന്നായാണ് അവർ കാണുന്നതെന്നും പറഞ്ഞു. 2015ൽ ഈജിപ്ത് ഹമാസ് തുരങ്കങ്ങളിലേക്ക് കടൽ വെള്ളം കയറ്റിയിരുന്നു. എന്നാലത് റഫയിലെ കർഷകരുടെ വിളകൾ നശിപ്പിച്ചെന്ന പരാതിയിലാണ് കലാശിച്ചത്.

തുരങ്കം കീഴടക്കാൻ സൈന്യങ്ങൾ സാധാരണ നായ്ക്കളെയും റോബോട്ടുകളെയുമാണ് ഉപയോഗിക്കുക. എന്നാൽ വെള്ളം കയറ്റുന്നത് ലാഭകരമായ നീക്കമായാണ് ഇസ്രായേൽ കാണുന്നത്. ഇതുവഴി പണവും മാനവ വിഭവശേഷിയും ലാഭിക്കാമെന്ന് അവർ കരുതുന്നു. എന്നാൽ വിഷയത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നാണ് യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് വാർത്തയിൽ പറഞ്ഞത്. 'വിവിധ സൈനിക സാങ്കേതിക വഴികളിലുടെ ഹമാസിന്റെ ശേഷി തകർക്കാൻ ഐഡിഎഫ് ശ്രമിക്കുന്നതായും' റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഹമാസ് ടണൽ; ഗസ്സ മെട്രോ

തുരങ്കങ്ങളുടെ അതിവിപുലമായ ശൃംഖല നിലവിലുള്ള സ്ഥലമാണ് ഗസ്സ. ഹമാസിന്റെ ഒളിയിടം. കരയാക്രമണത്തിൽ ഇസ്രായേലിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് ഇതാണ്. ഈ ടണലുകളെല്ലാം ഇസ്രായേലിന്റെ രഹസ്യ ഇന്റലിജൻസ് നെറ്റ്വർക്കിൽ നിന്ന് പുറത്താണ് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടു തന്നെ ഇതേക്കുറിച്ചുള്ള കൃത്യമായ ധാരണ ഇസ്രായേൽ സേനയ്ക്കില്ല. 20 മീറ്റർ താഴ്ചയിലാണ് ടണലുകളുള്ളത്. കോൺക്രീറ്റു കൊണ്ട് നിർമിച്ച ഇവയെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്. ദീർഘകാല വാസത്തിന് അനുയോജ്യവുമാണ്. ഹമാസ് കമാൻഡിങ് പോസ്റ്റുകൾക്കിടയിൽ മികച്ച രീതിയിലുള്ള ആശയവിനിമയവും ഇതുവഴി സാധ്യമാകുന്നുണ്ട്.

2021ൽ നൂറു കിലോമീറ്റർ വരുന്ന ഹമാസിന്റെ ടണൽ നെറ്റ്വർക്ക് തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ അഞ്ഞൂറു കിലോമീറ്റർ ദൈർഘ്യമുള്ള ടണലുകളിലെ അഞ്ചു ശതമാനം മാത്രമാണ് തകർക്കപ്പെട്ടത് എന്നാണ് ഹമാസ് നേതാവ് യഹ്യ സിൻവർ വിശദീകരിച്ചിരുന്നത്. (ഡൽഹി മെട്രോ 392 കിലോമീറ്റർ മാത്രമാണ് ഉള്ളത് എന്നതു കൂടി ഇതോട് ചേർത്തു വായിക്കണം). ഗസ്സയേക്കാൾ നാലു മടങ്ങ് വലിപ്പമുള്ള സ്ഥലമാണ് ഡൽഹി. ഗസ്സയിലെ അണ്ടർ ഗ്രൗണ്ട് നെറ്റ്വർക്ക് അത്ര വിപുലമാണ് എന്നർത്ഥം. 2007ൽ അധികാരമേറ്റെടുത്ത ശേഷം ഗസ്സയിലും ഇസ്രായേൽ അതിർത്തിയിലും ഹമാസ് ടണൽ നെറ്റ്വർക്ക് ശൃംഖല വിപുലപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പകരം ഇത്തരം നിർമാണങ്ങളിൽ ശ്രദ്ധ കൊടുത്തു എന്നതാണ് ഹമാസിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം. ഒക്ടോബർ ഏഴിന്, അടുത്ത കാലത്ത് ഇസ്രായേൽ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിലും ടണൽ നെറ്റ്വർക്ക് ഹമാസ് ഉപയോഗിച്ചിട്ടുണ്ട്. അതിർത്തി കടക്കാൻ ഹമാസ് ക്രോസ് ബോർഡർ ടണൽ ഉപയോഗിച്ചു എന്നാണ് ഇസ്രായേൽ കരുതുന്നത്.

ഒക്‌ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 6600 കുട്ടികളടക്കം 15000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ നിർത്തിയതോടെ ഇസ്രായേൽ ആക്രമണം തുടരുകയുമാണ്.

Israel Defense Forces to fill Gaza tunnel with seawater; Can Hamas be defeated?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News