'ദരിദ്രർക്ക് ഭക്ഷണം നൽകൂ, നന്നായി സംസാരിക്കൂ'; ഗസ്സയിൽ ലഘുലേഖയെറിഞ്ഞ് ഇസ്രായേലിന്റെ മാനസിക പീഡനം

ഗസ്സയിൽ കുറഞ്ഞത് 500,000 ആളുകളെങ്കിലും ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യുഎൻ ഓഫീസിന്റെ കണക്കുകൾ

Update: 2024-03-08 16:47 GMT
Advertising

ഗസ്സ സിറ്റി:ഭക്ഷണവും വെള്ളവുമില്ലാതെ പൊറുതി മുട്ടുന്ന ഗസ്സയിലെ ജനങ്ങളോട് ദരിദ്രർക്ക് ഭക്ഷണം നൽകാനും നന്നായി സംസാരിക്കാനും ആവശ്യപ്പെട്ട് ഇസ്രായേൽ ലഘുലേഖാ വിതരണം. മുസ്‌ലിംകളുടെ പുണ്യമാസമായ റമദാന് മുന്നോടിയായാണ് ഇസ്രായേൽ ലഘുലേഖകൾ എയർഡ്രോപ്പ് ചെയ്തത്. എന്നാൽ ഇത് 'മാനസിക പീഡന'മാണെന്നാണ് ഫലസ്തീനികൾ വിമർശിക്കുന്നത്.

ഭക്ഷണത്തിനും വെള്ളത്തിനും മേലുള്ള ഇസ്രായേൽ ഉപരോധം കാരണം പ്രദേശത്തെ ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാണ്. പലരുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിൽ 'ദരിദ്രർക്ക് ഭക്ഷണം നൽകാനും ദയയോടെ സംസാരിക്കാനു'മാണ് ലഘുലേഖകൾ ആവശ്യപ്പെടുന്നത്. അറബിയിലുള്ള ലഘുലേഖയിൽ റമദാൻ അലങ്കാരങ്ങളായി ഉപയോഗിക്കുന്ന വിളക്കുകളുടെ ചിത്രങ്ങളുണ്ട്.

'നോമ്പുകൾ സ്വീകരിക്കപ്പെടുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യട്ടെ, സ്വാദിഷ്ടമായ നോമ്പ് തുറയുണ്ടാകട്ടെ' എന്ന പ്രാർത്ഥനയും ഫലസ്തീനികൾക്ക് വേണ്ടിയുള്ള ലഘുലേഖയിലുണ്ട്. സത്യസന്ധമായ വിമോചനം, ഗസ്സ നിവാസികൾക്ക് പുതിയ വിമോചനം എന്നിങ്ങനെയുള്ള അറബി വാക്കുകളും 'സ്റ്റാർ ഓഫ് ഡേവിഡ്' എന്നറിയപ്പെടുന്ന ഇസ്രായേൽ ചിഹ്നവും ലഘുലേഖയിലുണ്ട്.

പത്രപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ലഘുലേഖയെ അപലപിക്കുകയും ഇസ്രായേൽ ഇല്ലെങ്കിൽ ഗസ്സയിൽ പട്ടിണി വ്യാപകമാകില്ലെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. മനുഷ്യാവകാശ അഭിഭാഷകനായ മെയ് എൽ-സദനി ഈ നീക്കത്തെ 'ആഴത്തിലുള്ള അധഃപതനം' എന്ന് വിശേഷിപ്പിച്ചു. 'ഫലസ്തീൻ ജനതയുടെ പട്ടിണിക്ക് ഇസ്രായേലാണ് ഉത്തരവാദിയെന്നും കുറ്റപ്പെടുത്തി. ലഘുലേഖയെ 'മാനസിക പീഡനം' എന്നാണ് ഫലസ്തീൻ പത്രപ്രവർത്തകൻ ഹെബ് ജമാൽ വിളിച്ചത്.

'ആവശ്യമുള്ളവർക്ക് ഭക്ഷണം കൊടുക്കണോ? ഗസ്സ മുഴുവൻ? ഇസ്രായേൽ ഭക്ഷണ വിതരണം തടഞ്ഞതിനാൽ അവർക്ക് അത് ചെയ്യാൻ കഴിയില്ല?' മറ്റൊരാൾ പ്രതികരിച്ചു.

സിയോണിസം മാനവികതക്ക് ബാധിച്ച അർബുദമാണെന്ന് ലഘുലേഖ പങ്കുവെച്ച എക്‌സ് ഉപഭോക്താവ് കുറിച്ചു.

ഗസ്സ പട്ടിണിയിൽ പൊറുതിമുട്ടവേ അടുത്തയാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. യുഎൻ കണക്കനുസരിച്ച് ഗസ്സയിലെ രണ്ട് ദശലക്ഷത്തോളം ഫലസ്തീനികൾ പലായനം ചെയ്തു കഴിഞ്ഞിട്ടുണ്ട്. പലായനം ചെയ്തവർ ക്യാമ്പുകളിലും സ്‌കൂളുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമാണ് അഭയം തേടിയിരിക്കുന്നത്.

ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ 30,000 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയും 70,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ മാസം തുടങ്ങാനിരിക്കെ ഗസ്സ നിവാസികളുടെ ആശങ്കക്ക് അറുതിയില്ല. ഗസ്സ പട്ടിണിയുടെ വക്കിലാണെന്നാണ് ഫെബ്രുവരി അവസാനത്തോടെ യുഎൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) തലവൻ മുന്നറിയിപ്പ് നൽകിയത്. 'വടക്കൻ ഗസ്സയിലേക്ക് ഭക്ഷണ സഹായം എത്തിക്കാൻ യുഎൻആർഡബ്ല്യുഎക്ക് അവസാനമായി സാധിച്ചത് ജനുവരി 23 നാണ്' ഫിലിപ്പ് ലസാരിനി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

ഏകദേശം 2.3 ദശലക്ഷം ജനങ്ങളുള്ള ഗസ്സയിലെ കുറഞ്ഞത് 500,000 ആളുകളെങ്കിലും ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനുള്ള യുഎൻ ഓഫീസിന്റെ കണക്കുകൾ കാണിക്കുന്നത്. ഒക്ടോബർ ഏഴിന് ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം നിർജ്ജലീകരണവും പോഷകാഹാരക്കുറവും കാരണം കുറഞ്ഞത് 20 പേരെങ്കിലും മരിച്ചിട്ടുണ്ട്. ഗസ്സ മുനമ്പിലേക്കുള്ള ഭക്ഷണവും സഹായവും വൈദ്യുതിയും ഇന്ധനവും നിർത്തലാക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെത്തുടർന്നാണ് ഈ ദുരന്തം.

ഇതാദ്യമായല്ല റമദാനിന് മുന്നോടിയായി ഇസ്രായേൽ ഗസ്സയിൽ ലഘുലേഖകൾ പതിക്കുന്നത്. 2018 ജൂണിൽ, ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ പ്രതിഷേധങ്ങൾക്കിടയിൽ ഇസ്രായേൽ സൈന്യം പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ച് ലഘുലേഖകളിട്ടിരുന്നു.

'ഗസ്സ മുനമ്പിലെ നിവാസികൾ! ആശംസകൾ, റമദാൻ നിങ്ങൾക്ക് അനുഗ്രഹങ്ങൾ നൽകട്ടെ' കുറഞ്ഞത് 223 പലസ്തീനികൾ കൊല്ലപ്പെട്ട സമയത്ത് എറിഞ്ഞ ലഘുലേഖകളിൽ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News