ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ; ​​ഗസ്സയിൽ 24 മണിക്കൂറിനിടെ 55 പേർ കൊല്ലപ്പെട്ടു

ഇറാനെതിരെ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്

Update: 2024-10-16 02:00 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തെല്‍ അവിവ്: ​ഗസ്സയിലും ലെബനാനിലും ​ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ. ഗസ്സയിലേക്ക്​ മാനുഷിക സഹായം ലഭ്യമാക്കാൻ ഇസ്രായേലിന്​ ഒരു മാസത്തെ സാവകാശമാണ് അമേരിക്ക നൽകിയിരിക്കുന്നത്. എന്നാൽ ഇറാനെതിരെ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്​ പറഞ്ഞു. അടുത്ത മാസം നടക്കുന്ന പ്രതിരോധ പ്രദർശനത്തിൽ നിന്ന്​ ഫ്രാൻസ് ഇസ്രായേലിനെ വിലക്കിയിരുന്നു.

24 മണിക്കൂറിനിടെ 55 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. കിഴക്കൻ ഖാൻ യൂനുസിലെ ബനീ സുഹൈലയിൽ ഒരു കുടുംബത്തിലെ 10 പേരെയും മറ്റൊരു കുടുംബത്തിലെ ആറുപേരെയും ബോംബിട്ട് കൊലപ്പെടുത്തി. ആഴ്ചകളായി ഇസ്രായേൽ ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിൽ ജബാലിയ അഭയാർഥി ക്യാമ്പിന്റെ ഭാഗമായ അൽഫലൂജയിൽ 17 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

വടക്കൻ ഗസ്സയെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ സംവിധാനങ്ങളും ഇസ്രായേൽ വിച്ഛേദിച്ചു.​ ഫലസ്തീനികളെ അക്ഷരാർഥത്തിൽ കൊന്നുതള്ളുകയാണന്ന്​ റെഡ് ക്രോസ് ഗസ്സ മേധാവി അഡ്രിയൻ സിമ്മർമാൻ പറഞ്ഞു. പ്രദേശത്തെ ആശുപത്രികളുടെ പ്രവർത്തനം ഇസ്രായേൽ തടഞ്ഞതും ദുരന്തത്തിന്​ ആക്കം കൂട്ടിയിട്ടുണ്ട്​. ഒരു മാസത്തിനകം വടക്കൻ ഗസ്സയിൽ ആവശ്യത്തിന്​ സഹായം ഉറപ്പാക്കാൻ ഇസ്രായേൽ തയാറാകണമെന്ന്​ അമേരിക്ക ആവശ്യപ്പെട്ടു.

ലബനാനിലും ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണ്. കരയുദ്ധം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ സൈനികരെ ഇസ്രായേൽ വിന്യസിച്ചു.എന്നാൽ ശക്​തമായ ചെറുത്തുനിൽപിലൂടെ ​നിരവധി സൈനിക വാഹനങ്ങൾ തകർത്തതായി ഹിസ്​ബുല്ല വ്യക്തമാക്കി. പുതുതായി 20ഓളം മേഖലകളിൽനിന്ന് ഒഴിഞ്ഞു പോകണം എന്നാണ്​ ഇ​സ്രായേലിന്‍റെ മുന്നറിയിപ്പ്​.

അമേരിക്കയുടെ നവീന മിസൈൽ പ്രതിരോധ സംവിധാനവും സൈനികരും എത്താനിരിക്കെ, ഇറാനെതിരായ ​ആക്രമണം ആസന്നമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാനിൽ ആക്രമണം നടത്തേണ്ട കേന്ദ്രങ്ങളുടെ പട്ടിക സൈന്യം നെതന്യാഹുവിന്​ കൈമാറിയെന്നും ഇസ്രായേൽ ചാനൽ റിപ്പോർട്ട്​ ചെയ്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News