ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; 28 പേർ കൊല്ലപ്പെട്ടു
സമീപ ദിവസങ്ങളിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് മധ്യ ഗസ്സയിൽ നടക്കുന്നത്
ബെയ്റൂത്ത്: ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഗസ്സയിലെ ദേർ അൽ ബലാഗിൽ അഭായർഥി കാമ്പായി പ്രവർത്തിച്ച സ്കൂളിലാണ് സൈന്യം കൂട്ടക്കൊല നടത്തിയത്. ഗസ്സയിലെ ദേർ അൽ ബലാഗിലെ അഭയാർഥി ക്യാമ്പിൽ സ്ത്രീകളും കുട്ടികളും ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഇസ്രായേൽ സൈന്യം ബോംബാക്രമണത്തിലൂടെ കൂട്ടക്കൊല നടത്തിയത്. 28 പേർ മരിച്ചു. 54 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപ ദിവസങ്ങളിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് മധ്യ ഗസ്സയിൽ നടക്കുന്നത്.
ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ നാല് പേരും ജബാലിയയിൽ മൂന്ന് പേരും മരിച്ചു. ജബാലിയയിൽ ഇസ്രായേൽ സേനക്കു നേരെ ഹമാസും പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇവിടെ സൈനിക വ്യൂഹത്തിന് നേരെയാണ് ഹമാസ് ആക്രമണം നടത്തിയത്. 12 സൈനിക വാഹനങ്ങളും സൈനികർ സഞ്ചരിച്ച ഒരു ട്രക്കും തകർത്തതായി ഹമാസ് അവകാശപ്പെട്ടു. ലബനാനിൽ ഇന്നും ഇസ്രായേൽ സൈന്യം യു എൻ സമാധാന പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തി.
തെക്കൻ ലബനാനിലെ റാസ് നഖൂറയിൽ യുഎൻഐഎഫ്ഐഎൽ പ്രവർത്തകരുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ലബാനിൽ നിന്ന് ഇസ്രായേലിലേക്ക് ഹിസ്ബുല്ല ഇന്നു റോക്കറ്റാക്രമണം നടത്തി.