ഖാൻ യൂനുസിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടം ഒരുക്കി

ഗസ്സ യുദ്ധത്തിന്​ അറുതി വരുത്താൻ അഞ്ചിന നിർദേശങ്ങൾ മുന്നോട്ടുവെച്ച്​ ബ്രിട്ടൻ

Update: 2024-01-28 00:58 GMT
Advertising

ഗസ്സയിലെ ഖാൻ യൂനുസിൽ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടം ഒരുക്കി നൂറുകണക്കിന്​ മൃതദേഹങ്ങൾ സംസ്​കരിച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു.

ഇസ്രായേൽ ആക്രമണത്തിൽ ആശുപത്രിക്കു മുകളലെ ജലസംഭരണി തകർന്നു. അത്യന്തം ഗുരുതര സാഹചര്യമാണുള്ളതെന്ന്​ ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

അന്താരാഷ്​ട്ര കോടതി ഉൾപ്പെടെ ആർക്കും ഇസ്രായേലിനെ യുദ്ധത്തിൽനിന്ന്​ പിന്തിരിപ്പിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി യി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തുവന്നു. സമ്പൂർണ വിജയത്തിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ഹമാസി​ന്റെയും ഖത്തറി​െൻറയും സമ്മർദത്തെ ഗൗരവത്തിലെടുക്കുന്നില്ലെന്നും നെതന്യാഹു വ്യക്​തമാക്കി.

ഖത്തറിനെ കുറിച്ച്​ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും എന്നാൽ ഈജിപ്​തുമായി നല്ല ബന്​ധമാണുള്ളതെന്നും നെതന്യാഹു പ്രതികരിച്ചു. അന്താരാഷ്​ട്ര കോടതിയുടെ ഇടക്കാല വിധിയുടെ തുടർച്ചയെന്ന നിലക്ക്​ ബുധനാഴ്​ച യു.എൻ രക്ഷാസമിതി യോഗം ചേരാനിരിക്കെയാണ്​ നെതന്യാഹുവി​ന്റെ പ്രഖ്യാപനം.

അതേസമയം, നെതന്യാഹു സർക്കാറിനെ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പ്​ നടത്തണം എന്നാവശ്യപ്പെട്ട്​ തെൽ അവീവിൽ നടന്ന റാലി സുരക്ഷാവിഭാഗം തടഞ്ഞു. നൂറുകണക്കിന്​ പ്രക്ഷോഭകരെ അറസ്​റ്റ്​ ചെയ്​തു. ബന്ദികളുടെ ബന്​ധുക്കളുടെ പ്രക്ഷോഭവും തുടരുകയാണ്​. നെതന്യാഹുവിന്റെ മകൻ ബന്ദിയായിരുന്നെങ്കിൽ ഇതായിരിക്കുമോ സമീപനമെന്ന്​ രോഷാകുലരായ ബന്​ധുക്കൾ ചോദിച്ചു.

പിന്നിട്ട 24 മണിക്കൂറിനിടെ 174 ഫലസ്തീനികൾ കൊല്ലപ്പെടുകയും 310 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഗസ്സയിലെ ആകെ മരണസംഖ്യ 26,257 ആയി. പരിക്കേറ്റവരുടെ എണ്ണം 64,797 ആണ്.

യു.എൻ അഭയാർഥി ഏജൻസിയുടെ പ്രവർത്തനം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ ഉന്നയിച്ച ആരോപണം ഏറ്റുപിടിച്ചിരിക്കുകയാണ്​​ അമേരിക്ക ഉൾപ്പെടെ ആറ് രാജ്യങ്ങൾ. യുനർവക്ക്​ ഇനി ഫണ്ട്​ നൽകില്ലെന്ന്​ അമേരിക്ക, ബ്രിട്ടൻ, കനഡ, ഇറ്റലി, ജർമനി, ഫിൻലൻഡ് എന്നീ​ രാജ്യങ്ങൾ അറിയിച്ചു.

ഒക്​ടോബർ ഏഴിൻറ ആക്രണത്തിൽ ചില യു.എൻ ഏജൻസി ജീവനക്കാരും ഹമാസിനൊപ്പം ചേർന്നു എന്നായിരുന്നു ഇസ്രായേൽ ആരോപണം. ഫണ്ട്​ നിഷേധിച്ച നടപടി ആപൽക്കരമെന്ന്​ യു.എൻ ഏജൻസി ഉദ്യോഗസ്​ഥർ പ്രതികരിച്ചു.

ഗസ്സ യുദ്ധത്തിന്​ അറുതി വരുത്താൻ അഞ്ചിന നിർദേശങ്ങൾ മുന്നോട്ടുവെച്ച്​ ബ്രിട്ടൻ. ഹമാസ്​ നേതാക്കളെ ഗസ്സയിൽ നിന്ന്​ പുറന്തള്ളുന്നതുൾപ്പെടെയുള്ള നിർദേശം ഇസ്രായേൽ,ഫലസ്​തീൻ നേതാക്കളുമായി ചർച്ച ചെയ്യുമെന്ന്​ ബ്രിട്ടൻ അറിയിച്ചു.​

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News