ഗസ്സയിലും ലബനാനിലും ആക്രമണം ശക്തമാക്കി ഇസ്രായേൽ; ഇസ്രായേലിനു നേർക്ക് കൂടുതൽ ആക്രമണം നടത്തുമെന്ന് ഹിസ്ബുല്ല
വടക്കൻ ഇസ്രായേലിലെ ഹൈഫയിലും ഗലീലിയിലും ഹിസ്ബുല്ലയുടെ കനത്ത റോക്കറ്റാക്രമണം നടന്നു
ദുബൈ: ഗസ്സയിലും ബെയ്റൂത്ത് ഉൾപ്പെടെ ലബനാൻ പ്രദേശങ്ങളിലും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. ബെയ്റൂത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ സുഹൈൽ ഹുസൈനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
സിറിയൻ തലസ്ഥാനമായ ദമസ്കസിനു നേരെ നടന്ന ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ഇവരിൽ ഇറാനികൾ ആരും തന്നെയില്ലെന്ന് സിറിയയിലെ അമേരിക്കൻ അംബാസഡർ വ്യക്തമാക്കി. വടക്കൻ ഇസ്രായേലിലെ ഹൈഫയിലും ഗലീലിയിലും ഹിസ്ബുല്ലയുടെ കനത്ത റോക്കറ്റാക്രമണം നടന്നു. 12 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
ഇസ്രായേലിനു നേർക്ക് കൂടുതൽ ആക്രമണം നടത്തുമെന്നും വടക്കൻ ഇസ്രായേലിൽനിന്ന് കൂടുതൽ പേർ ഒഴിഞ്ഞുപോകാൻ നിർബന്ധിതരാകുമെന്നും ഹിസ്ബുല്ല നേതാവ് നഈം ഖാസിം പറഞ്ഞു. അതിനിടെ, ലബനാന് ശക്തമായ മുന്നറിയിപ്പുമായി നെതന്യാഹു പുതിയ വീഡിയോ സന്ദേശം പുറത്തുവിട്ടു.
ഹിസ്ബുല്ലയെ കൈവെടിഞ്ഞില്ലെങ്കിൽ ഗസ്സയുടെ അതേ ദുരന്തം തന്നെയാകും ലബനാനെയും കാത്തിരിക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. ഹസൻ നസ്റുല്ലയെ മാത്രമല്ല പിൻഗാമി ഹാഷിം സൊഫ്യുദ്ദീനെയും വധിച്ചതായി വെളിപ്പെടുത്തിയ നെതന്യാഹു, ഹിസ്ബുല്ലയെ ഇല്ലായ്മ ചെയ്യുമെന്നും വ്യക്തമാക്കി.
ഇറാനെതിരായ പ്രത്യാക്രമണ സ്വഭാവം സംബദ്ധിച്ച് നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ സമിതി വിലയിരുത്തി. എന്നാൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിന്‍റെ അമേരിക്കൻ സന്ദർശനം നെതന്യാഹു ഇടപെട്ട് തടഞ്ഞു. ഇതോടെ ഇറാനെതിരായ നീക്കം സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ഇന്ന് അമേരിക്കയിൽ നടക്കേണ്ട ചർച്ച മാറ്റി. താനും യുഎസ് പ്രസിഡന്‍റ് ബൈഡനുമായാണ് ചർച്ച നടത്തേണ്ടതെന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് നേരെ ഇസ്രായേൽ സേന ആക്രമണം നടത്തി. മുഴുവൻ രോഗികളെയും മാറ്റണമെന്ന താക്കീത് നൽകി അധികം കഴിയും മുമ്പായിരുന്നു ആക്രമണം. മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ബോംബിങ്ങിൽ 17 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ, ഗസ്സയിൽ 56 പേരാണ് ഇസ്രായേൽ കുരുതിക്കിരയായത്. മേഖലായുദ്ധം ഒഴിവാക്കാൻ സാധ്യമായ എല്ലാ ശ്രമവും തുടരുന്നതായി അമേരിക്ക സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്ക് ഉറപ്പു നൽകി.