ഇറാനെതിരായ പ്രത്യാക്രമണ നീക്കം പെട്ടന്ന് വേണ്ട; നിലപാടുമായി ഇസ്രായേല്‍
ജൂതവിഭാഗത്തിന്റെ മതപരമായ ആഘോഷ പരിപാടികളും പ്രത്യാക്രമണം നീട്ടിവെക്കാന്‍ കാരണമാണ്
തെല്‍അവീവ്: ഇറാനെതിരായ പ്രത്യാക്രമണ നീക്കം പെട്ടന്ന് വേണ്ടതില്ലെന്ന നിലപാടുമായി ഇസ്രായേല്‍. നയതന്ത്രനീക്കങ്ങളിലൂടെ ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്തി മാത്രം പ്രത്യാക്രമണം എന്ന നിലപാടിലേക്ക് ഇസ്രായേല്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂതവിഭാഗത്തിന്റെ മതപരമായ ആഘോഷ പരിപാടികളും പ്രത്യാക്രമണം നീട്ടിവെക്കാന്‍ കാരണമാണ്. ഈ മാസാവസാനം വരെ പ്രത്യാക്രമണത്തിന് സാധ്യതയില്ലെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളും വ്യക്തമാക്കുന്നത്. രാത്രി ചേരേണ്ട യുദ്ധകാര്യ മന്ത്രിസഭാ യോഗം മാറ്റി വെക്കാന്‍ നെതന്യാഹു തീരുമാനിക്കുകയായിരുന്നു.
നിലവിലെ സന്ദര്‍ഭം മുതലെടുത്ത് റഫക്കു നേരെയുള്ള കരായാക്രമണത്തിന ഇസ്രായേല്‍ ഊര്‍ജിത നീക്കം ആരംഭിച്ചിരിക്കുകയാണ്. അധികം വൈകാതെ റഫയില്‍ നിന്ന് ഹമാസിനെ തുരത്തുമെന്ന് നെതന്യാഹു പറഞ്ഞു. വടക്കന്‍ ഗസ്സയിലേക്ക് ഫലസ്തീനികളെ മാറ്റിയാകും റഫ ആക്രമണമെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. റഫ ആക്രമണത്തില്‍ നേരത്തെയുള്ള നിലപാട് തന്നെയാണ് അമേരിക്കയുടേതെന്ന് യു.എസ് സ്‌റ്റേറ്റ് വകുപ്പ് അറിയിച്ചു. ഇസ്രായേല്‍ നേതാക്കളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും സ്‌റ്റേറ്റ് വകുപ്പ് പറഞ്ഞു.
ഇറാന്റെ ഡ്രോണ്‍, മിസൈല്‍ പദ്ധതികള്‍ക്കും ഇസ്‌ലാമിക് റവലൂഷനറി ഗാര്‍ഡിനും എതിരെ അമേരിക്കയും ബ്രിട്ടനും ഉപരോധം വ്യാപിപ്പിച്ചു. ഇറാനെതിരെ സ്വീകരിച്ച നടപടികള്‍ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ഔദ്യോഗികമായി ഇസ്രായേലിനെ അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ജി. 7, യൂറോപ്യന്‍ യൂനിയന്‍ കൂട്ടായ്മകളുടെ ഉപരോധ പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് പുതുതായി പതിനായിരക്കണക്കിന് മിസൈലുകള്‍ അമേരിക്ക കൈമാറിയതായി ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ ലബനാനില്‍ നിന്ന് ഇന്നലെയും നിരവധി മിസൈലുകള്‍ ഇസ്രായേല്‍ പ്രദേശങ്ങളില്‍ പതിച്ചു. ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ മിസൈല്‍ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹിസ്ബുല്ല പറഞ്ഞു. യു.എന്നില്‍ ഫലസ്തീന് സ്ഥിരാംഗത്വം നല്‍കണമെന്ന അപേക്ഷ ഇന്ന് രക്ഷാസമിതി വോട്ടിനിടും. നീക്കത്തെ തങ്ങള്‍ എതിര്‍ക്കുമെന്ന് അമേരിക്ക അറിയിച്ചു. ഒരു ഭീകരരാഷ്ട്രത്തിന് അംഗീകാരം നല്‍കരുതെന്ന് രക്ഷാസമിതിയില്‍ ഇസ്രായേല്‍ ഉന്നയിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഉടന്‍ യാഥാര്‍ഥ്യമാകണമെന്ന് ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യക്തമാക്കി. ഖത്തറിന്റെ മധ്യസ്ഥറോളിന് മറ്റൊരു ബദല്‍ വേറെയില്ലെന്നും എന്നാല്‍ തീരുമാനം കൈക്കൊള്ളേണ്ടത് ദോഹ തന്നെയാണെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് വകുപ്പ് പ്രതികരിച്ചു. അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, നെതന്യാഹു ജര്‍മനി ഉള്‍പ്പെടെ രാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തു.
അതേസമയം, യുഎന്നില്‍ ഫലസ്തീന് സ്ഥിരാംഗത്വത്തം നല്‍കുന്ന പ്രമേയം യുഎസ് വീണ്ടും വീറ്റോ ചെയ്തു. സുരക്ഷാ കൗണ്‍സിലിലെ അമേരിക്കയുടെ നടപടിയെ ഫലസ്തീന്‍ വിമര്‍ശിച്ചു. അന്യായവും നീതികരിക്കാനാവാത്തതുമായ നടപടിയെന്നും ഫലസ്തീന്‍ പറഞ്ഞു. എന്നാല്‍ വീറ്റോ ഇസ്രായേല്‍ നടപടിയെ സ്വാഗതം ചെയ്തു. ലജ്ജാകരമായ നിര്‍ദേശം തള്ളിയ അമേരിക്കയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് ഇസ്രായേല്‍ വിദേശ കാര്യ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സ് പറഞ്ഞു.