ആംബുലൻസുകൾക്കെതിരെയും ഇസ്രായേൽ മിസൈലാക്രമണം; ഇരുപതോളം രോഗികൾ കൊല്ലപ്പെട്ടു

ആക്രമണം ഗുരുതര രോഗികളെ ഈജിപ്തിലേക്ക് കൊണ്ടുപോകും വഴി

Update: 2023-11-03 17:17 GMT
Advertising

ഗസ്സ സിറ്റിയിൽ വ്യോമ മാർഗവും കരമാർഗവും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. അൽ ശിഫ ആശുപത്രിക്കു മുന്നിലെ ആംബുലൻസുകൾക്ക് മേൽ ഇസ്രായേൽ മിസൈലാക്രമണം നടത്തി. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയുടെ കോമ്പൗണ്ടിലെ ആംബുലൻസുകളിലാണ് ഇസ്രായേൽ മിസൈൽ വർഷിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ റഫാ അതിർത്തി വഴി വിദഗ്ധ ചികിത്സക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുംവഴിയാണ് ആക്രമണം. സംഭവത്തിൽ ഇരുപതോളം ഗുരുതര രോഗികൾ തൽക്ഷണം മരിച്ചു. ഇന്തോനേഷ്യൻ ആശുപത്രിക്കു നേരെയും ഇസ്രായേൽ ആക്രമണം നടത്തി.

കഴിഞ്ഞ 24 മണിക്കൂറായി ഗസ്സ സിറ്റിയിലാകെ കനത്ത ബോംബാക്രമണം തുടരുകയാണ്. ഗസ്സ സിറ്റി ഒരു പ്രേതനഗരം പോലെയായാരിക്കുകയാണ്. ഒരാളും പുറത്തിറങ്ങുന്നില്ല. എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ ഓഫീസുകൾക്ക് പോലും കേടുപാടുകൾ പറ്റി. നിരവധിപേർ കൊല്ലപ്പെട്ടു.

ഗസ്സ സിറ്റിക്കു ചുറ്റും ഇസ്രായേൽ കരസേന വളഞ്ഞിട്ടുണ്ട്. ഏതുനിമിഷവും ഗസ്സക്കുള്ളിലേക്ക് കടക്കാനുള്ള തയ്യാറെയുപ്പിലാണവർ. ഹമാസിന്റെ പ്രതിരോധവും ശക്തമാണ്. അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു.

അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ടെൽഅവീവിലെത്തി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ഗസ്സയിലെ സാധാരണക്കാരുടെ മരണം കുറക്കുന്നതിനായി താത്ക്കാലിത വെടിനിർത്തൽ വേണമെന്ന് ബ്ലിങ്കൺ പറഞ്ഞു. പക്ഷേ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുംവരെ ഹമാസുമായി താത്ക്കാലിക വെടിനിർത്തൽ ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു.

അതേസമയം, യുദ്ധത്തിന്റെ ഏത് സാധ്യതയും ഉപയോഗിക്കുമെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കണമെന്നും ഗസ്സയിലെ ആക്രമണത്തിനനുസരിച്ചായിരിക്കും ഹിസ്ബുല്ലയുടെ ഇടപെടലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പടക്കപ്പലുകളെ ഭയപ്പെടുന്നില്ലെന്നും ഹസൻ നസ്‌റുല്ല പറഞ്ഞു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ അറബ്-മുസ്ലിം രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇസ്രായേലിന് ഇന്ധനം നൽകുന്നത് അവസാനിപ്പിക്കണമെന്നും ഹസൻ നസ്‌റുല്ല ആവശ്യപ്പെട്ടു.

Israel launched a missile attack on ambulances in front of Al Shifa hospital.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News