കൊണ്ടുവന്ന പേപ്പര്‍ കാണാതെ കുഴങ്ങി; അന്താരാഷ്ട്ര കോടതിയില്‍ തപ്പിത്തടഞ്ഞ് ഇസ്രായേല്‍ അഭിഭാഷകന്‍
ബ്രിട്ടനിലെ ലെസ്റ്റർ സർവകലാശാലയിൽ അന്താരാഷ്ട്ര നിയമ വിഭാഗം പ്രൊഫസർ കൂടിയായ ഷാ വംശഹത്യാ ഹരജി കൊണ്ടുവന്ന ദക്ഷിണാഫ്രിക്കയെ കടന്നാക്രമിക്കുകയാണു ചെയ്തത്
ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ ഹരജിയിൽ എതിർവാദങ്ങൾ നിരത്തുന്നതിനിടെ തപ്പിത്തടഞ്ഞ് ഇസ്രായേൽ അഭിഭാഷകന്‍. അന്താരാഷ്ട്ര നിയമ വിദഗ്ധൻ കൂടിയായ മാൽക്കം ഷായാണ് എഴുതിക്കൊണ്ടുവന്ന വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെ മിനിറ്റുകളോളം തപ്പിത്തടഞ്ഞത്. കൊണ്ടുവന്ന പേപ്പർ കാണാതായതോടെയാണ് അദ്ദേഹം കുഴങ്ങിയത്. ആരോ അലങ്കോലമാക്കിയതാണെന്ന് പരസ്യമായി ആരോപിക്കുകയും ചെയ്തു ഷാ.
ഇസ്രായേൽ വിദേശകാര്യ മന്ത്രിയുടെ നിയമോപദേഷ്ടാവ് താൽ ബെക്കർ ആണ് ന്യായവാദങ്ങൾക്കു തുടക്കമിട്ടത്. ഇതിനുശേഷമാണ് മാൽക്കം ഷാ ഇസ്രായേലിനു വേണ്ടി വാദം അവതരിപ്പിച്ചത്. ബ്രിട്ടനിലെ ലെസ്റ്റർ സർവകലാശാലയിൽ അന്താരാഷ്ട്ര നിയമ വിഭാഗം പ്രൊഫസർ കൂടിയായ ഷാ ദക്ഷിണാഫ്രിക്കയെ കടന്നാക്രമിക്കുകയാണു ചെയ്തത്. ഇസ്രായേലിനോട് എന്തോ പ്രശ്‌നമുള്ള പോലെയാണ് ദക്ഷിണാഫ്രിക്ക വിഷയത്തെ സമീപിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ വംശഹത്യാ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഷാ വാദിച്ചു.
എഴുതിത്തയാറാക്കി കൊണ്ടുവന്ന വാദങ്ങൾ അപ്പടി വായിച്ച് അവതരിപ്പിക്കുകയാണ് മാൽക്കം ഷാ ചെയ്തത്. ഇതിനിടെയായിരുന്നു എന്തോ കാണാതായ പോലെ അദ്ദേഹം നിശബ്ദനായത്. സെക്കൻഡുകളോളം തപ്പിത്തടഞ്ഞ ശേഷം കൊണ്ടുവന്ന പേപ്പർ കാണാനില്ലെന്നു തത്സമയം വെളിപ്പെടുത്തുകയും ചെയ്തു ഷാ.
എന്നാൽ, ഇതിനുശേഷവും ആശയപ്പുഴപ്പം തുടർന്നു. വാദം തുടരുന്നതിനിടെ വീണ്ടും തടസം നേരിട്ടപ്പോൾ ആരോ തന്റെ പേപ്പറുകൾ അലങ്കോലമാക്കിയെന്ന് ആരോപിക്കുകയായിരുന്നു മാൽക്കം ഷാ ചെയ്തത്. തൊട്ടരികെ ഇരിക്കുന്ന ഇസ്രായേൻ സംഘത്തിലുള്ളവർ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നേരത്തെ സെർബിയയ്ക്കു വേണ്ടിയും മാൽക്കം ഷാ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരായിരുന്നു. കൊസോവോയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 2009ൽ ഐ.സി.ജെയിൽ നടന്ന കേസിലായിരുന്നു അദ്ദേഹം സെർബിയയ്ക്കു വേണ്ടി വാദങ്ങൾ അവതരിപ്പിച്ചത്. കൊസോവോയ്ക്ക് നിലനിൽക്കാൻ തന്നെ അവകാശമില്ലെന്നും അന്ന് ഷാ വാദിച്ചിരുന്നു.
Summary: Israel Lawyer Malcolm Shaw loses his page in the ICJ today while representing the country in South Africa's genocide case