ഗസ്സയിലും ലബനാനിലും വെടിനിർത്തൽ സാധ്യത തള്ളി ഇസ്രായേൽ; യുദ്ധത്തിന്‍റെ രഹസ്യരേഖ ചോർന്നതില്‍ നെതന്യാഹുവിനെതിരെ പ്രതിപക്ഷം
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 16,700ൽ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്
തെല്‍ അവിവ്: ഗസ്സയിലും ലബനാനിലും വെടിനിർത്തൽ സാധ്യത തള്ളി ഇസ്രായേൽ. ഗസ്സ ഭരിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്നും ഹിസ്ബുല്ലയെ അതിർത്തിയിൽ നിന്ന് തുരത്തുമെന്നും ഇസ്രായേൽ നേതാക്കൾ വ്യക്തമാക്കി. ഗസ്സയുമായി ബന്ധപ്പെട്ട രഹസ്യരേഖ ചോർന്ന സംഭവത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 16,700ൽ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്.
ലബനാനിൽ ലിതാനി നദിക്കപ്പുറത്തേക്ക് ഹിസ്ബുല്ലയെ തുരത്തും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചിരിക്കുകയാണ്. അതിർത്തി മേഖല സന്ദർശിച്ച ശേഷമാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം. വടക്കൻ അതിർത്തിയിൽ നിന്ന് മാറ്റി പാർപ്പിച്ച ജനങ്ങളെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഭരണം നടത്താൻ ഇനിഹമാസിനെ അനുവദിക്കില്ലെന്നും ബദൽ സംവിധാനം കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യ രേഖ ചോർത്തിയതിന് നെതന്യാഹുവിന്‍റെ സഹായികൾ ഉൾപ്പെടെ ചിലർ അറസ്റ്റിലായ സംഭവം ഇസ്രായേലിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നു.
പ്രതിപക്ഷ നേതാവ് യായിർ ലാപിഡും മുൻ മന്ത്രി ബെന്നി ഗാന്റ്സും നെതന്യാഹുവിനെതിരെ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചു. നെതന്യാഹുവിന്‍റെ ഓഫീസിൽ നിന്ന് രേഖ ചോർന്നോ എന്നതല്ല, മറിച്ച് രാജ്യരഹസ്യങ്ങൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി വിൽപന നടത്തയോ എന്നതാണ് പ്രശ്നമെന്ന് ഇരുവരും കുറ്റപ്പെടുത്തി. സംഭവത്തിൽ ഹമാസ് പിടിയിലുള്ള ബന്ദികളുടെ ബന്ധുക്കളും നെതന്യാഹുവിനെ വിമർശിച്ച് രംഗത്തുവന്നു. ഗസ്സയിലും ലബനാനിലും ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്രായേൽ. വടക്കൻ ഗസ്സയിലും മറ്റുമായി 55 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്.
വടക്കൻ ഗസ്സയിൽ പ്രവർത്തിക്കുന്ന ഏക ആശുപത്രിയായ കമാൽ അദ്വാനു നേരെ വീണ്ടും ആക്രമണം നടന്നു. ബോംബാക്രമണം അടിയന്തരമായി നിർത്തിയില്ലെങ്കിൽ വടക്കൻ ഗസ്സയിലെ മുഴുവൻ ജനങ്ങളും പട്ടിണിയും രോഗങ്ങളും ബാധിച്ച് മരിച്ചുപോകുമെന്ന് യുനിസെഫ് മേധാവി കാതറിൻ റസ്സൽ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ഇസ്രായേൽ ആക്രമണത്തിൽ 16,700ലേറെ കുട്ടികൾക്ക് ഗസ്സയിൽ ജീവൻ നഷ്ടപ്പെട്ടതായാണ് ഫലസ്തീൻ അധികൃതരുടെ കണക്ക്. മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നിൽ കൂടുതൽ വരുമിത്. കാണാതാകുകയോ രക്ഷിതാക്കളെ നഷ്ടപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 20,000ത്തിലേറെയാണ്. ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം മൂവായിരത്തോളമായി. ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ലയുടെ വ്യാപക മിസൈൽ ആക്രമണം ഇന്നലെയും തുടർന്നു.