'ഇസ്രായേൽ പ്രതിരോധ നടപടികളുടെ അതിർ വരമ്പുകള്‍ മറികടക്കുന്നു'; ചൈനീസ് വിദേശകാര്യ മന്ത്രി

ഗസ്സയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടി ഇസ്രായേൽ ഉടനടി നിർത്തണമെന്നും വാങ് യി പറഞ്ഞു

Update: 2023-10-15 16:38 GMT
Advertising

ബെയ്ജിങ്: ഇസ്രായേൽ പ്രതിരോധ നടപടികളുടെ അതിർവരമ്പുകള്‍ മറികടന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഗസ്സയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രായേൽ ഉടനടി നിർത്തണമെന്നും വാങ് യി പറഞ്ഞു. നിലവിലെ സാഹചര്യം കൂടുതൽ രൂക്ഷമാക്കാതെ മറ്റുള്ള രാഷ്ട്രങ്ങള്‍ ഇടപെട്ട് എത്രയും പെട്ടന്ന് ചർച്ചയിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തണം. അന്താരാഷ്ട്ര സമൂഹത്തിന്‍റേയും യു.എൻ സെക്രട്ടറി ജനറലിന്‍റെയും ആഹ്വാനങ്ങള്‍ ഇസ്രായേൽ കണക്കിലെടുക്കണമെന്നും ഗസ്സയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നത് ഇസ്രായേൽ എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും വാങ് യി കൂട്ടിച്ചേർത്തു.


ശനിയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വാങ് ഹി ചൈനീസ് നിലപാട്‌ വ്യക്തമാക്കിയത്. ഇസ്രായേൽ- ഹമാസ് ആക്രമണത്തിൽ ആദ്യമായാണ് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്.

വിഷയത്തിൽ യു.എസ് ഫലപ്രദവും ഉത്തരവാദിത്വപരവുമായ ഇടപെടൽ നടത്തണമെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്‍റണി ബിങ്കനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വാങ് യി ആവശ്യപ്പെട്ടിരുന്നു. ഒത്തു തീർപ്പിനായി സമാധാന യോഗം വിളിക്കണമെന്നും ഫലസ്തീൻ ജനത അനുഭവിക്കുന്ന ചരിത്രപരമായ അനീതിയാണ് ഇസ്രായേൽ- ഫലസ്തീൻ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധി ജെയിംസ് ബോറലുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.


ഇസ്രായേൽ- ഗസ്സ സംഘർഷത്തിൽ ചൈന നടത്തിയ ഔദ്യോഗിക പ്രസ്താവനകളിൽ ഹമാസിനെക്കുറിച്ച് പരാമർശമുണ്ടായിട്ടില്ലെന്ന് ചില പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇസ്രായേൽ -ഹമാസ് സംഘർഷത്തിന്‍റെ സാഹചര്യത്തിൽ സമാധാന ചർച്ച നടത്താൻ ചൈനയുടെ പ്രത്യേക പ്രതിനിധി ഷായ് ജുൻ വരുന്നയാഴ്ച പശ്ചിമേഷ്യൻ രാജ്യങ്ങള്‍ സന്ദർശിക്കുമെന്ന് ചൈനയുടെ ദേശീയ ടെലിവിഷൻ ചാനലായ സിസിടിവി റിപ്പോർട്ട് ചെയ്തിരുന്നു.

അറബ് ലീഗിന്‍റെ പ്രതിനിധികളുമായി ഷായ് ജുൻ ബെയ്ജിങ്ങിൽ വെച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സമാധാന പുഃനസ്ഥാപനത്തിനായി ചൈന പ്രയത്നിക്കും. ഫലസ്തീൻ വിഷയത്തിൽ സുപ്രധാന ഇടപെടൽ നടത്തുന്ന പ്രാദേശിക സംഘടനക്ക് ചൈന പിന്തുണ നൽകിയതായും ഷായ് ജുൻ വ്യക്തമാക്കി.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News