പിന്തുണച്ചതിനും വിശ്വാസം അർപ്പിച്ചതിനും നന്ദി; പോരാട്ടം തുടരുമെന്ന് കമലാ ഹാരിസ്‌

ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് കമല അഭിനന്ദനം അറിയിച്ചു. ട്രംപ് എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കട്ടേയെന്നും ആശംസിച്ചു

Update: 2024-11-07 01:30 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാ‌ർഥി കമലാ ഹാരിസ്.

ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് കമല അഭിനന്ദനം അറിയിച്ചു. ട്രംപ് എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കട്ടെയെന്നും ആശംസിച്ചു. തെരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാസം ചെയ്ത കമലാ ഹാരിസ്, ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും കമല വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല. 

'ഇരുണ്ടകാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത്'- കമല പറഞ്ഞു. ഡോണള്‍ഡ് ട്രംപിനോട് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.

107 ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പംനിന്ന അനുയായികള്‍ക്ക് കമലാ ഹാരിസ് നന്ദി അറിയിച്ചു. അതോടൊപ്പം തന്റെ കുടുംബത്തിനും പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കമല നന്ദി പറഞ്ഞു. 

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയും നാടകീയതും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇക്കുറി നടന്നത്. അപ്രതീക്ഷിതമായാണ് കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിയത് തന്നെ. അതേസമയം ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിലും സ്വിങ് സ്റ്റേറ്റുകളിലും ആധിപത്യം നേടിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്ക് ഡോണള്‍ഡ് ട്രംപ് വീണ്ടുമെത്തുന്നത്. 295 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് നേടിയത്. 224 ഇലക്ടറല്‍ വോട്ടുകളില്‍ കമലയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News