ഗസ്സയിൽ മാനുഷിക ഇടവേള വേണമെന്ന യു.എൻ രക്ഷാസമിതി പ്രമേയം ഇസ്രായേൽ തള്ളി
ഗസ്സയിൽ ശക്തമായ ആക്രമണം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ന്യൂയോർക്ക്: ഗസ്സയിൽ നീണ്ട മാനുഷിക ഇടവേള വേണമെന്ന പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കി. മാൾട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്. യു.കെ, യു.എസ്, റഷ്യ എന്നിവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അതേസമേയം പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ഹമാസ് തടവിലാക്കിയ മുഴുവൻ ബന്ദികളെയും പ്രത്യേകിച്ച് കുട്ടികളെ മോചിപ്പിക്കണമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അടിയന്തര വെടിനിർത്തൽ വേണമെന്നുമായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്.
അതേസമയം ഗസ്സയിൽ ശക്തമായ ആക്രമണം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കുന്നത് വരെ ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരും. ഇസ്രായേലികളെ കൊല്ലാനുള്ള ഹമാസിന്റെ ശേഷി ഇല്ലാതായാൽ അപ്പോൾ ആക്രമണം നിർത്തുമെന്നും ബൈഡൻ വ്യക്തമാക്കി.
അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിപക്ഷം പടയൊരുക്കം തുടങ്ങി. നെതന്യാഹു രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് യെയിർ ലാപിഡ് ആവശ്യപ്പെട്ടു. ഇസ്രായേൽ അപകടത്തിലേക്കാണ് പോകുന്നത്. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും ലാപിഡ് പറഞ്ഞു. ഇസ്രായേലിന്റെ ഗസ്സ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് പ്രതിപക്ഷം നെതന്യാഹുവിന്റെ രാജി ആവശ്യപ്പെടുന്നത്.