കരസേന ഗസ്സ സിറ്റിയിൽ എത്തിയെന്ന് ഇസ്രായേൽ; സന്നദ്ധ സംഘടനകൾക്ക് നേരെയും ബോംബാക്രമണം
ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ സ്റ്റാഫും കൊല്ലപ്പെട്ടു.
ഗസ്സ: കരസേന ഗസ്സ സിറ്റിയിൽ എത്തിയെന്ന് ഇസ്രായേൽ. സൈനികർ ഗസ്സ സിറ്റിയുടെ ഹൃദയഭാഗത്ത് എത്തിയെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അതിനിടെ ഗസ്സയിലെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തി. റെഡ്‌ക്രോസ് സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായി. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ സ്റ്റാഫും കൊല്ലപ്പെട്ടു.
ഗസ്സയുടെ സുരക്ഷാ ചുമതല പൂർണമായും ഇസ്രായേൽ ഏറ്റെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് എത്ര കാലത്തേക്കാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്ന ഗസ്സയിൽ ജനജീവിതം അനുദിനം കൂടുതൽ ദുരിത പൂർണമാവുകയാണ്. ഓരോ ദിവസവും 20-30 ട്രക്കുകൾ വീതം ഗസ്സയിൽ എത്തുന്നുണ്ടെങ്കിലും ഇത് വളരെ അപര്യാപ്തമാണ്.
മൂന്നു ലക്ഷം ജനങ്ങൾ താമസിക്കുന്ന ഗസ്സ സിറ്റിൽ ബ്രഡ് വാങ്ങാൻ പറ്റുന്ന ഒരു കട പോലുമില്ലാത്ത അവസ്ഥയിലാണ്. ഗസ്സയിലെ ജനങ്ങൾ നിരവധി ദിവസങ്ങളായി ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഒരു ലിറ്റർ വെള്ളം മാത്രമാണ് ഒരു ദിവസം ഒരാൾക്ക് ലഭിക്കുന്നത്. ആശുപത്രികളിൽ 50 ശതമാനവും പൂട്ടിപ്പോയി. ബാക്കിയുള്ള ആശുപത്രികൾക്ക് നേരെയും കടുത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.