ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയം ഇസ്രായേൽ ആക്രമിച്ചതായി റിപ്പോര്‍ട്ട്

ആയിരക്കണക്കിന് ഫലസ്തീനികൾക്ക് അഭയകേന്ദ്രമായ അൽ-ഷിഫ ഹോസ്പിറ്റൽ കോംപ്ലക്സിലെ ഒരു യാർഡിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര വെള്ളിയാഴ്ച പറഞ്ഞു

Update: 2023-11-10 05:20 GMT
Editor : Jaisy Thomas | By : Web Desk

അല്‍ ഷിഫ ആശുപത്രി

Advertising

ഗസ്സ: ഏറ്റവും വലിയ മെഡിക്കൽ കോംപ്ലക്‌സ് ഉൾപ്പെടെ ഗസ്സയിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് ഫലസ്തീനികൾക്ക് അഭയകേന്ദ്രമായ അൽ-ഷിഫ ഹോസ്പിറ്റൽ കോംപ്ലക്സിലെ ഒരു യാർഡിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര വെള്ളിയാഴ്ച പറഞ്ഞു.

എന്നാല്‍ ആശുപത്രിക്ക് സമീപത്ത് ഹമാസ് ഒരു കമാന്‍ഡ് സെന്‍റര്‍ നടത്തുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. ആരോപണം ഹമാസും ആശുപത്രി അധികൃതരും നിഷേധിച്ചു.ഏറ്റവും പുതിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് ഇസ്രായേൽ ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല.ആക്രമണം സാധാരണക്കാരെ ബാധിച്ചതായും നാലുപേര്‍ക്ക് പരിക്കേറ്റതായും അൽ-ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ മുഹമ്മദ് അബു സാൽമിയ പറഞ്ഞു.“അതിനുമുമ്പ്, അവർ ആശുപത്രിക്ക് വളരെ അടുത്തുള്ള ഒരു കെട്ടിടത്തിൽ ബോംബെറിഞ്ഞു. ഇപ്പോൾ, ആശുപത്രിക്ക് സമീപം കനത്ത ഏറ്റുമുട്ടലുകളും കനത്ത ബോംബാക്രമണവും നടക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിക്ക് സമീപം തുടർച്ചയായി സ്ഫോടനങ്ങൾ നടക്കുന്നതിനാൽ ഡോക്ടർമാരും രോഗികളും ഭീതിയിലാണെന്ന് അബു സാൽമിയ പറഞ്ഞു.'' ആശുപത്രിക്ക് സമീപം ബോംബാക്രമണം ഇല്ലാത്ത ഒരു നിമിഷം പോലും കടന്നുപോകുന്നില്ല. ആശുപത്രിയുടെ ജനാലകൾ പലതും തകർന്നിട്ടുണ്ട്.ഡോക്ടര്‍മാരുടെയും രോഗികളുടെയും കണ്ണുകളില്‍ ഭയവും ഉത്കണ്ഠയുമാണ് നിഴലിക്കുന്നത്.ഇത് ആശുപത്രികൾക്കെതിരായ യുദ്ധവും എല്ലാ ഫലസ്തീന്‍ പൗരന്മാർക്കെതിരായ യുദ്ധവുമാണ് '' അദ്ദേഹം പറയുന്നു.സംഭവത്തിന്‍റെതായി പുറത്തുവന്ന വീഡിയോയില്‍ ആളുകള്‍ നിലവിളിച്ചുകൊണ്ടോടുന്നതും പരിക്കേറ്റ ഒരാൾ രക്തത്തിൽ കുളിച്ച് നടപ്പാതയിൽ കിടക്കുന്നതും കാണാം.

കുട്ടികളുടെ ആശുപത്രികളായ അൽ-റാന്റിസി, അൽ-നസ്ർ എന്നിവയെ നേരിട്ടുള്ള ആക്രമണവും ബോംബാക്രമണവും ബാധിച്ചതായി അല്‍-ഖുദ്ര പറഞ്ഞു. സൗകര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും "ഒരു പ്രദേശവും ഫ്രീ-ഫയർ സോൺ അല്ല" എന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്‍റെ ഇസ്രായേൽ, പലസ്തീൻ ഡയറക്ടർ ഒമർ ഷാക്കിർ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഗസ്സ സിറ്റി ആശുപത്രിയിലോ സമീപത്തോ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് അൽ-ഷിഫയ്‌ക്കെതിരായ ആക്രമണം. കഴിഞ്ഞയാഴ്ച ഇസ്രായേൽ സൈന്യം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലൻസിന് നേരെ ബോംബെറിഞ്ഞ് 15 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു.

മെഡിക്കൽ കോംപ്ലക്‌സിലേക്ക് വൈദ്യുതി നൽകുന്ന സോളാർ പാനലുകളിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതായി തിങ്കളാഴ്ച അൽ ജസീറയും ഫലസ്തീൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.എന്നാല്‍ ഇത് ഇസ്രായേൽ ഉദ്യോഗസ്ഥർ നിഷേധിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News