ഇസ്രായേൽ ആക്രമണം: ലബനാനിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു
ഗസ്സ യുദ്ധം ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി
ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം രൂക്ഷമായി. ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചക്ക് പിന്നാലെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിൻകൻ നാളെ ഇസ്രായേലിൽ എത്തും.
ഗസ്സ യുദ്ധം ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി പറഞ്ഞു. കഴിഞ്ഞ 24 മണിക്കുറിനിടെ 19 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
ദക്ഷിണ ലബനാനിലുണ്ടായ ആക്രമണത്തിലാണ് ഹിസ്ബുള്ള കമാണ്ടർ വിസ്സാം തവിൽ കൊല്ലപ്പെട്ടത്. കമത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഹിസ്ബുള്ള അറിയിച്ചു. ഗസ്സക്ക് നേരെയും ഇസ്രായേൽ ആക്രമണം ശക്തമാണ്.
24 മണിക്കൂറിനിടെ ഗസ്സയിൽ 113 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ അൽ അഖ്സ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ ഭീഷണി മൂലം ഒഴിഞ്ഞുപോയ 600 രോഗികളെയും ആരോഗ്യ പ്രവർത്തരെയും കാണാനില്ലെന്ന് WHO മേധാവി ടെഡ്രോസ് അറിയിച്ചു. ഹമാസിന് ഗസ്സയിൽ ഫലപ്രദമായി ഭരിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പറയുന്നത്.
ഈ വർഷം മുഴുവൻ യുദ്ധം തുടരേണ്ടി വരുമെന്ന് ഐഡിഎഫ് മേധാവി ഹെർസി ഹലേവി പറഞ്ഞു. ഗസ്സയിലെ യുദ്ധം കൂടുതൽ വഷളാകുമെന്നും സംഘർഷം പടരുന്നത് പശ്ചിമേഷ്യയുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. യുദ്ധവ്യാപ്തി തടയാൻ ക്രിയാത്മ പിന്തുണ വേണമെന്ന് യു.എ.ഇ, സൗദി നേതാക്കളോട് ആൻറണി ബ്ലിൻകൻ അഭ്യർഥിച്ചു.
യുദ്ധാനന്തരം ഹമാസിനെ മാറ്റിനിർത്തി, തങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാരിനെ സ്ഥാപിക്കാനാണ് ഇസ്രയേൽ ശ്രമം. ഇക്കാര്യത്തിൽ അറബ് രാജ്യങ്ങളുടെ പിന്തുണ നേടാൻ കൂടിയാണ് ബ്ലിങ്കന്റെ പര്യടനം. ഗസ്സക്കപ്പുറത്തേക്ക് യുദ്ധം നീളരുതെന്ന അമേരിക്കൻ നിലപാട് ഇസ്രായേൽ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ബ്ലിൻകൻ ഉന്നയിക്കും.
ഗസ്സയുദ്ധത്തിന്റെ തുടർ നീക്കങ്ങൾ, ലബനാൻ യുദ്ധ സാധ്യതകൾ, ബന്ദിമോചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇസ്രായേൽ യുദ്ധ കാബിനറ്റ് വൈകീട്ട് യോഗം ചേരുന്നുണ്ട്. നെതന്യാഹു ഉടൻ രാജിവെച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൂറുകണക്കിന് പേർ ഇസ്രായേലി നെസറ്റിന്റെ കവാടം ഉപരോധിച്ചു.