60 ശതമാനം പേർക്കും വാക്‌സിൻ നൽകി, എന്നിട്ടും പടര്‍ന്നുപിടിച്ച് കോവിഡ്; പകച്ച് ഇസ്രായേൽ

ജനസംഖ്യയിലെ ബഹുഭൂരിഭാഗത്തിനും വാക്‌സിനേഷൻ പൂർത്തിയാക്കിയ ആദ്യ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. 60.1 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിന്‍ നൽകി. ആകെ 90.5 ലക്ഷം ജനസംഖ്യയിൽ 10 ലക്ഷത്തിലേറെ പേർക്ക് ഫൈസറിന്റെ മൂന്ന് ഡോസ് വാക്‌സിനും ലഭിച്ചിരുന്നു

Update: 2021-08-23 15:50 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് പ്രതിരോധ നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ട മാസ്‌ക് ആദ്യമായി നിര്‍ബന്ധമല്ലാതാക്കിയ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. ജനസംഖ്യയുടെ 60 ശതമാനത്തിലേറെ പേർക്കും രണ്ട് ഡോസ് വാക്‌സിൻ നൽകിയതോടെ എല്ലാം നിയന്ത്രണവിധേയമായെന്ന വിശ്വാസത്തിലായിരുന്നു രാജ്യം. എന്നാൽ, കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന തരത്തിലാണ് ഇപ്പോൾ ഇസ്രായേലിലെ കോവിഡ് വ്യാപനം.

മാസങ്ങൾക്കുമുൻപ് ലഘൂകരിച്ച കോവിഡ് മാനദണ്ഡങ്ങളെല്ലാം പുനസ്ഥാപിച്ചതിനു പുറമെ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പാർക്ക്, മ്യൂസിയം, ഹോട്ടൽ അടക്കമുള്ള പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ ഗ്രീൻ പാസ് നിർബന്ധമാണ്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും കൊറോണ വൈറസിൽനിന്ന് മുക്തരായവർക്കുമാണ് ഗ്രീൻ പാസ് നൽകിവന്നിരുന്നത്. എന്നാൽ, വാക്‌സിൻ യോഗ്യതയില്ലാത്ത ചെറിയ കുട്ടികൾക്ക് വരെ ഗ്രീൻ പാസ് നിർബന്ധമാക്കിയിരിക്കുകയാണ്. വീട്ടിൽനിന്ന് പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോഴെല്ലാം കുട്ടികൾക്ക് പ്രത്യേകം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നു സ്ഥിരീകരിക്കേണ്ടതുണ്ട്.

കോവിഡിന്റെ ഡെൽറ്റ വകഭേദം രാജ്യത്തെ ശക്തമായി പിടിച്ചുലച്ചതോടെയാണ് ഇസ്രായേൽ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വിസ്മയിപ്പിക്കുന്ന തരത്തിലാണ് ഇസ്രായേലിൽ ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നത്. എന്നാൽ, ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങളിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധവും ശക്തമാണ്.

കൂട്ട വാക്‌സിനേഷൻ, കോവിഡിനെ പിടിച്ചുകെട്ടിയെന്നുറപ്പിച്ചു, നിർബന്ധിത മാസ്‌ക് ഉപേക്ഷിച്ചു; എന്നിട്ടും...

ജനസംഖ്യയിലെ ബഹുഭൂരിഭാഗത്തിനും വാക്‌സിനേഷൻ പൂർത്തിയാക്കിയ ആദ്യ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. 60.1 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിന്‍ നൽകി. ആകെ 90.5 ലക്ഷം ജനസംഖ്യയിൽ 10 ലക്ഷത്തിലേറെ പേർക്ക് ഫൈസറിന്റെ മൂന്ന് ഡോസ് വാക്‌സിനും ലഭിച്ചു. ഇതോടെയാണ് കഴിഞ്ഞ ജൂണിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.

നിർബന്ധിത കോവിഡ് മുൻകരുതൽ പട്ടികയിൽനിന്ന് മാസ്‌ക് ഒഴിവാക്കി. രാജ്യത്തേക്ക് പുറത്തുനിന്നു വരുന്നവർക്കും പുറത്തേക്കു പോകുന്നവർക്കും മാത്രം മാസ്‌ക് നിർബന്ധമാക്കി. ലോകത്തുതന്നെ ആദ്യമായി മാസ്‌ക് നിർബന്ധം ഉപേക്ഷിച്ച രാജ്യങ്ങളിലൊന്നായി അതോടെ ഇസ്രായേൽ. എന്നാൽ, ഇപ്പോൾ രാജ്യത്തെ കോവിഡ് വ്യാപനനിരക്ക് 5.4 ആയിരിക്കുകയാണ്. ഇതോടെ വൈറസ് വ്യാപനം തടയാനായി സാധ്യമായ നടപടികളെല്ലാം കൈക്കൊള്ളുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് അറിയിച്ചത്.

മാസ്‌ക് വേണ്ടെന്നു വച്ചതാണ് കോവിഡ് തിരിച്ചുവരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മറ്റൊന്ന് ഫൈസർ വാക്‌സിനായിരുന്നു ജനങ്ങൾക്ക് നൽകിയത്. മൊഡേണയുടെ അത്ര ഫലപ്രദമല്ല ഫൈസർ വാക്‌സിനെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് വ്യാപനം ശക്തമായതോടെ ജൂൺ അവസാനത്തിൽ തന്നെ മാസ്‌ക് നിബന്ധന വീണ്ടും പുനസ്ഥാപിച്ചു. മാസ്‌ക് ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കിയും തുടങ്ങി. നിലവിൽ വിദേശികൾക്ക് ഇസ്രായേലിലെത്താൻ പ്രത്യേക അനുമതി വേണ്ടതുണ്ട്. നിരവധി ടെസ്റ്റുകൾ പാസാകുകയും വേണം. സ്‌പെയിൻ, ബ്രസീൽ, മെക്‌സിക്കോ അടക്കമുള്ള റെഡ് ലിസ്റ്റിലുള്ള  രാജ്യങ്ങളിലേക്ക് പോകാൻ ഇസ്രായേലികൾക്ക് അനുമതിയുമില്ല.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News