യു.എന്നിനെതിരെ കടുത്ത നടപടികളുമായി ഇസ്രായേൽ; ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചു
അന്താരാഷ്ട്ര സമ്മർദം മുറുകുമ്പോഴും വൻശക്തി രാജ്യങ്ങളുടെ പിന്തുണയോടെ ആക്രമണത്തിന് ആക്കംകൂട്ടുകയാണ് ഇസ്രായേൽ
ജറുസലേം: ഇസ്രായേലിനെതിരായ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവനക്ക് പിന്നാലെ ഐക്യരാഷ്ട്ര സഭക്കെതിരെ കടുത്ത നിലപാടുമായി ഇസ്രായേൽ. യു.എൻ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിക്കാനാണ് തീരുമാനം. അന്താരാഷ്ട്ര സമ്മർദം മുറുകുമ്പോഴും വൻശക്തി രാജ്യങ്ങളുടെ പിന്തുണയോടെ ആക്രമണത്തിന് ആക്കംകൂട്ടുകയാണ് ഇസ്രായേൽ.
ആസ്ത്രേലിയയുടെ രണ്ട് യുദ്ധവിമാനങ്ങൾകൂടി പശ്ചിമേഷ്യയിലേക്ക്പുറപ്പെട്ടു. സിറിയയിലെ സേനാ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചു.
ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്നാണ് അന്റോണിയോ ഗുട്ടറസ് തുറന്നടിച്ചത്. 56 വർഷം ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിനാണ് ഫലസ്തീൻ വിധേയമായതെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ഈ പ്രസ്താവനക്ക് പിന്നാലെയാണ് ഇസ്രായേൽ യുഎന്നിനെതിരെ നിലപാട് കടുപ്പിച്ചത്. ഐക്യ രാഷ്ട്രസഭയെ ഒരു പാഠം പഠിപ്പിക്കണമെന്നും അണ്ടർ സെക്രട്ടറി മാർക് ഗ്രിഫ്തീന് വിസ നിഷേധിച്ചുവെന്നും ഇസ്രയേൽ അംബാസഡർ പറഞ്ഞു.
അടിയന്തര വെടിനിർത്തൽ വേണമെന്ന് അറബ് രാജ്യങ്ങളായ സൗദി, ഈജിപ്ത്, ജോർദാൻ, യുഎഇ എന്നിവ അസംബ്ലിയിൽ നിലപാട് എടുത്തു. ഗസ്സയിലേക്ക് മരുന്നും ഇന്ധനവും എത്തിക്കാൻ വെടിനിർത്തണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടു. യു.എസ് സ്റ്റേറ്റ്സെക്രട്ടറി ആന്റണി ബ്ലിങ്കനും അടിയന്തര വെടിനിർത്തൽ വേണമെന്ന് പറഞ്ഞു.
എന്നാൽ, ഇസ്രായേൽ വിദേശകാര്യമന്ത്രി വെടിനിർത്തൽ ആവശ്യം തള്ളി. സംഘർഷം ലഘൂകരിക്കണം എന്ന അന്താരാഷ്ട്ര നിലപാടിന് ഒപ്പമാണ് തങ്ങളെന്ന് ഇന്ത്യ, യു.എന്നിൽ വ്യക്തമാക്കി. ഫലസ്തീനിലേക്ക് 38 ടൺ അവശ്യവസ്തുക്കൾ എത്തിച്ചുവെന്ന് ഇന്ത്യൻ പ്രതിനിധി ആർ.രവീന്ദ്ര പറഞ്ഞു.
വെടിനിർത്തൽ പ്രഖ്യാപിച്ച് ഗസ്സയിലേക്ക് മരുന്നും ഇന്ധനവും എത്തിക്കാനുള്ള അന്താരാഷ്ട്ര മുറവിളികൾക്ക് ചെവികൊടുക്കാതെ സേനാവിന്യാസം ശക്തമാക്കുകയാണ് ഇസ്രായേൽ. കൂടുതൽ സേനയെ രംഗത്തിറക്കുമെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ ആസ്ത്രേലിയൻ സൈന്യവും മേഖലയിലേക്ക് എത്തുകയാണ്. രണ്ട് ആസ്ത്രേലിയൻ പോർ വിമാനങ്ങൾ പശ്ചിമേഷ്യലേക്ക് എത്തിയിട്ടുണ്ട്.