ഫലസ്തീൻ മേഖലയിൽ ഇസ്രായേൽ അതിക്രമം; മുന്നറിയിപ്പുമായി ഹമാസും ഇസ്‌ലാമിക് ജിഹാദും
ഇരുപക്ഷവും സംയമനം പാലിക്കണമെന്നും പ്രകോപന നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും യുഎൻ രക്ഷാസമിതി യോഗം
ഫലസ്തീൻ:കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ അതിക്രമങ്ങൾ തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഫലസ്തീൻ സംഘടനകൾ. മസ്ജിദുൽ അഖ്‌സയുടെ പവിത്രത തകർക്കുന്ന നടപടികളിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്ന് അറബ് സഖ്യരാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടു. എന്നാൽ ഇരുപക്ഷവും സംയമനം പാലിക്കണമെന്നും പ്രകോപന നീക്കങ്ങൾ ഉപേക്ഷിക്കണമെന്നുമാണ് യുഎൻ രക്ഷാസമിതി യോഗം അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴക്കൻ ജറൂസലമിൽ ഫലസ്തീനികൾക്കും അവരുടെ അരാധനാലയങ്ങൾക്കും നേരെ ഇസ്രായേൽ സേന വ്യാപകമായി അതിക്രമം തുടരുകയാണ്. ജറൂസലമിലെ ഇബ്രാഹിം പള്ളിയിൽ നിന്ന് വിശ്വാസികളെ പുറന്തള്ളി ജൂതകുടിയേറ്റക്കാർക്ക് ഇന്നലെ സന്ദർശനം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. അൽ അഖ്‌സ പള്ളിയുടെയും മറ്റും പവിത്രത തകർക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഹമാസും ഇസ്‌ലാമിക് ജിഹാദും ഇസ്രായേലിന് താക്കീത് നൽകി. തീവ്ര ജൂത വിഭാഗം ആഹ്വാനം ചെയ്ത മാർച്ച് ജറൂസലമിലെ മുസ്‌ലിം പ്രദേശത്തു കൂടെ കടന്നു പോയാൽ ചെറുക്കുമെന്ന് ഇരു സംഘടനകളും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഇന്നും നാളെയും നടക്കേണ്ട മാർച്ചിന്റെ റൂട്ട് മാറ്റാൻ സംഘാടകർക്ക് ഇസ്രായേൽ നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്. റോക്കറ്റാക്രമണം നടന്നുവെന്നാരോപിച്ച് ഇസ്രായേൽ ഇന്നലെ ഗസ്സയിൽ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ ആളപായമില്ല. ഏതു സാഹചര്യം നേരിടാനും തങ്ങൾ സജ്ജമാണെന്ന് ഹമാസ് സായുധ വിഭാഗമായ ഇസ്സുദ്ദീൻ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ക്രമസമാധാനം തർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് വ്യക്തമാക്കി.
കിഴക്കൻ ജറൂസലമിൽ ഇസ്രായേലിന്റെ അതിക്രമങ്ങൾക്കെതിരെ ഭിന്നതകൾ മറന്ന് അറബ് ലോകം ശക്തമായി രംഗത്തുവന്നു. ഇസ്രായേലിനെ പിടിച്ചു കെട്ടാൻ അടിയന്തര നടപടി വേണമെന്ന് ഇന്നലെ രാത്രി ചേർന്ന യു.എൻ രക്ഷാസമിതി യോഗത്തിൽ ഫലസ്തീൻ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു യോഗം. ഇരു വിഭാഗവും സംയമനം പാലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. അതേ സമയം മസ്ജിദുൽ അഖ്‌സയുടെ പവിത്രത തകർക്കുന്ന നടപടി ഇസ്രായേലിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ ജോർദാൻ രാജാവിന് ഉറപ്പു നൽകി. ഫലസ്തീനികൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെയുള്ള അതിക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ അംബാസഡറെ വിളിച്ചു വരുത്തി യു.എ.ഇ ആവശ്യപ്പെട്ടു. അബ്രഹാം കരാർ മുഖേന നയതന്ത്ര ബന്ധം രൂപപ്പെടുത്തിയ യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളുടെ വിമർശനം ഇസ്രായേലിന് തിരിച്ചടിയായി.