ഇസ്രയേൽ അംബാസിഡറെ ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സ് വിദ്യാർഥികൾ ഇറക്കിവിട്ടു
ഫലസ്തീൻ രാജ്യ രൂപവത്കരണത്തെ ശക്തിയായി എതിർത്തയാളാണ് അംബാസിഡർ സിപി ഹോട്ടോവേലി. അറബികളെ വീടുകളിൽ നിന്ന് ആട്ടിപ്പായിച്ചുവെന്നത് അറബിക്കള്ളമാണെന്നും ഇസ്രയേൽ അധിനിവേശം മിഥ്യയാണെന്നും സിപി വാദിക്കാറുണ്ട്.
ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സിലെത്തിയ യു.കെയിലെ ഇസ്രയേൽ അംബാസിഡർ സിപി ഹോട്ടോവേലിയെ ഫലസ്തീൻ അനുകൂല വിദ്യാർഥികൾ ഇറക്കിവിട്ടു. ചൊവ്വാഴ്ച രാത്രി നടന്ന പരിപാടിക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഒരു കെട്ടിടത്തിൽനിന്ന് അംഗരക്ഷകരോടൊപ്പം വരുന്ന അംബാസിഡറെ ഒരു കൂട്ടം പിന്തുടർന്നെത്തുന്നതും അവരെ പൊലീസ് തടയുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഫലസ്തീൻ പതാക വീശിയ ജനക്കൂട്ടം ''ഷെയിം ഓൺ യൂ'' എന്ന് വിളിച്ചു പറയുകയും ആക്രോശിക്കുകയും ചെയ്തതോടെ അംബാസിഡർ സ്ഥലം വിടുകയായിരുന്നു. സെൻട്രൽ ലണ്ടൻ സർവകലാശാലയിലെ ഡിബേറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു അംബാസിഡർ സിപി.
ഭീകര രാജ്യമായ ഇസ്രയേൽ വർഗീയ വാദിക്ക് പരിപാടിയിൽ ഇടം നൽകിയ വിദ്യാർഥി യൂണിയനെ വിദ്യാർഥികൾ വിമർശിച്ചു. സിപി ഹോട്ടോവേലിയെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ച ഫലസ്തീൻ അനുകൂല സംഘടനകൾ പ്രതിഷേധത്തെ അഭിനന്ദിച്ചു. എന്നാൽ ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സ് ബുധനാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ സംഭവത്തെ അപലപിച്ചു. പ്രസംഗത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സിലുണ്ട്. വിദ്യാർഥികൾ, അധ്യാപകർ, സന്ദർശകർ എന്നിവർക്കെല്ലാം ലോകത്തെങ്ങുമുള്ള സംഭവങ്ങളെ കുറിച്ച് ശക്തിയുക്തം വാദഗതികൾ ഉന്നയിക്കാം. എന്നാൽ പരസ്പര ബഹുമാനത്തോടെയാകണം. ഭീഷണിയും അതിക്രമവും അംഗീകരിക്കാനാകില്ല- വാർത്താകുറിപ്പിൽ അധികൃതർ പറഞ്ഞു. ഭാവി കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അവർ അറിയിച്ചു.
THANK YOU SO MUCH EVERYONE FOR COMING OUT AND FOR SHOWING ALL YOUR RAGE AND SOLIDARITY FOR PALESTINIANS! 🇵🇸❤️
— LSE for Palestine (@LSEforPalestine) November 9, 2021
We made sure to let Tzipi, LSE SU and LSE SU Debating Society know that war criminals, islamophobes and anti-Palestinian deniers are not welcome on this campus! pic.twitter.com/cvWCJJfheR
ഇസ്രയേലിലെ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിക്കാരിയാണ് സിപി. മുമ്പ് സെറ്റിൽമെൻറ് കാര്യ മന്ത്രിയായിരുന്നു. ഇവരെ യു.കെയിൽ അംബാസിഡറാക്കിയതിനെതിരെ കഴിഞ്ഞ വർഷം വലതുപക്ഷ ബ്രിട്ടീഷ് ജൂത സംഘടന നമോദ് പരാതി നൽകിയിരുന്നു. ഫലസ്തീൻ രാജ്യ രൂപവത്കരണത്തെ ശക്തിയായി എതിർത്തയാളാണ് സിപി. 1948 ലെ കൂട്ടപ്പാലായനത്തെ (നഖബ) തുടർന്ന് ഇസ്രയേൽ രൂപവത്കരിക്കപ്പെടുമ്പോൾ അറബികളെ വീടുകളിൽ നിന്ന് ആട്ടിപ്പായിച്ചുവെന്നത് അറബിക്കള്ളമാണെന്നും ഇസ്രയേൽ അധിനിവേശം മിഥ്യയാണെന്നും സിപി വാദിക്കാറുണ്ട്.
ലണ്ടൻ സ്‌കൂൾ സംഭവത്തിന്റെ ഒരാഴ്ച മുമ്പ് ഇസ്രയേലി ആയുധ നിർമാണ രംഗത്തെ സ്വകാര്യ സ്ഥാപനമായ എലിബിറ്റ് സിസ്റ്റത്തിന്റെ ബ്രിസ്‌റ്റോളിലെ കേന്ദ്രഓഫിസിൽ യു.കെയിലെ ഫലസ്തീൻ അനുകൂല സംഘം പ്രതിഷേധം നടത്തിയിരുന്നു. ഫലസ്തീൻ ജൂതർക്ക് നൽകുന്നതായി ബ്രിട്ടൻ നടത്തിയ ബൽഫോർ പ്രഖ്യാപനത്തിന്റെ വാർഷികത്തിലായിരുന്നു സമരം. യു.കെയിലുള്ള എലിബിറ്റിന്റെ മറ്റു കേന്ദ്രങ്ങളും പ്രക്ഷോഭകർ ലക്ഷ്യമിട്ടിട്ടുണ്ട്. ഇസ്രയേലിനായി യുദ്ധഡ്രോണുകൾ നിർമിച്ച ഫാക്ടറിക്കെതിരെ മേയിൽ ആറു ദിവസത്തെ പ്രതിഷേധം നടത്തിയിരുന്നു. ഗാസയിൽ 250 പേർ കൊല്ലപ്പെട്ട 11 ദിന സൈനിക നീക്കം നടന്ന സമയത്തായിരുന്നു ഈ പ്രതിഷേധം.