അമേരിക്കയോട് അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകൾ അഭ്യർഥിച്ച് ഇസ്രായേൽ സേന; ആവശ്യം നിരസിച്ചു
വ്യോമാക്രമണം കൂടുതൽ ശക്തമാക്കാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ആവശ്യമാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
തെൽഅവീവ്: ഗസ്സയിലും ഖാൻ യൂനുസിലുമടക്കം വ്യാപക കൂട്ടക്കുരുതി തുടരുന്നതിനിടെ അമേരിക്കയോട് വീണ്ടും സഹായം അഭ്യർഥിച്ച് ഇസ്രായേൽ സേന. അത്യാധുനികവും കൂടുതൽ ആക്രമണ ശേഷിയുമുള്ള അപ്പാച്ചെ ഹെലികോപ്ടറുകളാണ് യു.എസിനോട് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതെന്ന് ഇസ്രായേലി ദിനപത്രമായ യെദിനോത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആവശ്യം അമേരിക്ക നിരസിച്ചതായും പത്രം പറയുന്നു.
കഴിഞ്ഞ ആഴ്ച ഇസ്രായേൽ സന്ദർശന വേളയിൽ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ചയിൽ ഈ ആവശ്യം പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഉന്നയിച്ചിരുന്നു. തുടർന്ന് ഈയടുത്ത ദിവസങ്ങളിലും ആവശ്യം ഇസ്രായേൽ ആവർത്തിച്ചു. എന്നാൽ ഇതിനോട് മുഖംതിരിക്കുകയാണ് അമേരിക്ക ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനായി ഇസ്രായേൽ സമ്മർദം തുടരുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വ്യോമാക്രമണം കൂടുതൽ ശക്തമാക്കാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ആവശ്യമാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ദക്ഷിണ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കും വെസ്റ്റ്ബാങ്കിലെ ഹമാസ് കേന്ദ്രങ്ങൾക്കുമെതിരായ ആക്രമണത്തിനായി ഐഡിഎഫ് തങ്ങളുടെ പക്കൽ നിലവിലുള്ള അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ ഗസ്സയിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇത് പോരെന്നാണ് ഇസ്രായേൽ പറയുന്നത്.
ബോയിങ്ങിന്റെ എഎച്ച്-64 അപ്പാച്ചെ 190, 113 എന്നിവ പ്രവർത്തിപ്പിക്കുന്ന രണ്ട് ഹെലികോപ്റ്റർ ഫ്ലൈറ്റ് സ്ക്വാഡ്രണുകൾ മാത്രമാണ് ഐഡിഎഫിനുള്ളത്. ഈ സ്ക്വാഡ്രണുകൾ യുദ്ധത്തിന്റെ തുടക്കം മുതൽ ഗസ്സയിൽ 24 മണിക്കൂറും ആക്രമണം നടത്തുന്നുണ്ട്. തെക്ക് റാമോൺ എയർഫീൽഡിലും വടക്ക് ജെസ്രീൽ താഴ്‌വരയിലുമാണ് അവ നിലയുറപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും നൂതനമെന്ന് തെളിയിക്കപ്പെട്ട ആക്രമണ ഹെലികോപ്ടറായാണ് അപ്പാച്ചെ കണക്കാക്കപ്പെടുന്നത്. യു.എസ് സൈന്യവും വിവിധ അന്താരാഷ്ട്ര പ്രതിരോധ സേനകളും ഇത് ഉപയോഗിക്കുന്നുണ്ട്.
അതേസമയം, രണ്ട് സ്ക്വാഡ്രണുകളിലും ജോലിഭാരം വളരെ കൂടുതലായതിനാൽ 54- 55 വയസ് പ്രായമുള്ള വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കാൻ എയർഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ തോമർ ബാറിനോട് അഭ്യർഥിച്ചു. മുമ്പ് ഇസ്രയേൽ വിട്ട് വിദേശത്ത് ജോലി ചെയ്തിരുന്ന പൈലറ്റുമാരും യുദ്ധം ആരംഭിച്ചതിനു പിന്നാലെ മടങ്ങിയെത്തിയിരുന്നു.
ഇതിനിടെ, ഗസ്സയിൽ മരണ സംഖ്യ 20,674 ഉം പരിക്കേറ്റവരുടെ എണ്ണം 54,536ഉം ആയി ഉയർന്നു. ബന്ദികളെ തിരിച്ചെത്തിക്കാൻ പുതിയ നിർദേശം ചർച്ച ചെയ്യുന്നതായി പ്രതിരോധ മന്ത്രി ബന്ധുക്കളെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മഗാസി അഭയാർഥ ക്യാമ്പിൽ 70 പേരുൾപ്പെടെ ഇന്നലെ മാത്രം ഇസ്രായേൽ കൊന്നുതള്ളിയത്. ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങിൽ വ്യാപക ആക്രമണമാണ് തുടരുന്നത്. നിരവധി താമസ കേന്ദ്രങ്ങളിൽ ഇന്നലെ രാത്രിയും ഇസ്രായേൽ ബേംബ് വർഷിച്ചു. ഗസ്സയുടെ കൂടുതൽ ഉൾഭാഗത്തേക്ക് കരയാക്രമണം വ്യാപിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു.