വടക്കൻ ഗസ്സയിലേക്ക് ആളുകളെ മടങ്ങിവരാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ സൈന്യം
വടക്കൻ മേഖലയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നുണ്ടെന്ന് സൈനിക വക്താവ്
ജറുസലേം: വടക്കൻ ഗസ്സയിലേക്ക് ജനങ്ങളെ മടങ്ങിവരാൻ അനുവദിക്കില്ലെന്ന് ഇസ്രായേലി സൈന്യത്തിലെ ബ്രിഗേഡിയർ ജനറൽ ഇറ്റ്സിക് കോഹൻ. ഒരാളും വടക്കൻ മേഖലയിലേക്ക് തിരികെ വരില്ല. ജബലിയ പോലുള്ള ഗസ്സയിലെ വടക്കൻ മേഖലകളിൽ ഇസ്രായേലി സൈന്യത്തിന്റെ പ്രവർത്തനം പുനരാരംഭിക്കേണ്ടതിനാലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
മാനുഷിക സഹായം ഗസ്സയുടെ തെക്കൻ മേഖലയിലേക്ക് മാത്രമാണ് പതിവായി വരാൻ അനുവദിക്കൂ, വടക്കൻ ഭാഗത്തേക്ക് അനുവദിക്കില്ല. അവിടെ താമസക്കാർ ആരും അവശേഷിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 162ാം ഡിവിഷന്റെ കമാൻഡറാണ് ഇറ്റ്സിക് കോഹൻ. വടക്കൻ ഗസ്സയിലേക്ക് ആളുകളെ തിരികെ വരാൻ അനുവദിക്കില്ലെന്ന് ഐഡിഎഫിന്റെ മറ്റു ഉദ്യോഗസ്ഥരും സമാനമായ പ്രസ്താവനകൾ നേരത്തെ നടത്തിയിരുന്നു.
അതേസമയം, കോഹന്റെ പരാമർശങ്ങൾ സന്ദർഭത്തിന് പുറത്തുള്ളതാണെന്നും ഇസ്രായേലി സൈന്യത്തിന്റെ ലക്ഷ്യങ്ങളെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നില്ലെന്നും ഐഡിഎഫ് വക്താവ് പിന്നീട് അറിയിച്ചു. ജബലിയ ഉൾപ്പെടെയുള്ള വടക്കൻ മേഖലയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ജബലിയയിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകുന്നത് ഹമാസ് ഏറെക്കാലമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും തടഞ്ഞുവെക്കുകയും ആളുകളെ വധിക്കുകയും ചെയ്തതായും ഐഡിഎഫ് വക്താവ് ആരോപിച്ചു. എന്നാൽ, ഇവിടെ കൂട്ടക്കൊലകളാണ് ഇസ്രായേൽ സൈന്യം നടത്തിയിട്ടുള്ളത്. കണക്കുകൾ പ്രകാരം ഇപ്പോൾ ജബലിയയിൽ നൂറുകണക്കിന് പേർ മാത്രമാണ് ബാക്കിയുള്ളത്.
മേഖലയിലെ തങ്ങളുടെ പ്രവർത്തനം വിജയകരമാണെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഹമാസടക്കമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 700ഓളം പേരെ ഇവിടെനിന്ന് പിടികൂടിയെന്നും ഇവരെ ചോദ്യം ചെയ്യലിനായി ഷിൻബെതിന് കൈമാറിയെന്നും സൈന്യം പറയുന്നുണ്ട്. ഏകദേശം 1000 സായുധധാരികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ചശേഷം ലക്ഷക്കണക്കിന് പേരാണ് വടക്കൻ ഗസ്സയിൽനിന്ന് റഫയിലേക്കടക്കം പലായനം ചെയ്തത്. നിരവധി പേർ ഇവിടെ കൊല്ലപ്പെടുകയും ചെയ്തു. കൂടാതെ ആവശ്യത്തിന് മാനുഷിക സഹായം ലഭിക്കാത്തതിനാൽ ജനം പട്ടിണിയിലുമാണ്. ഇതിനിടയിലാണ് ജനറൽ ബ്രിഗേഡിയറുടെ പ്രസ്താവന വരുന്നത്.
കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളും
ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഐക്യരാഷ്ട്ര സഭക്ക് കീഴിലെ മനുഷ്യാവാശ സംഘടനയുടെ റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്തുവന്നിട്ടുണ്ട്. ഗസ്സയിലെ ആക്രമണത്തിന്റെ ആദ്യത്തെ ആറ് മാസം 34,500 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 8119 പേരെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ഒരു ദിവസം പ്രായമുള്ള കുഞ്ഞ് വരെ കൊല്ലപ്പെട്ടവരിലുണ്ട്. ഏറ്റവും പ്രയം ചെന്നയാൾ 97 വയസ്സുള്ള സ്ത്രീയായിരുന്നു.
യുദ്ധങ്ങളിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്ന് മനുഷ്യാവകാശങ്ങളുടെ യുഎൻ കമ്മീഷണറായ വോൾക്കർ ടർക് ആഞ്ഞടിച്ചു. വടക്കൻ ഗസ്സയിലെ ഉപരോധത്തെയും ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീൻ അഭയാർഥി ഏജൻസിക്കെതിരായ നടപടിയെയും അദ്ദേഹം അപലപിച്ചു.
ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണം. സാധാരണക്കാർക്ക് നേരെയുള്ള വ്യാപകവും ആസൂത്രിതവുമായ ആക്രമണങ്ങൾ മനുഷ്യരാശിക്ക് നേരെയുള്ള കുറ്റകൃത്യമായിട്ടാണ് കണക്കാക്കുക. ഒരു ദേശത്തെയോ വംശത്തെയോ മതവിഭാഗത്തേയോ പൂർണമായോ ഭാഗികമായോ ഇല്ലാതാക്കാനുള്ള ശ്രമം വംശഹത്യയുടെ ഭാഗമായിട്ടാണ് കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിന്റെ ഇരകളിൽ 44 ശതമാനം പേരും കുട്ടികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തന്നെ ഏറ്റവുമധികം വരുന്ന അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ളവരാണ്. 88 ശതമാനം കേസുകളിലും അഞ്ചോ അതിലധികമോ പേർ ഒരുമിച്ച് കൊല്ലപ്പെട്ടതായാണ് വ്യക്തമാകുന്നത്. ഇത് വലിയൊരു പ്രദേശത്ത് വിനാശം തീർക്കാൻ സാധിക്കുന്ന ആയുധങ്ങൾ ഇസ്രായേൽ ഉപയോഗിച്ചു എന്നതിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എന്നാൽ, റിപ്പോർട്ട് നിഷേധിച്ചുകൊണ്ട് ഇസ്രായേൽ രംഗത്തുവന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളതെന്ന് ജനീവയിലെ ഇസ്രായേൽ പ്രതിനിധി പറഞ്ഞു.