കിഴക്കൻ, തെക്കൻ ലബനൻ മേഖലകളിൽ വ്യോമാക്രമണവുമായി ഇസ്രായേൽ
ശക്തമായി തിരിച്ചടിക്കുമെന്ന ഹിസ്ബുല്ലയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഇസ്രായേലിൽ നിന്ന് ഉടൻ മടങ്ങാൻ പൗരന്മാരോട് ചൈന നിർദേശം നൽകി
ബൈറൂത്ത്: കിഴക്കൻ, തെക്കൻ ലബനാൻ മേഖലകളിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേറ്റതായി ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ 30 മിനിറ്റിനുള്ളിൽ ഇസ്രായേൽ വിമാനങ്ങൾ 80 ലധികം വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. ഹിസ്ബുല്ലയുടെ 150 കേന്ദ്രങ്ങളിൽ 24 മണിക്കൂറിനിടെ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ശക്തമായി തിരിച്ചടിക്കാനാണ് ഹിസ്ബുല്ലയുടെയും സഖ്യസൈന്യങ്ങളുടെയും തീരുമാനം.
തെക്കൻ ലെബനാനിലെ നബാത്തിയ ജില്ലയെ ലക്ഷ്യമാക്കി ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ അരമണിക്കൂറിനുള്ളിൽ 80-ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി വാർത്ത ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. കിഴക്കൻ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും കുടുംബത്തിലെയടക്കം ആറ് പേർക്ക് പരിക്കേറ്റതായും എൻഎൻഎ റിപ്പോർട്ട് ചെയ്തു.
ഹിസ്ബുല്ലയുടെ കേന്ദ്രങ്ങൾ ലക്ഷ്യംവെച്ചാണ് ലബനാനിൽ ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അൽ-തയ്‌റി, ബിൻത് ജബെയിൽ, ഹനീൻ, സാവ്ത്തർ, നബാത്തിഹ്, ഷാര, ഹർബത്ത, ഹെർമൽ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ, ഷംസ്റ്റാർ, താരിയ തുടങ്ങിയ പട്ടണങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ബോംബാക്രമണം. ബോംബാക്രമണം കടുപ്പിക്കുമെന്നും അതിനാൽ ഹിസ്ബുല്ലയുമായി ബന്ധമുള്ള മേഖലകളിൽ നിന്നൊഴിയണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ആയുധപ്പുര പോലുളള സൈനികാവശ്യങ്ങൾക്കായി ഹിസ്ബുല്ല ഉപയോഗിക്കുന്ന കെട്ടിടങ്ങളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരോട് സുരക്ഷിതമായ ഇടങ്ങളിലേക്ക് ഉടൻ മാറണമെന്ന് മുന്നറിയിപ്പ് നൽകുന്നതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലബനനിൽ ആക്രമം കടുപ്പിക്കുമെന്നും ഹഗാരി പറഞ്ഞു. ലബനനിലേക്ക് കടന്നുകയറി തിരിച്ചടി നൽകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പേജർ, വാക്കി-ടോക്കി സഫോടനങ്ങൾക്ക് പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിരുന്നു. ഹിസ്ബുല്ല വടക്കൻ ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ സൈനികർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വടക്കൻ ഇസ്രായേലിൽ കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമുള്ളതെല്ലാം തങ്ങൾ ചെയ്യുമെന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞതായി, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് വിവിധയിടങ്ങളിൽ പുക ഉയരുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ ഇസ്രായേലിൽ നിന്ന് പൗരന്മാരോട് ഉടൻ മടങ്ങാൻ ചൈന നിർദേശം നൽകി. 'എത്രയും വേഗം' ഇസ്രായേൽ വിടണമെന്നാണ് ചൈനീസ് എംബസിയുടെ അറിയിപ്പിലുള്ളത്. പൗരന്മാർ തൽക്കാലം ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്നും ചൈനീസ് എംബസി കൂട്ടിച്ചേർത്തു.
നിലവിൽ, ഇസ്രായേൽ-ലബനാൻ അതിർത്തിയിലെ സ്ഥിതി വളരെ സംഘർഷഭരിതമാണ്. ഇസ്രായേലിലെ നിലവിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണവും പ്രവചനാതീതവുമാണ്. അതിനാൽ ചൈനീസ് പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണം. അല്ലെങ്കിൽ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറുകയോ വേണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഗസക്കെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചതുമുതൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ ആക്രമണങ്ങളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ചയോടെ സംഘർഷം രൂക്ഷമായി. പേജർ സ്ഫോടനങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി. നേരത്തെ ലബനാനിൽ നിന്ന് പൗരന്മാരോട് മടങ്ങാൻ ചൈന നിർദേശിച്ചിരുന്നു.
അതേസമയം, കിഴക്കൻ, തെക്കൻ ലബനൻ ലക്ഷ്യമാക്കി ഇസ്രായേൽ ഇന്നും വ്യോമാക്രമണം തുടരുകയാണ്. തെക്കൻ ലബനാനിലെ അൽ-തയ്‌രി, ബിൻത് ജബെയിൽ, ഹനീൻ മേഖലകൾ, ഷാര, ഹർബത്ത, ഹെർമൽ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ, ഷംസ്റ്റാർ, ടാരിയ പട്ടണങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. ഒരാൾ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തായി റിപ്പോർട്ടുണ്ട്.