ഗസ്സയിലേക്കുള്ള ഭക്ഷണവും, മരുന്നും വെള്ളവും തടഞ്ഞ് ഇസ്രായേലിന്റെ ​ക്രൂരത

വടക്കൻ ഗസ്സയിലെ കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങൾ പട്ടിണിയിലാണ്

Update: 2024-01-16 07:07 GMT
Advertising

ഗസ്സയിൽ യുദ്ധം തുടരുന്നതിന് പിന്നാലെ ദുരിതാശ്വാസ കാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യാനനുവദിക്കാതെ ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് യു.എൻ. കടുത്ത ക്ഷാമം നേരിടുന്ന വടക്കൻ ഗസ്സയിൽ  ഭക്ഷണം, മരുന്ന്, വെള്ളം, മറ്റ് ജീവൻരക്ഷാ സാമഗ്രികൾ എന്നിവ വിതരണം ചെയ്യാനെത്തിയ യു.എൻ ദൗത്യസംഘങ്ങളെയാണ് ഇസ്രായേൽ അധികൃതർ തടഞ്ഞിരിക്കുന്നത്.

ഇ​സ്രായേൽ തുടരുന്ന ബോംബിങ്ങിൽ തകർന്ന വടക്കൻ ഗസ്സയിലെ വിവിധയിടങ്ങളിൽ ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിനൊപ്പം പകർച്ചവ്യാധികളും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.യുദ്ധക്കെടുതിക്ക് പുറമെ കനത്ത ഭക്ഷ്യക്ഷാമം ജനങ്ങൾ നേരിടുന്നുണ്ട്. കുട്ടികളും സ്ത്രീകളും വയോധികരുമടക്കം ആയിരങ്ങൾ പട്ടിണിയിലാണ്. അടിയന്തര സഹായമെത്തിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും യു.എൻ ഏജൻസി വ്യക്തമാക്കി.

അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയിൽ 132 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 24,100 പേർ കൊല്ലപ്പെടുകയും 60,800-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം 100 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഗസ്സ മുനമ്പിൽ അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.സഹായ വിതരണം സുഗമമാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിർത്തലിന്‍റെ അടിയന്തര ആവശ്യത്തെക്കുറിച്ച് ഗുട്ടെറസ് ഊന്നിപ്പറഞ്ഞു.

''മതിയായ സഹായം ആവശ്യമുള്ളിടത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യമാണ്. ബന്ദികളുടെ മോചനം സുഗമമാക്കുന്നതിന്... ഗസ്സയിലെ സംഘർഷം എത്രത്തോളം നീണ്ടുനിൽക്കുന്നുവോ അത്രയധികം വ്യാപകമായ യുദ്ധത്തിന്‍റെ തീജ്വാലകൾ അണയ്ക്കാൻ'' ന്യൂയോർക്കിൽ വാർത്താ സമ്മേളനത്തിൽ ഗുട്ടെറസ് പറഞ്ഞു.

ഒക്ടോബര്‍ 7ലെ ആക്രമണത്തിനു ശേഷമുണ്ടായ യുദ്ധം 2.4 ദശലക്ഷം ആളുകളെ ബാധിക്കുകയും ഭൂരിഭാഗം പ്രദേശങ്ങളും നശിപ്പിക്കുകയും ചെയ്തു. ഗസ്സയില്‍ ഇതുവരെ 24,100 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ 1,140 പേരും മരിച്ചു. മൂന്ന് മാസത്തെ പോരാട്ടത്തിൽ ഗസ്സയിലെ ജനസംഖ്യയുടെ ഏകദേശം 85 ശതമാനവും കുടിയൊഴിപ്പിക്കപ്പെട്ടു. ആളുകൾ അഭയകേന്ദ്രങ്ങളിൽ അഭയം തേടുകയും ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യസഹായം തുടങ്ങിയ അവശ്യ വിഭവങ്ങൾ ലഭ്യമാക്കാൻ പാടുപെടുകയും ചെയ്തു. വാക്കുകള്‍ക്കപ്പുറം എന്നാണ് ഗസ്സയിലെ സാഹചര്യത്തെ ഗുട്ടറെസ് വിശേഷിപ്പിച്ചത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News