'യുദ്ധം അനന്തമായി നീളുന്നു': ഇസ്രായേൽ മന്ത്രിസഭയിൽ തമ്മിലടി; ഏറ്റുമുട്ടി നെതന്യാഹുവും മന്ത്രിമാരും

യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് അംഗങ്ങളായ ബെന്നി ഗാന്റ്‌സ്, ഗാഡി ഐസൻകോട്ട്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരെ പുറത്താക്കാന്‍ നെതന്യാഹു ധൈര്യം കാണിക്കണമെന്നാണിപ്പോൾ സുരക്ഷാ മന്ത്രി ബെൻ ഗിവിർ ആവശ്യപ്പെട്ടിരിക്കുന്നത്

Update: 2024-05-19 12:13 GMT
Editor : Shaheer | By : Web Desk

മന്ത്രിസഭാ യോഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം മന്ത്രിമാരായ യോവ് ഗാലന്റും ബെന്നി ഗാന്റ്‌സും

Advertising

തെൽഅവീവ്: ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിൽ ഉൾപ്പോര് രൂക്ഷമാകുന്നു. യുദ്ധം ഇനിയും അന്ത്യമില്ലാതെ തുടരുന്ന അവസ്ഥ അനുവദിച്ചുകൂടെന്നു പറഞ്ഞ് യുദ്ധ കാബിനറ്റ് അംഗം കൂടിയായ ബെന്നി ബാന്റ്‌സ് ഭീഷണി മുഴക്കിയതിനു പിന്നാലെ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെൻ ഗിവിറും നെതന്യാഹുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് അംഗങ്ങളായ ബെന്നി ഗാന്റ്‌സ്, ഗാഡി ഐസൻകോട്ട്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരെ പുറത്താക്കാന്‍ നെതന്യാഹു ധൈര്യം കാണിക്കണമെന്നാണിപ്പോൾ ബെൻ ഗിവിർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ ഗിവിറും നെതന്യാഹുവും തമ്മിൽ ഏറ്റുമുട്ടിയെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

ഇന്നലെ മന്ത്രിസഭാ യോഗത്തിൽ ബെൻ ഗിവിർ സംസാരിക്കുന്നതിനിടെ പ്രതിരോധ മന്ത്രി ഗാലന്റ് ഇറങ്ങിപ്പോയതാണ് ഏറ്റവും പുതിയ പ്രകോപനം. ഗാലന്റിനെ പിരിച്ചുവിടാൻ നെതന്യാഹു തയാറാകണമെന്ന് സുരക്ഷാ മന്ത്രി ആവശ്യപ്പെട്ടു. താൻ എപ്പോൾ സംസാരിക്കാൻ എണീറ്റാലും ഇറങ്ങിപ്പോകുന്നത് ഗാലന്റിന്റെ സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം ആരോപിച്ചു. തുടർന്നായിരുന്നു നെതന്യാഹുവുമായി ശക്തമായ വാക്‌പോര് നടന്നതെന്ന് ഇസ്രായേൽ ചാനലായ 'കാൻ' റിപ്പോർട്ട് ചെയ്തു.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അറുതിയില്ലാതെ തുടരുന്നതിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണു മന്ത്രിസഭയിലും ചേരിപ്പോര് രൂക്ഷമാകുന്നത്. മന്ത്രിസഭയ്ക്കകത്തെ തമ്മിലടി ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. യുദ്ധാനന്തര പദ്ധതികൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ഗാന്റ്‌സ് നെതന്യാഹു സർക്കാരിന് അന്ത്യശാസനം പുറത്തിറക്കിയതാണ് അടുത്തിടെയുണ്ടായ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനീക്കം. ഇല്ലെങ്കിൽ സർക്കാർ വിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിന്നാലെ സമാനമായ ആവശ്യങ്ങളുമായി ഗാലന്റും രംഗത്തെത്തി. ഏറ്റവുമൊടുവിലാണു മന്ത്രിസഭാ യോഗത്തിലെ നാടകീയരംഗങ്ങളുണ്ടാകുന്നത്.

നെതന്യാഹുവിനും യുദ്ധത്തിനു നേതൃത്വം നൽകുന്ന ഭരണകൂടത്തിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഇന്നലെ യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്റ്‌സ് നടത്തിയത്. ഇസ്രായേൽ സൈനികർ അസാമാന്യമായ ധീരത കാണിക്കുമ്പോൾ അവരെ യുദ്ധമുഖത്തേക്ക് അയച്ച ചിലർ ഇവിടെ ഭീരുക്കളെ പോലെയാണു പെരുമാറുന്നതെന്നായിരുന്നു നെതന്യാഹുവിനെ ലക്ഷ്യമിട്ട് അദ്ദേഹം കടന്നാക്രമിച്ചത്. യുദ്ധം അവസാനിപ്പിച്ച് തുടർനടപടികളിലേക്കു കടക്കാൻ വേണ്ട ഉത്തരവാദിത്തം സർക്കാർ കാണിക്കുന്നില്ലെന്നും ഗാന്റ്‌സ് ആക്ഷേപിച്ചു. ജൂൺ എട്ടിനകം യുദ്ധാനന്തര പദ്ധതികൾ പ്രഖ്യാപിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാഷനൽ യൂനിറ്റി പാർട്ടി മുന്നണി വിടുമെന്നു മുന്നറിയിപ്പും മുഴക്കിയിട്ടുണ്ട്.

ഗസ്സയിലെ തുരങ്കങ്ങളുടെ ഇരുട്ടിൽ ബന്ദികൾ നരകയാതന അനുഭവിക്കുമ്പോൾ ഇവിടെ ചിലർ വിഡ്ഢിത്തം കാണിച്ചുകൊണ്ടിരിക്കുകയാണെന്നും ഗാന്റ്‌സ് തുടർന്നു. ഇസ്രായേൽ ജനത പോലും മികച്ച രീതിയിൽ ഇടപെടുമ്പോൾ ചില രാഷ്ട്രീയക്കാർ സ്വന്തം കാര്യം ആലോചിച്ചുനടക്കുകയാണ്. വ്യക്തതയും യാഥാർഥ്യബോധവുമുള്ള ആസൂത്രണമുണ്ടെങ്കിലേ യുദ്ധം ജയിക്കാനാകൂ. യുദ്ധശേഷം സ്വീകരിക്കേണ്ട നയവും നിലപാടും വിശദീകരിച്ചു പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആറു കാര്യങ്ങളും ഗാന്റ്‌സ് മുന്നോട്ടുവച്ചു. അതിങ്ങനെയാണ്:

1. ബന്ദികളെ എല്ലാവരെയും തിരിച്ചുകൊണ്ടുവരണം.

2. ഗസ്സയുടെ അധികാരത്തിൽനിന്ന് ഹമാസിനെ പുറത്താക്കണം. ഗസ്സ മുനമ്പിൽനിന്ന് അവരെ നിരായുധീകരിച്ച് സുരക്ഷാ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുക്കണം.

3. ഇസ്രായേലിന്റെ സൈനിക നിയന്ത്രണത്തിൽ തന്നെ ഗസ്സയുടെ ഭരണത്തിനായി ഒരു അന്താരാഷ്ട്ര സിവിലിയൻ സർക്കാർ രൂപീകരിക്കണം. അതിൽ യു.എസ്, യൂറോപ്യൻ, അറബ്, ഫലസ്തീൻ പ്രതിനിധികളെല്ലാം വേണം. ഹമാസോ ഫലസ്തീൻ അതോറിറ്റിയുടെ മഹ്മൂദ് അബ്ബാസോ അതിന്റെ ഭാഗമായുണ്ടാകരുത്.

4. ഹിസ്ബുല്ല ആക്രമണത്തെ തുടർന്ന് ഇസ്രായേലിന്റെ വടക്കൻ ഭാഗങ്ങളിൽനിന്നും ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ തുടർന്ന് പടിഞ്ഞാറൻ നെഗേവിൽനിന്നും പലായനം ചെയ്തവരെ സെപ്റ്റംബർ ഒന്നിനകം അവിടെ പുനരധിവസിപ്പിക്കണം.

5. ഇറാനും സഖ്യകക്ഷികൾക്കുമെതിരെ പടിഞ്ഞാറൻ രാജ്യങ്ങളുമായി ചേർന്നുള്ള സഖ്യനീക്കം ശക്തമാക്കുകയെന്ന വിപുലമായ പദ്ധതികളുടെ ഭാഗമായി സൗദി അറേബ്യയുമായി നയതന്ത്രബന്ധം സാധാരണനിലയിലെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകണം.

6. എല്ലാ ഇസ്രായേൽ പൗരന്മാരും രാജ്യത്തിനു വേണ്ടി സേവനങ്ങളർപ്പിക്കുന്ന തരത്തിൽ സൈനികസേവനവുമായി ബന്ധപ്പെട്ടുള്ള ചട്ടക്കൂട് തയാറാക്കണം.

ഹമാസിനെ എന്തു വിലകൊടുത്തും തീർക്കണം, പുറത്തുനിന്നുള്ള സുഹൃത്തുക്കളോ ശതുക്കളോ ആയ ഏതു ശക്തിയും നമുക്കുമേൽ ഫലസ്തീൻ രാഷ്ട്രം അടിച്ചേൽപ്പിക്കാൻ നോക്കിയാൽ അനുവദിക്കരുത്... ഇങ്ങനെയും പോകുന്നു ബെന്നി ഗാന്റ്‌സിന്റെ ആവശ്യങ്ങൾ. യുദ്ധത്തിനിടയിൽ നിർണായകമായ തീരുമാനങ്ങളുണ്ടായില്ലെന്നും വിജയം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ നേതാക്കന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന കുറ്റപ്പെടുത്തലുകളും അദ്ദേഹത്തിന്റെ സംസാരത്തിൽ തുടരുന്നുണ്ട്.

ഗാന്റ്‌സിന്റെ വിമർശനത്തോട് ശക്തമായ ഭാഷയിലാണ് നെതന്യാഹു പ്രതികരിച്ചത്. നെതന്യാഹു നേരിട്ട് എത്തിയില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവന പുറത്തിറക്കിയായിരുന്നു തിരിച്ചടിച്ചത്. ഹമാസിനു പകരം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കാണ് ഗാന്റ്‌സ് അന്ത്യശാസനം പുറത്തിറക്കിയിരിക്കുന്നതെന്ന് പ്രസ്താവനയിൽ വിമർശിച്ചു. അദ്ദേഹം ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കുമെങ്കിലും ഇസ്രായേലിന്റെ പരാജയമായിരിക്കുമത്. ബഹുഭൂരിഭാഗം ബന്ദികളെയും ഹമാസിന്റെ കൈയിൽ ഉപേക്ഷിക്കേണ്ടിവരും. ഫലസ്തീൻ രാഷ്ട്രത്തിന്റെ രൂപീകരണവുമായിരിക്കും സംഭവിക്കുക. രാജ്യതാൽപര്യത്തിനാണു പ്രാമുഖ്യം നൽകുന്നതെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ നോക്കുകയല്ല ചെയ്യേണ്ടതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് യുദ്ധത്തിന്റെ ഉത്തരവാദിത്തങ്ങളിൽനിന്നു കൈയൊഴിയാനുള്ള നീക്കമാണ് ബെന്നി ഗാന്റ്‌സിന്റേതെന്നും വിമർശനം ഉയരുന്നത്. വലിയ കണ്ണുകളുള്ള ചെറിയ നേതാവാണ് ഗാന്റ്‌സ് എന്നാണ് മന്ത്രി ബെൻ ഗിവിർ അന്ത്യശാസനത്തോട് പ്രതികരിച്ചത്. ഗാന്റ്‌സ് ഉണ്ടായാലും ഇല്ലെങ്കിലും നമ്മൾ വിജയിക്കുമെന്നായിരുന്നു ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചിന്റെ പ്രതികരണം. സമയം അതിക്രമിച്ചെന്നും പദവിയിൽനിന്ന് എത്രയും പെട്ടെന്നു താഴെയിറങ്ങാനാണു നോക്കേണ്ടതുമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്. ഈ സർക്കാർ താഴെ വീഴുകയും ഇസ്രായേൽ രാജ്യം ഉയർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നും ലാപിഡ് വ്യക്തമാക്കി.

Summary: Conflict in Israeli cabinet over War in Gaza; Benjamin Netanyahu and minister Ben-Gvir clash, War cabinet minister Benny Gantz's ultimatum

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News