വാഹനാപകടത്തിൽ തല കഴുത്തിൽ നിന്ന് വേർപെട്ടു; ശസ്ത്രക്രിയയിലൂടെ കൂട്ടിയോജിപ്പിച്ച് ഡോക്‌ടർമാർ; 12കാരന് പുതുജീവൻ

സൈക്കിളിൽ പോകുന്നതിനിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സുലൈമാൻ ഹസൻ എന്ന ഇസ്രായേലി ബാലന്റെ തല കഴുത്തിൽ നിന്ന് വേർപെട്ട് പോവുകയായിരുന്നു

Update: 2023-07-14 13:29 GMT
Editor : banuisahak | By : Web Desk
Advertising

തല കഴുത്തിൽ നിന്ന് വേർപെട്ടുപോയാൽ എന്തുചെയ്യും! മരിച്ചെന്ന് ഉറപ്പിക്കാം അല്ലേ, എന്നാൽ ഇസ്രായേലിലെ 12 വയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കേട്ടാൽ അത്ഭുതം എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. 

സൈക്കിളിൽ പോകുന്നതിനിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സുലൈമാൻ ഹസൻ എന്ന ഇസ്രായേലി ബാലന്റെ തല കഴുത്തിൽ നിന്ന് വേർപെട്ട് പോവുകയായിരുന്നു. ആന്തരിക ശിരച്ഛേദമാണ് സംഭവിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. തലയോട്ടി നട്ടെല്ലിന്റെ മുകളിലെ കശേരുക്കളിൽ നിന്ന് വേർപെട്ടു പോവുകയായിരുന്നു. 

ബൈലാറ്ററൽ അറ്റ്ലാന്റോ ആൻസിപിറ്റൽ ജോയിന്റ് ഡിസ്‌ലോക്കേഷൻ എന്ന അവസ്ഥയാണിത്. അപകടത്തെത്തുടർന്ന് കുട്ടിയെ സാധാരണ രീതിയിലല്ല എയർ ലിഫ്റ്റ് ചെയ്‌ത്‌ ഹെലികോപ്റ്ററിലാണ് ഹദസ്സ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. 

കഴുത്തിന്റെ അടിയിൽ നിന്ന് തല ഏതാണ്ട് പൂർണ്ണമായും വേർപ്പെട്ടിരുന്നുവെന്ന് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ച ഓർത്തോപീഡിക് സർജൻ ഡോ. ഒഹാദ് ഐനവ് ഇസ്രായേൽ ടൈംസിനോട് പറഞ്ഞു. മണിക്കൂറുകളോളം നീണ്ട ശാസ്ത്രക്രിയക്കാൻ കുട്ടിയെ വിധേയമാക്കിയത്. കേടുപാടുകൾ സംഭവിച്ച സ്ഥലത്ത് പുതിയ പ്ലേറ്റുകളും ഫിക്സേഷനുകളും സ്ഥാപിച്ചു.

"ഓപ്പറേഷൻ റൂമിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യക്കും ഞങ്ങളുടെ അറിവിനുമാണ് നന്ദി പറയുന്നത്. കുട്ടിയുടെ ജീവനുവേണ്ടി ഡോക്ടർമാരുടെ ടീം ഒരുമിച്ച് പോരാടി. അതിജീവിക്കാൻ 50 ശതമാനം സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിലേക്ക് അവൻ തിരിച്ചുവന്നത് അത്ഭുതം തന്നെയാണ്"; ഡോ. ഒഹാദ് ഐനവ് പറഞ്ഞു. 

കഴിഞ്ഞ മാസമാണ് ഓപ്പറേഷൻ നടന്നത്. എന്നാൽ, വിജയകരമെന്ന്‌ പൂർണമായി ഉറപ്പിക്കുന്നത് വരെ ഡോക്ടർമാർ വിവരം പുറത്തുവിട്ടിരുന്നില്ല. അടുത്തിടെയാണ് ഹസൻ ആശുപത്രി വിട്ടത്. കുട്ടി ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News