അൽഅഖ്‌സ പള്ളിയിൽ വീണ്ടും ഇസ്രായേൽ അതിക്രമം
ഇസ്രായേലിൽനിന്നെത്തുന്ന ജൂതവിശ്വാസികൾക്ക് സന്ദർശിക്കാനുള്ള സൗകര്യമൊരുക്കാനായായിരുന്നു നോമ്പുനോറ്റ വിശ്വാസികള്‍ക്കുനേരെ സൈന്യത്തിന്‍റെ അതിക്രമം
ജറൂസലേം: അൽഅഖ്‌സ പള്ളിയിൽ 48 മണിക്കൂറിനിടെ വീണ്ടും ഇസ്രായേൽ അതിക്രമം. ഇന്നു പ്രഭാത പ്രാർത്ഥനയ്ക്കു പിന്നാലെയാണ് പള്ളിയിലേക്ക് ഇരച്ചെത്തിയ സൈന്യം മുസ്‌ലിം വിശ്വാസികൾക്കുനേരെ അതിക്രമം അഴിച്ചുവിട്ടത്. രാവിലെ ഏഴോടെ ഇസ്രായേലിൽനിന്നെത്തുന്ന ജൂതവിശ്വാസികൾക്ക് സന്ദർശിക്കാനുള്ള സൗകര്യമൊരുക്കാനായായിരുന്നു സൈന്യത്തിന്റെ നടപടി.
പ്രാദേശിക സമയം രാവിലെ ഏഴിനാണ് നൂറുകണക്കിനു വരുന്ന പ്രത്യേക ഇസ്രായേൽസേന പള്ളിക്കുള്ളിലേക്ക് അതിക്രമിച്ചുകയറിയത്. ലാത്തി ഉപയോഗിച്ച് വിശ്വാസികളെ മർദിച്ച സംഘം ഗ്രനേഡ് പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. ഖിബ്‌ലി പ്രാർത്ഥനാ ഹാളിലേക്ക് കടന്ന സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. വിശ്വാസികളെ ഹാളിനകത്ത് തടഞ്ഞുവയ്ക്കുകയും ചെയ്തു.
മൂന്നുമണിക്കൂർ നീണ്ട സൈനിക നടപടിക്കിടെ ഇവിടെനിന്ന് ഒരാളെയും പുറത്തിറങ്ങാൻ അനുവദിച്ചില്ല. പരിക്കേറ്റവർക്കടക്കം അടിയന്തര പരിചരണം നൽകാനും അനുവദിച്ചില്ലെന്ന് മിഡിലീസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകാനായി എത്തിയ തങ്ങളുടെ ആരോഗ്യ പ്രവർത്തകരെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി(പി.ആർ.സി.എസ്) വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ, ഇസ്രായേലിൽനിന്ന് എത്തിയ നൂറുകണക്കിനു പേർ വൻ പൊലീസ് സന്നാഹത്തിൽ പള്ളിയിൽ പ്രവേശിക്കുകയും ചെയ്തു. പള്ളിയുടെ കോംപൗണ്ടിൽനിന്ന് മുസ്്‌ലിംകളെ ഒഴിപ്പിച്ച ശേഷമായിരുന്നു ഇവരെ ഇങ്ങോട്ട് കടത്തിവിട്ടത്. പെസഹ ആഘോഷത്തിന്റെ ഭാഗമായി വരുംദിവസങ്ങളിലും വലിയ തോതിൽ ആളുകൾ അൽഅഖ്‌സയിലെത്തുമെന്നാണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ കക്ഷികൾ വ്യക്തമാക്കിയിരിക്കുന്നത്.
ജുമുഅ ദിവസത്തെ നരനായാട്ട്
കഴിഞ്ഞ വെള്ളിയാഴ്ച അൽഅഖ്സ പള്ളിയിലേക്ക് സുബഹി നമസ്‌കാരത്തിനിടെ ഇരച്ചെത്തിയ ഇസ്രായേൽ സൈന്യം വൻനരനായാട്ടാണ് നടത്തിയത്. പള്ളിയിൽ നമസ്‌കരിക്കാനെത്തിയ വിശ്വാസികൾക്കുനേരെ ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഇസ്രായേൽ സൈന്യം അഴിഞ്ഞാടിയത്. പള്ളിയിലേക്ക് ഇരച്ചുകയറിയ സംഘം തലങ്ങും വിലങ്ങും വിശ്വാസികൾക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
പുലർച്ചെ അഞ്ചരയോടെ പ്രഭാത നമസ്‌കാരം പൂർത്തിയാകുന്നതേയുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് ഇസ്രായേൽ സൈന്യം അൽഅഖ്സ പള്ളിയിലേക്ക് ഒരു പ്രകോപനവുമില്ലാതെ ഇരച്ചുകയറിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ആരും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ച പോലെ പള്ളിയുടെ പല വാതിലുകളിലൂടെയാണ് സൈന്യം വലിയ സംഘങ്ങളായി അതിക്രമിച്ചുകയറിയത്. പിന്നാലെ, ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കാതെ തലങ്ങും വിലങ്ങും വെടിവച്ചു.
നമസ്‌കാരത്തിനു നേതൃത്വം നൽകുന്ന ഇമാം നിൽക്കുന്ന ഖിബ്ലി പ്രാർത്ഥനാമുറിക്കു മുകളിൽ കയറി വിശ്വാസികൾക്കുനേരെ തിരിഞ്ഞും ഗ്രനേഡ് പ്രയോഗം തുടർന്നു. വിശ്വാസികൾ ആത്മരക്ഷാർത്ഥം ചിതറിയോടുമ്പോഴും സൈന്യം നിർത്താതെ വെടിവയ്പ്പ് തുടർന്നു. കണ്ണീർവാതക, ഗ്രനേഡ് പ്രയോഗങ്ങളും ശക്തമാക്കി. പുറത്തുനിന്ന് അടിയന്തര ആരോഗ്യ പരിചരണത്തിന് ആളുകളെത്തുന്നത് തടഞ്ഞായിരുന്നു ക്രൂരകൃത്യമെന്ന് മിഡിലീസ്റ്റ് ഐ റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം അഞ്ചു മണിക്കൂർ നേരമാണ് പള്ളിക്കകത്തും പള്ളി വളപ്പിലും ഇസ്രായേൽ സൈന്യം തേർവാഴ്ച തുടർന്നത്. എട്ടുമണിയോടെ പള്ളിയുടെ മറ്റു ഭാഗങ്ങളിൽനിന്നെല്ലാം വിശ്വാസികളെ ആട്ടിപ്പായിച്ചു. ഈ സമയത്ത് ഖിബ്ലി ഭാഗത്ത് ഒരുമിച്ചുകൂടിയിരുന്നവർ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ വീണ്ടും ഇവർക്കെതിരെയും വെടിവയ്പ്പ് ആരംഭിച്ചു.
കൈകാലുകൾ കെട്ടിയിട്ടും മർദനമുണ്ടായതായി റിപ്പോർട്ടുണ്ട്. ഒടുവിൽ, രാവിലെ ഒൻപതരയോടെ 80ഓളം പേരെ ഇവിടെനിന്ന് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നുവെന്ന് മിഡിലീസ്റ്റ് ഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Summary: Israeli forces storm al-Aqsa Mosque for second time in 48 hours