ഹമാസ് പോരാളിക്കൊപ്പം എകെ 47 പിടിച്ച് ഇസ്രായേൽ മുത്തശ്ശി, ഫോട്ടോ വൈറൽ
ബന്ദികളോട് ഹമാസ് മാന്യമായാണ് പെരുമാറുന്നതെന്ന് നേരത്തെ വിട്ടയക്കപ്പെട്ടവർ വ്യക്തമാക്കിയിരുന്നു
ഇസ്രായേലി മുത്തശ്ശി തന്നെ ബന്ദിയാക്കിയ ഹമാസ് പോരാളിക്കൊപ്പം നിൽക്കുന്ന ഫോട്ടോ വൈറൽ. പോരാളിയുടെ എകെ 47 കയ്യിൽ പിടിച്ചുനിൽക്കുന്ന ഫോട്ടോ ഫലസ്തീൻ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്ന ജാക്‌സൻ ഹിൻക്ലെയാണ് എക്‌സിൽ പങ്കുവെച്ചത്. പ്രൊപ്പഗണ്ടകളെ തുറന്നുകാട്ടുന്നയാളാണ് താനെന്നാണ് ജാക്‌സൻ ട്വിറ്റർ ബയോയിൽ പറയുന്നത്.
ബന്ദികളോട് ഹമാസ് മാന്യമായാണ് പെരുമാറുന്നതെന്ന് നേരത്തെ വിട്ടയക്കപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. ഇസ്രായേലികളായ 85കാരി യോഷേവെദ് ലിഫ്ഷിറ്റ്‌സ്, 79കാരി നൂറിത് കൂപ്പർ എന്നിവരെയാണ് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഹമാസ് വിട്ടയച്ചിരുന്നത്. സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ അവിടെ ആളുണ്ടായിരുന്നുവെന്നും മോചിതയായ യോഷേവെദ് ലിഫ്ഷിറ്റ്‌സ് പറഞ്ഞിരുന്നു.
ഒരുപാട് നാൾ ബന്ദികളെ ഒളിപ്പിക്കാൻ കഴിഞ്ഞ ഹമാസിന് ദീർഘകാല പദ്ധതിയുണ്ടെന്നാണ് കരുതുന്നതെന്നും മോചിതയായ ശേഷം ലിഫ്ഷിറ്റ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. 'ഓരോ ബന്ദികളെ നോക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും അവരാണ് നോക്കിയത്. എല്ലാറ്റിനെ കുറിച്ചും അവർ ഞങ്ങളോട് സംസാരിച്ചു. ഏറെ സൗഹൃദപൂർവ്വമായിരുന്നു അവരുടെ പെരുമാറ്റം. അവർ ഞങ്ങൾക്ക് ബ്രഡും വെണ്ണയും തന്നു. കൊഴുപ്പു കുറഞ്ഞ പാൽക്കട്ടിയും കക്കിരിയുമായിരുന്നു ഞങ്ങളുടെ ദിനേനയുള്ള ഭക്ഷണം. അവർ നന്നായി തയ്യാറെടുത്ത പോലെയുണ്ട്. ദീർഘനാൾ ഞങ്ങളെ മറച്ചുവയ്ക്കാൻ അവർക്കായി.'- അവർ പറഞ്ഞു.
'അവർ ഞങ്ങളെ ടണലിലേക്കാണ് കൊണ്ടുപോയത്. നനഞ്ഞ ചെളിയിൽ കിലോമീറ്ററുകൾ നടന്നുപോയി. ചിലന്തിവല പോലെ പടർന്നു കിടക്കുന്ന വലിയ ടണൽ സംവിധാനം അവിടെയുണ്ട്. അവിടെയെത്തിയ വേളയിൽ, തങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ് എന്നും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു. ടണലിൽ തങ്ങളുടെ അതേ അവസ്ഥയിൽ, അവരിൽ ഒരാളായി ജീവിക്കാമെന്നും അവർ പറഞ്ഞു. ആവശ്യമുള്ളവർക്ക് അവർ ഡോക്ടർമാരെ എത്തിച്ചിരുന്നു. കിടക്കയിലാണ് ഞങ്ങൾ കിടന്നത്. എല്ലാം വൃത്തിയുള്ളതാണെന്ന് അവർ ഉറപ്പാക്കിയിരുന്നു.' - അവർ കൂട്ടിച്ചേർത്തു.
ഒക്ടോബർ ഏഴിലെ ആക്രമണത്തെ കുറിച്ചും അവർ ഓർത്തെടുത്തു. 'കിബുട്‌സിൽ ഞങ്ങൾക്കു നേരെ വലിയ ആക്രമണമാണ് ഉണ്ടായത്. മോട്ടോർ സൈക്കിളിലിരുത്തി കാട്ടിലൂടെയാണ് എന്നെ കൊണ്ടുപോയത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. 2.5 ബില്യൺ ചെലവിട്ട് നിർമിച്ച ഇലക്ട്രിക് വേലി ഒക്കെ പൊട്ടിച്ചാണ് ഞങ്ങളെ കൊണ്ടുപോയത്. ആൾക്കൂട്ടം വീടുകൾ കൊള്ളയടിച്ചിരുന്നു. ചിലരെ മർദിച്ചു. ചിലരെ ബന്ദികളാക്കി. അത് വളരെ വേദനാജനകമായിരുന്നു. അങ്ങനെയാണ് ടണലിന് മുമ്പിലെത്തിയത്.' - ലിഫ്ഷിറ്റ്‌സ് പറഞ്ഞു.
മോചിപ്പിക്കുന്ന വേളയിൽ ഇവർ ഹമാസ് പോരാളിയെ ഹസ്തദാനം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ്, ഹമാസ് സേന സൗഹൃദപൂർവ്വമാണ് പെരുമാറിയത് എന്ന് ലിഫ്ഷിറ്റ്‌സ് മറുപടി നൽകിയത്. റെഡ്‌ക്രോസ് വഴിയായിരുന്നു ഇവരുടെ കൈമാറ്റം. എന്നാൽ ലിഫ്ഷിറ്റ്‌സിന്റെ പ്രതികരണം ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. ലിഫ്ഷിറ്റ്‌സിന്റെ അഭിമുഖം ഒരു 'പിഴവ്' ആയിരുന്നുവെന്ന് ഇസ്രായേൽ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കാൻ ന്യൂസിനോട് ചില വൃത്തങ്ങൾ പറഞ്ഞു. പത്ര പ്രസ്താവനയ്ക്ക് മുമ്പ് ലിഫ്ഷിറ്റ്സുമായി 'പ്രാഥമിക മീറ്റിംഗ്' നടന്നിരിക്കില്ലായിരുന്നുവെന്നും ആരെങ്കിലും നടത്തിയിരുന്നെങ്കിൽ 'എല്ലാ ചോദ്യങ്ങളും' ഉൾപ്പെട്ടിട്ടില്ലായിരിക്കുമെന്നും പറഞ്ഞു. മിഡിൽ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതിനിടെ, തടവുകാരെ വെച്ചുമാറാമെന്ന് മൂന്ന് ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ് വാഗ്ദാനം നൽകിയിരിക്കുകയാണ്. ബന്ദികളിലൊരാൾ ഹീബ്രുവിൽ ഇസ്രായേൽ സർക്കാറിനെ വിമർശിക്കുന്നതും ഹമാസ് പുറത്തുവിട്ട വീഡിയോയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിസംബോധന ചെയ്താണ് ബന്ദികൾ വീഡിയോയിൽ സംസാരിക്കുന്നത്. 'ഞങ്ങളെ നിങ്ങൾ കൊലക്ക് വിട്ടു കൊടുക്കുകയാണ്. നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിങ്ങൾ ഈ ആക്രമണത്തെ ഉപയോഗിക്കുകയാണ്. ഹമാസ് സേനാംഗങ്ങൾ ഞങ്ങളെ ആക്രമിക്കുമ്പോൾ നിങ്ങളുടെ സൈന്യത്തെയോ നിങ്ങളെയോ കണ്ടില്ല'. ഇത്തരത്തിൽ വൈകാരികമായാണ് ബന്ദികൾ വീഡിയോയിൽ സംസാരിക്കുന്നത്.
അതേസമയം ഹമാസിന്റേത് പ്രൊപ്പഗണ്ട വീഡിയോയാണെന്നാണ് ഇസ്രായേലിലെ സർക്കാർ അനുകൂല പത്രമായ ജറുസലേം പോസ്റ്റ് ഇക്കാര്യത്തിൽ വാർത്ത നൽകിയിരിക്കുന്നത്. സമാനമായ വാഗ്ദാനം ഹമാസ് നേരത്തെയും ഇസ്രായേലിന്റെ മുന്നിൽ വെച്ചിരുന്നു. അന്ന് ഇസ്രായേൽ കാബിനറ്റിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നെങ്കിലും ഇതിലൊരു തീരുമാനം പിന്നീടുണ്ടായിരുന്നില്ല.
ഒക്ടോബർ ഏഴിന് നടന്ന അതിർത്തി ഭേദിച്ച് ഹമാസ് നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ 220 പേരെയാണ് ബന്ദികളാക്കി എന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് രണ്ട് അമേരിക്കൻ പൗരന്മാരെയും ഹമാസ് മോചിപ്പിച്ചിരുന്നു. മാനുഷിക പരിഗണന വച്ചാണ് ബന്ദികളെ മോചിപ്പിക്കുന്നതെന്ന് ഹമാസ് പറയുന്നു.
Israeli grandmother holds AK-47 with Hamas fighter, photo goes viral