ആറു ഭാര്യമാരും 18 മക്കളും; പീഡനക്കേസിൽ ജയിലിലായ ഇസ്രായേൽ കൾട്ട് നേതാവ് മരിച്ചു
2013ൽ അംബാഷിനെതിരെ ജറുസലേമിലും തിബ്‌രീസിലുമായി ഉയർന്ന 20 ക്രിമിനൽ ആരോപണങ്ങളിൽ 18 എണ്ണത്തിലും കുറ്റം ചുമത്തപ്പെട്ടിരുന്നു
ജറുസലേം: പീഡനക്കേസിൽ ജയിലിലായിരുന്ന ഇസ്രായേലിലെ ജറുസലേം കൾട്ട് നേതാവ് മരിച്ചു. ആറു ഭാര്യമാരിലായി 18 മക്കളുള്ള ഡാനിയൽ അംബാഷാണ് മരിച്ചത്. റാംലയിലെ അയാലോൺ പ്രിസണിൽ കഴിഞ്ഞിരുന്ന ഇയാൾ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചതെന്ന് ഇസ്രായേൽ പ്രിസൺ സർവീസ് വക്താവ് അറിയിച്ചു.
2013ൽ അംബാഷിനെതിരെ ജറുസലേമിലും തിബ്‌രീസിലുമായി ഉയർന്ന 20 ക്രിമിനൽ ആരോപണങ്ങളിൽ 18 എണ്ണത്തിലും കുറ്റം ചുമത്തപ്പെട്ടിരുന്നു. അടിമയാക്കി വെക്കൽ, പ്രായപൂർത്തിയാകാത്തവരോടുള്ള ക്രൂരത, തടങ്കിൽ വെക്കൽൗ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരുന്നത്. ഇസ്രായേലിലെ ഏറ്റവും മോശം കേസുകളിലൊന്നെന്ന് പൊലീസ് വിശേഷിപ്പിച്ച കേസിൽ 2039 വരെയാണ് അംബാഷിന് ശിക്ഷ അനുഭവിക്കേണ്ടിയിരുന്നത്.
കുറ്റങ്ങൾ
കേസിൽ യഥാർത്ഥത്തിൽ ഒമ്പത് പേരാണ് പ്രതികളായുണ്ടായിരുന്നത്. അംബാഷ്, സഹായികളായ രണ്ടു പുരുഷന്മാർ, സ്വയം പീഡനം അനുഭവിച്ച ആറു ഭാര്യമാർ എന്നിവരാണ് പ്രതികൾ. കൾട്ട് അംഗങ്ങൾ കൂട്ടത്തിലുള്ള കുട്ടികളെ പീഡിപ്പിച്ചിരുന്നു. ബലാത്സംഗം, മോശം പെരുമാറ്റം, അടി, ഇലക്ട്രിക് ഷോക്ക് തുടങ്ങിയവയാണ് കുട്ടികൾ അനുഭവിക്കേണ്ടത് വന്നത്. അംബാഷ് തന്റെ ഭാര്യമാരെയും പീഡിപ്പിച്ചിരുന്നു. ഒരു ഭാര്യയുടെ തല ടോയിലറ്റിൽ വെപ്പിച്ച് ശ്വാസം മുട്ടുന്നത് വരെ വെള്ളമൊഴിച്ചിരുന്നു. മറ്റൊരു ഭാര്യയുടെ മുടി പിടിച്ച് വലിച്ച് എത്ര പേർ അവളുടെ കൂടെ കിടന്നിട്ടുണ്ടെന്ന് പറയാൻ നിർബന്ധിച്ചു.
എന്നാൽ ഇയാൾ ശിക്ഷിക്കപ്പെട്ടതോടെ നിരപരാധിയാണെന്നും തങ്ങൾക്ക് പീഡനമേറ്റിട്ടില്ലെന്നും അവകാശപ്പെട്ട് ഭാര്യമാർ രംഗത്ത് വന്നിരുന്നു. 2018ൽ മൂന്നു പേർ ഇയാളെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി അംഗീകരിച്ചിരുന്നില്ല.
Israeli Jerusalem Cult leader Daniel Ambash dies in prison