‘ബൈഡന്റെ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ചാൽ സർക്കാറിനെ താഴെയിറക്കും’; ഭീഷണിയുമായി ഇസ്രായേൽ മന്ത്രിമാർ

കരാർ നടപ്പാക്കിയാൽ സർക്കാറിന് പിന്തുണ നൽകുമെന്ന് പ്രതിപക്ഷം

Update: 2024-06-02 06:07 GMT
Advertising

തെൽ അവീവ്: വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇസ്രായേൽ മന്ത്രിസഭയിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. വെടിനിർത്തലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശങ്ങൾ അംഗീകരിച്ചാൽ സർക്കാറിനെ താഴെയിറക്കുമെന്ന് തീവ്രദേശീയ പാർട്ടികളിലെ രണ്ട് മന്ത്രിമാർ മുന്നറിയിപ്പ് നൽകി. റിലീജിയസ് സയണിസം പാർട്ടിയുടെ ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച്, ഒത്സമ യഹൂദിത് പാർട്ടിയുടെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗിവിർ എന്നിവരാണ് ഭീഷണി മുഴക്കിയത്.

ഹമാസിനെ ഇല്ലാതക്കും മുമ്പ് വെടിനിർത്തൽ കരാർ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരത്തിൽ വെടിനിർത്തൽ അംഗീകരിക്കുകയാണെങ്കിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി. കരാർ അംഗീകരിക്കുന്നതോടെ ഇസ്രായേലിന് സമ്പൂർണ പരാജയ​മാണ് സംഭവിക്കുകയെന്ന് ബെൻഗിവിർ പറഞ്ഞു.

2022ലെ തെരഞ്ഞെടുപ്പിൽ 14 സീറ്റുകളാണ് ഇരു പാർട്ടികൾക്കുമായിട്ടുള്ളത്. നിലവിൽ ഭരണമുന്നണിക്ക് 64 അംഗങ്ങളാണുള്ളത്. ഇരു പാർട്ടികളും പിന്തുണ പിൻവലിച്ചാൽ സർക്കാറിന്റെ ഭൂരിപക്ഷം നഷ്ടമാകും.

അതേസമയം, കരാർ നടപ്പാക്കുന്നതിന്റെ പേരിൽ സർക്കാർ വീഴുകയാണെങ്കിൽ തങ്ങൾ പിന്തുണക്കാമെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പറഞ്ഞു. സർക്കാറിന്റെ മറ്റു വിഷയങ്ങളിൽ യെഷ് ആറ്റിഡ് പാർട്ടി പിന്തുണക്കില്ല. ബന്ദികൾ മരിച്ച് വീഴുംമുമ്പ് വെടിനിർത്തൽ കരാർ നടപ്പാക്കണമെന്നും ലാപിഡ് വ്യക്തമാക്കി.

പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധ മന്ത്രിസഭ ഉടൻ വിളിച്ചുചേർക്കണമെന്ന് നാഷനൽ യൂനിറ്റി പാർട്ടി തലവനും മന്ത്രിയുമായ ബെന്നി ഗാന്റ്സ് പറഞ്ഞു. ഒക്ടോബർ ഏഴിലെ ആക്രമണശേഷം സർക്കാറിനൊപ്പം ചേർന്ന പാർട്ടിയാണ് നാഷനൽ യൂനിറ്റി പാർട്ടി. അതേസമയം, ജൂൺ എട്ടിന് മുമ്പ് തന്ത്രപരമായ തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ സർക്കാറിനുള്ള പിന്തുണ പിൻവലിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് നിർദേശിച്ച വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. സർക്കാറിലെ തീവ്രാവാദികൾ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ബന്ദികളെ ബലികൊടുക്കുകയാണെന്നും ഇവർ ആരോപിച്ചു. എന്നാൽ, ഹമാസിനെ ഇല്ലാതാക്കു​ം വരെ യുദ്ധം തുടരുമെന്ന് തന്നെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.

ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂറ്റൻ പ്രതിഷേധ റാലിക്കാണ് ശനിയാഴ്ച രാത്രി തെൽ അവീവ് സാക്ഷ്യം വഹിച്ചത്. 1.20 ലക്ഷം പേർ റാലിയിൽ പ​ങ്കെടുത്തുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഒക്ടോബർ ഏഴിലെ ആക്രമണശേഷം ഇസ്രായേലിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായിരുന്നു ശനിയാഴ്ചത്തേത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറി.

നെതന്യാഹു രാജിവെക്കണമെന്നും ഉടൻ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പലയിടത്തും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ശബ്ദ പീരങ്കി ഉപയോഗിച്ചു. ബന്ദികളെ നെതന്യാഹുവിൽ നിന്ന് രക്ഷിക്കണമെന്ന് ബൈഡനോട് ആവശ്യപ്പെടുന്ന ബാനറുമേന്തിയായിരുന്നു പലരും മാർച്ചിൽ അണിനിരന്നത്.

വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന് സൂചനയുണ്ട്. ജോ ബൈഡന്റെ നിർദേശങ്ങളിൽ അന്തിമ തീരുമാനത്തിലെത്താൻ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങൾ ഇസ്രായേലിനോടും ഹമാസിനോട് ആവശ്യപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ബൈഡന്റെ നിർദേശങ്ങൾ സ്വാഗതം ചെയ്ത് ഹമാസ് രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് ഇതുവരെ രേഖാമൂലമുള്ള നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാൻ പറഞ്ഞു. ‘ഇതുവരെ തങ്ങൾക്ക് രേഖാമൂലം ഒന്നും ലഭിച്ചിട്ടില്ല. പറയുന്ന കാര്യങ്ങളാകില്ല രേഖകളായി വരുമ്പോൾ ഉണ്ടാവുക എന്നതാണ് തങ്ങളുടെ അനുഭവം. അതിനാൽ തന്നെ എല്ലാ വിശദാംശങ്ങളോടും കൂടിയ രേഖകൾ പഠിക്കാൻ തങ്ങൾ തയ്യാറാണ്’-ഉസാമ ഹംദാൻ കൂട്ടിച്ചേർത്തു.

മൂന്ന് ഘട്ടമായിട്ടുള്ള വെടിനിർത്തൽ കരാറാണ് ബൈഡൻ നിർദേശിച്ചിട്ടുള്ളത്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ സമ്പൂർണ പിൻമാറ്റം, ബന്ദികളുടെ മോചനം, ഗസ്സയുടെ പുനർനിർമ്മാണം തുടങ്ങിയ നിർദേശങ്ങളാണ് ഇതിലുള്ളത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News