ഇസ്രായേൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്
ആക്രമണത്തിൽ കപ്പലിന് കേടുപാടുണ്ടായതായാണ് വിവരം. കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.
തെൽഅവീവ്: ഇസ്രായേൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇസ്രായേൽ പൗരനായ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ഇന്ത്യൻ മഹാസമുദ്രത്തിൽവച്ച് ഇറാൻ നിർമിത ശാഹെദ്-136 ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. പേര് വെളിപ്പെടുത്താൻ തയ്യാറാവാത്ത യു.എസ് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അറബ് സാറ്റലൈറ്റ് ചാനലായ അൽ മായദീനും ഇന്ത്യൻ മഹാസമുദ്രത്തിൽവച്ച് ഇസ്രായേൽ കപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കപ്പലിന് കേടുപാടുണ്ടായതായാണ് വിവരം. കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.
അതേസമയം ആക്രമണത്തിൽ ഇറാന്റെ പങ്കിന് തെളിവ് നൽകാൻ യു.എസ്. ഏജൻസികൾ തയ്യാറായിട്ടില്ല. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് അറിയിച്ചു. സംഭവത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആക്രമണത്തിന് മുമ്പുള്ള ദിവസങ്ങളിൽ, യു.എ.ഇ തുറമുഖത്തുനിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ കപ്പലിന്റെ ട്രാക്കിങ് പ്രക്ഷേപണം നിലച്ചതായി മാരിടൈം സെക്യൂരിറ്റി കമ്പനിയായ ആംബ്രെ പറഞ്ഞു. ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മനസിലാക്കിയതിനാലാവാം കപ്പൽ ജീവനക്കാർ ട്രാക്കിങ് പ്രക്ഷേപണം ഓഫാക്കിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.