യു.എസിന്റെ താല്‍കാലിക തുറമുഖം ഗസ്സക്കാരെ പുറത്താക്കാന്‍ ഉപയോഗിക്കാമെന്ന് നെതന്യാഹു

മാനുഷിക സഹായം എത്തിക്കാനായി നിര്‍മ്മിച്ച താല്‍കാലിക തുറമുഖത്തെ ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള മാര്‍ഗമാക്കി ഉപയോഗിക്കാനുള്ള തന്ത്രമാണ് നെതന്യാഹു മെനയുന്നത്

Update: 2024-03-21 05:07 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഗസ്സസിറ്റി: മാനുഷിക സഹായം എത്തിക്കുന്നതിനായി ഗസ്സയുടെ തീരത്ത് യു.എസിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച താല്‍കാലിക തുറമുഖം ഫലസ്തീനികളെ പുറത്താക്കാന്‍ ഉപയോഗിക്കാമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പട്ടിണി രൂക്ഷമായ ഗസ്സയില്‍ ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് യു.എസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ താല്‍കാലിക ഫ്‌ലോട്ടിങ് തുറമുഖം നിര്‍മിക്കുമെന്ന് പ്രസിഡന്റ് ജോബൈഡന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തുറമുഖ നിര്‍മ്മാണം പുരോഗമിക്കുന്നതായാണ് വിവരം.

എന്നാല്‍ മാനുഷിക സഹായം എത്തിക്കാനായി നിര്‍മ്മിച്ച ഈ താല്‍കാലിക തുറമുഖത്തെ ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള മാര്‍ഗമാക്കി ഉപയോഗിക്കാനുള്ള തന്ത്രമാണ് നെതന്യാഹു മെനയുന്നത്. വിദേശകാര്യ വകുപ്പിന്റെയും സുരക്ഷാ കമ്മിറ്റിയുടെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സ്വകാര്യ യോഗത്തില്‍ നെതന്യാഹു ഈ നിര്‍ദേശം ഉയര്‍ത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സയിലെ ഫലസ്തീന്‍ ജനതയെ ഈ തുറമുഖം വഴി പുറത്താക്കാമെന്നും എന്നാല്‍ മറ്റു രാജ്യങ്ങള്‍ അവരെ സ്വീകരിക്കാന്‍ തയ്യാറാകുമോ എന്നതൊഴിച്ചാല്‍ അവരെ പുറത്താക്കുന്നതിന് മറ്റു തടസങ്ങളില്ലെന്നും നെതന്യാഹു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗസ്സയിലെ ജനതയെ പുറത്താക്കാനായാല്‍, ഫലസ്തീനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമാവും.

ഗസ്സയിലെ ഫലസ്തീനികളുടെ സമ്പൂര്‍ണ്ണ ഉന്മൂലനം എന്ന സ്വപ്‌നം നെതന്യാഹു ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഫലസ്തീന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് നേതാവ് മുസ്തഫ ബര്‍ഗൂതി ട്വീറ്റ് ചെയ്തു. വാര്‍ത്തയോട് പ്രതികരിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ആറുമാസം പിന്നിടുന്ന ഗസ്സയിലെ ഇസ്രായേല്‍ യുദ്ധത്തില്‍ 31,923 പേരാണ് കൊല്ലപ്പെട്ടത്. പട്ടിണി മരണവും പോഷകാഹാര കുറവുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഗസ്സയില്‍ രൂക്ഷമാണ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News