മകൾക്ക് ജന്മദിന സമ്മാനമായി കെട്ടിടം ബോംബിട്ടു തകർത്ത ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
ഗസ്സയിലെ ദുരന്തഭൂമിയിൽനിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾക്കിടയിലാണ് മനഃസാക്ഷിയെ നടുക്കുന്ന വിഡിയോ പുറത്തുവരുന്നത്
ഗസ്സസിറ്റി: രണ്ട് വയസുള്ള മകൾക്ക് ജന്മദിന സമ്മാനമായി ഗസ മുനമ്പിലെ പാർപ്പിട സമുച്ചയം ബോംബിട്ട് തകർത്ത ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു. ഇദ്ദേഹം കെട്ടിടം ബോംബ് വെച്ച് തകർക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മകൾക്കുള്ള ജന്മദിന സമ്മാനമെന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. ആയുധവുമേന്തി നില്‍ക്കുന്ന മറ്റു സൈനികരും ഇയാൾക്കൊപ്പം വീഡിയോയിലുണ്ട്.
''ഈ സ്‌ഫോടനം ജന്മദിനം ആഘോഷിക്കുന്ന എന്റെ മകൾക്ക് സമർപ്പിക്കുന്നു. രണ്ടു വയസുകാരിയാണവൾ. നിന്നെ മിസ് ചെയ്യുന്നു''- എന്നിങ്ങനെ ഹീബ്രു ഭാഷയിലായിരുന്നു സൈനികന്റെ സംസാരം. കൗണ്ട്ഡൗൺ ആരംഭിച്ചതിന് ശേഷം നിമിഷങ്ങൾക്കകം ഇവരുടെ പിന്നിലുള്ളൊരു കെട്ടിടം വൻ സ്‌ഫോടനശബ്ദത്തോടെ തീഗോളമായി ചിതറിത്തെറിക്കുകയായിരുന്നു.
കെട്ടിടം തകർന്നവീഴുമ്പോൾ താനാ വൃത്തികെട്ട സാധനം തീർത്തുകളഞ്ഞെന്ന് ഒരാൾ പശ്ചാത്തലത്തിൽ പറയുന്നതും കേൾക്കാമായിരുന്നു. താൻ ഉടൻ തിരിച്ചുവരുമെന്നും ഇയാള്‍ പറയുന്നുണ്ട്. ഗസ്സയിലെ ദുരന്തഭൂമിയിൽനിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾക്കിടയിലാണ് മനഃസാക്ഷിയെ നടുക്കുന്ന വിഡിയോ പുറത്തുവരുന്നത്.
അതേസമയം ഗസ്സയിൽ ആക്രമണം രൂക്ഷമാകുമ്പോള്‍ ഇസ്രായേൽ സേനയ്ക്ക് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 5,000ത്തിലേറെ സൈനികർക്ക് പരിക്കേറ്റതായും 2,000ത്തിലധികം സൈനികർക്ക് അംഗവൈകല്യം സംഭവിച്ചതായും ഹിബ്രു പത്രം യെദിയോത്ത് അഹ്റോനേത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗസ്സയിൽ വെടിനിർത്തലിനെ എതിർത്ത അമേരിക്കക്കെതിരെ വിമർശനവുമായി തുർക്കിയും ഇറാനും മലേഷ്യയും രംഗത്തെത്തി.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലും റഫയിലും ഇസ്രായേൽ നരഹത്യ തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം 350ഓളം പേരെയാണ് ഇസ്രായേൽ സേന കൊന്നൊടുക്കിയത്. ഹമാസ് പ്രതിരോധവും ശക്തമാണ്.