ഇസ്രായേൽ യുദ്ധടാങ്കുകൾ ഗസ്സ സിറ്റിക്ക് സമീപമെത്തി, പിന്നീട് പിന്മാറിയെന്ന് ഹമാസ്

സലാഹുദ്ദീൻ തെരുവിൽ ഏറ്റുമുട്ടൽ നടന്നെന്ന് ഹമാസ്

Update: 2023-10-30 18:42 GMT
Advertising

ഗസ്സ സിറ്റി: കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഇസ്രായേൽ യുദ്ധടാങ്കുകൾ ഗസ്സ സിറ്റിക്ക് സമീപമെത്തി. സലാഹുദ്ദീൻ തെരുവിൽ ഏറ്റുമുട്ടൽ നടന്നെന്ന് ഹമാസ് സ്ഥിരീകരിച്ചു. പിന്നീട് ടാങ്കുകൾ പിന്മാറിയെന്നും അവർ അറിയിച്ചു. നിരവധി ഇസ്രായേൽ ടാങ്കുകളാണ് അതിർത്തി കടന്ന് ഗസ്സയിലെത്തിയതെന്നാണ് വിവരം. കണ്ണിൽക്കണ്ടവരെയെല്ലാം ഇല്ലാതാക്കുകയാണ് സൈന്യമെന്ന് ദൃക്‌സാക്ഷികൾ കുറ്റപ്പെടുത്തി. തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്തവരടക്കമാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8,300 കവിഞ്ഞിരിക്കുകയാണ്.

അതേസമയം, ഇന്നലെ രാത്രിയും ഗസ്സയിൽ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഗസ്സയിലെ അൽ ഖുദ്‌സ് ആശുപത്രി ഉടൻ ഒഴിയണമെന്ന് ഇന്നലെ രാത്രി മുതൽ ഇസ്രായേൽ തുടർച്ചയായി ഭീഷണി മുഴക്കുകയാണ്. ആശുപത്രിയിൽ പരിക്കേറ്റ 400ലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്. റെഡ് ക്രെസന്റ് ആശുപത്രി സുരക്ഷിതയിടമായി കണ്ട് പതിനായിരക്കക്കണക്കിന് പേർ അഭയം തേടിയിട്ടുമുണ്ട്. 2019 മുതൽ ലോകത്താകെ സംഘർഷങ്ങളിൽ ഒരു വർഷം കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ കുട്ടികൾ മൂന്നാഴ്ച കൊണ്ട് കൊല്ലപ്പെട്ടെന്ന് സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ആഗസ്ത് ഏഴിന് ശേഷം വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 112 ആയി.

ഹമാസ് ബന്ദിയാക്കിയ ജർമൻ യുവതി ഷാനി ലൌക് മരിച്ചെന്ന് അമ്മ അറിയിച്ചു. തലയോട്ടി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി ഇസ്രായേൽ സൈന്യമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് സഹോദരി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അതിനിടെ, ഇസ്രായേലിനെതിരെ ലോകത്ത് വിവിധയിടങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. റഷ്യയിലെ മക്ചക്‌ലയിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭകർ ഇസ്രായേലിൽ നിന്നെത്തിയ വിമാനയാത്രക്കാരെ കയ്യേറ്റം ചെയ്തു. നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ ഇരച്ചുകയറുകയായിരുന്നു. ഇസ്രായേൽ പൗരന്മാർക്ക് സുരക്ഷ നൽകാൻ റഷ്യയ്ക്കാകണമെന്ന് ഇസ്രായേൽ പ്രതികരിച്ചു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News