'ഗസ്സയിൽ അവൾക്ക് പിന്തുണ കിട്ടി'; പട്ടിക്കുഞ്ഞുമായി ഹമാസ് വിട്ടയച്ച മിയ
പട്ടിക്കുഞ്ഞിനെ അണച്ചുപിടിച്ച് മോചിതയായ മിയയുടെ വീഡിയോ നേരത്തെ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
തെൽ അവീവ്: ഗസ്സയിൽ ഹമാസിന്റെ ബന്ദിയായി കഴിയവെ തനിക്കും വളർത്തുപട്ടി ബെല്ലയ്ക്കും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് ഇസ്രായേൽ കൗമാരക്കാരി മിയ ലീംബെർഗ്. തങ്ങൾക്കു രണ്ടു പേർക്കും ഇതൊരു സമ്പൂർണ യാത്രയായിരുന്നു എന്നും തന്നെ സംബന്ധിച്ച് ഇതു ഭാഗ്യം കൂടിയാണെന്നും അവർ പറഞ്ഞു. ഇസ്രായേലിലെ കാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മിയ മനസ്സു തുറന്നത്.
താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ഭാഗമായി നവംബർ 28നാണ് മിയയും അമ്മ ഗബ്രിയേല, സഹോദരി ക്ലാര മർമൻ എന്നിവരും മോചിതരായത്. ഒക്ടോബർ ഏഴിന് ഗസ്സ അതിർത്തിക്കടുത്തുള്ള കിബുസ് നിർ യിതാകിൽ നിന്നാണ് ഇവർ ഹമാസ് പിടിയിലായത്. പട്ടിക്കുഞ്ഞിനൊക്കൊപ്പം മോചിതയായ മിയയുടെ വീഡിയോ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ബന്ദികളോട് ഹമാസ് സ്വീകരിക്കുന്ന അനുകമ്പയും ചർച്ചയായിരുന്നു.
'ഞങ്ങൾക്ക് രണ്ടു പേർക്കും ഇതൊരു സമ്പൂർണ യാത്രയായിരുന്നു. ആദ്യമായി, ബെല്ല (വളർത്തുപട്ടി) ഞാനറിയുന്ന മറ്റു ജീവികളെ പോലെയല്ല. അവൾ ശാന്തയാണ്. അവളോടൊന്നിച്ചുള്ള യാത്രകൾ ബുദ്ധിമുട്ടായിരുന്നു. അധികമായി നാലു കിലോ ഒക്കെ വരും. ഞങ്ങൾ കഴിച്ച ശേഷമുള്ള ഭക്ഷണമാണ് അവൾക്ക് കൊടുത്തത്. ഞങ്ങളെ സൂക്ഷിച്ച സ്ഥലത്ത് അവൾ ഓടി നടക്കാനൊക്കെ ശ്രമിച്ചു. കൂടുതൽ പുറത്തുപോകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. എല്ലാറ്റിനും അപ്പുറത്ത് എന്നെ സംബന്ധിച്ച് അവൾ വളരെ സഹായകരമായിരുന്നു. അവൾ ഒരുപാട് പിന്തുണയും സഹായവും നൽകി. അവളൊന്നിച്ചുള്ള യാത്ര കൈകാര്യം ചെയ്തതിൽ ഞാൻ സന്തോഷവതിയാണ്.'- മിയ പറഞ്ഞു.
ആരോഗ്യവതിയാണ് എന്നും ഹമാസിൽനിന്ന് നല്ല അനുഭവങ്ങളാണ് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. 'ശാരീരികമായി ആരോഗ്യവതിയാണ്. മാനസികമായി ഇതൊരു യാത്രയായിരുന്നു. ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എനിക്ക് ട്രോമ അനുഭവപ്പെട്ടിട്ടില്ല. ഉറങ്ങാൻ പറ്റുന്നില്ല എന്നൊന്നും തോന്നിയിട്ടില്ല.' - മിയ വ്യക്തമാക്കി.
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് മിയ വളർത്തുപട്ടിയെ കൂടെ കൂട്ടിയതെന്ന് പിതാവ് പറഞ്ഞു. 'ബന്ദിയായി പിടിക്കപ്പെടുമ്പോൾ അവൾ വളർത്തുപട്ടിയെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചു. കൂടുതൽ ഭാരമുണ്ടായിരുന്നതു കൊണ്ട് അത് ബുദ്ധിമുട്ടായിരുന്നു. അതിനെ ഭൂഗർഭ ടണലിലേക്ക് കൊണ്ടുപോയി. ഗസ്സയിൽ എല്ലാ സമയത്തും അവൾക്കൊപ്പം ബെല്ലയുണ്ടായിരുന്നു. ഉപേക്ഷിച്ചു കളയുന്നതിന് പകരം കൂടെ കൊണ്ടു പോകാനാണ് ഹമാസ് അനുമതി നൽകിയത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17,177 ആയി. 46000 പേർക്ക് പരിക്കേറ്റു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇതുവരെ 266 പേരാണ് കൊല്ലപ്പെട്ട്ത്. 3365 പേർക്ക് പരിക്കേറ്റു. ഇസ്രായേൽ ഭാഗത്ത് 1147 പേർ കൊല്ലപ്പെടുകയും 8730 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ ഏഴു മുതൽ 418 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.