അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഹമാസിനെ സേവിക്കുന്നു; ആരോപണവുമായി ഇസ്രായേല്‍ മുന്‍പ്രധാനമന്ത്രി
യുദ്ധത്തില്‍ ഹമാസിന്‍റെ ഭാഗത്തു നിന്നുകൊണ്ടാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു
ജറുസലെം: ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഹമാസിനൊപ്പമാണെന്ന് ഇസ്രായേല്‍ മുന്‍പ്രധാനമന്ത്രി യാര്‍ ലാപിഡ്. യുദ്ധത്തില്‍ ഹമാസിന്‍റെ ഭാഗത്തു നിന്നുകൊണ്ടാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
''അത് ഭീരുത്വവും അലസവുമാണ്. യുദ്ധത്തിന് ഇരകളായവരെ ഫലസ്തീന്‍ ഇരകളെ ഉള്‍പ്പെടെയുള്ളവരെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തനം എന്താണെന്നതിന്‍റെ അടിസ്ഥാന ആശയത്തോടുള്ള അവഹേളനം കൂടിയാണ് ഇത്. എന്നെ വിശ്വസിക്കൂ. 31 വര്‍ഷം ഞാനൊരു മാധ്യമപ്രവര്‍ത്തകനായിരുന്നു. ഇസ്രായേലിനെ വിമര്‍ശിച്ചാല്‍ എനിക്കൊരു പ്രശ്നവുമില്ല. എന്നാൽ ഒരു വശം നുണ പറയുകയും ഒരു വശം വസ്തുതകൾ പരിശോധിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യാന്‍ നിങ്ങൾക്കറിയാം'' യാര്‍ കുറ്റപ്പെടുത്തി.
അതേസമയം ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം 18-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. ഇതുവരെ 5791 ജീവനുകളാണ് പൊലിഞ്ഞത്. ഇന്ധനം എത്തിക്കുന്നത് പോലും ഉപരോധിച്ചത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അതിനിടെ, യു.എൻ സെക്രട്ടറി ജനറൽ ഫലസ്തീന് അനുകൂലമായ നിലപാട് എടുത്തത് ജനറൽ അസംബ്ലിയിൽ ചൂടേറിയ ചർച്ചയ്ക്കും വഴിയൊരുക്കി.യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും അടിയന്തര വെടിനിർത്തൽ വേണമെന്ന് പറഞ്ഞു.അടിയന്തര വെടിനിർത്തൽ വേണമെന്ന് അറബ് രാജ്യങ്ങളായ സൗദി, ഈജിപ്ത്, ജോർദാൻ, യു എ ഇ എന്നിവ അസംബ്ലിയിൽ നിലപാട് എടുത്തു.ഇന്ധനമില്ലാത്തതിനാൽ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനവും നിലച്ച അവസ്ഥയിലാണ്.