വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ പ്രസിഡന്റ്; ഹമാസിന്റെ മറുപടി നിർണായകം
ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറിൻ പ്രസ് അസോസിയേഷൻ (എഫ്.പി.എ) ഇസ്രായേൽ സുപ്രിംകോടതിയെ സമീപിച്ചു.
ഗസ്സ: വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. ബന്ദികളുടെ മോചനത്തിന് ഒരു മാനുഷിക ഇടനാഴി സൃഷ്ടിക്കാൻ വീണ്ടുമൊരു താൽക്കാലിക വെടിനിർത്തിലിന് തന്റെ രാജ്യം തയ്യാറെന്ന് അംബാസിഡർമാരുടെ യോഗത്തിൽ ഹെർസോഗ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് ചർച്ചക്കും തയ്യാറാണെന്ന് ഹമാസിന്റെ മുതിർന്ന നേതാവായ ബാസിം നഈം പറഞ്ഞു. തങ്ങളുടെ ജനതക്കുമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കാനും അവർക്ക് സഹായമെത്തിക്കാനുമുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറിൻ പ്രസ് അസോസിയേഷൻ (എഫ്.പി.എ) ഇസ്രായേൽ സുപ്രിംകോടതിയെ സമീപിച്ചു. നിലവിൽ പട്ടാളക്കാരുടെ സാന്നിധ്യത്തിൽ പരിമിതമായ അനുമതിയാണ് മാധ്യമപ്രവർത്തകർക്ക് ഗസ്സയിലുള്ളത്. ഈ ആവശ്യമുന്നയിച്ച് നിരവധി തവണ ഇസ്രായേൽ സർക്കാരിന് അപേക്ഷ നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും എഫ്.പി.എ കോടതിയെ അറിയിച്ചു.
അതേസമയം, ചെങ്കടലിൽ ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക് മാത്രമാണ് വിലക്കുള്ളതെന്ന് ഹൂതികൾ വ്യക്തമാക്കി. ഇസ്രായേലിന് ഉത്പന്നം എത്തിക്കാൻ വേണ്ടിയാണ് അമേരിക്ക ബഹുരാഷ്ട്ര സേന രൂപീകരിച്ചതെന്ന് ഹൂതികൾ ആരോപിച്ചു. ചെങ്കടൽ ബഹുരാഷ്ട്ര സേനയുടെ ശവപ്പറമ്പാകുമെന്നും നിങ്ങളുടെ കപ്പൽവ്യൂഹങ്ങളും വിമാനവാഹിനികളും മുക്കിക്കളയാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും ഹൂതികൾ അറിയിച്ചു.
ഇതിനിടെ, ഒരു സൈനികനെ കൂടി ഹമാസ് വധിച്ചതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ ഇന്ന് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം മൂന്നായെന്നും നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു.