വെടിനിർത്തൽ കരാറിൽ മൗനം പാലിച്ച് അമേരിക്കൻ കോൺഗ്രസിൽ നെതന്യാഹു; പ്രക്ഷോഭകർ ഇറാൻ പിന്തുണയുള്ള വിഡ്ഢികളെന്ന് പരിഹാസം

യുദ്ധകുറ്റവാളിയെ ആദരിച്ച നടപടി ലജ്​ജാകരമെന്നും ചില ഡമോക്രാറ്റ്​ പ്രതിനിധികൾ കുറ്റപ്പെടുത്തി

Update: 2024-07-25 01:42 GMT
Editor : Lissy P | By : Web Desk
Advertising

ദുബൈ: വെടിനിർത്തൽ കരാറിനെ കുറിച്ച്​ മൗനം പാലിച്ചും ഹമാസിനുമേൽ സമ്പൂർണവിജയം നേടും വരെ യുദ്ധം തുടരുമെന്നും വ്യക്തമാക്കി യു.എസ്​ കോൺഗ്രസിന് മുമ്പാകെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരെ വാഷിങ്​ടണിലും മറ്റും തുടരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ അണിനിരന്നവരെ രൂക്ഷമായി അധിക്ഷേപിക്കാനും നെതന്യാഹു മറന്നില്ല.

ഇറാൻ പ്രയോജനപ്പെടുത്തുന്ന വിഡ്ഢികളെന്നും തെഹ്​റാന്‍റെ ഫണ്ട്​ സ്വീകരിക്കുന്നവരെന്നും പ്രക്ഷോഭകരെ നെതന്യാഹു വിമർശിച്ചു. അമ്പതോളം ഡമോക്രാറ്റ്​ അംഗങ്ങൾ നെതന്യാഹുവിന്‍റെ പ്രസംഗം ബഹിഷ്​കരിച്ചു. വൈസ്​ പ്രസിഡൻറ്​ കമലാ ഹാരിസ്​ ഉൾ​പ്പെടെയുള്ളവരും വിട്ടുനിന്നു. യുദ്ധകുറ്റവാളിയെ ആദരിച്ച നടപടി ലജ്​ജാകരമെന്നും ചില ഡമോക്രാറ്റ്​ പ്രതിനിധികൾ കുറ്റപ്പെടുത്തി. യു.എസ്​ കോൺഗ്രസിനു പുറത്ത്​ ആയിരങ്ങൾ നെതന്യാഹുവിനും ഇസ്രായേലിന്​ ആയുധം കൈമാറുന്ന ബൈഡൻ ഭരണകൂടത്തിനുമെതിരെ പ്രതിഷേധിച്ചു.

അഞ്ച് പ്രക്ഷോഭകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ദോഹയിലേക്ക്​ വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം ഇന്ന്​ എത്തുമെന്നാണ്​ വിവരം. ​താൽക്കാലിക വെടിനിർത്തൽ സമയം കഴിഞ്ഞാൽ ഗസ്സയിൽ യുദ്ധം തുടരാൻ രേഖാമൂലമുള്ള അനുമതി വേണമെന്ന്​ നെതന്യാഹു ബൈഡൻ ഭരണകൂടത്തോട്​ ആവശ്യപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. തെക്കൻ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 121 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News