ഉറക്കഗുളിക നൽകി 9 വർഷക്കാലം പീഡനം, ബലാത്സംഗം ചെയ്യാൻ അപരിചിതരെ വിളിച്ചുവരുത്തി ഭർത്താവ്; ഗിസലെ പെലിക്കോട്ടിന്റെ നിയമപോരാട്ടം

60കാരിയായ ഗിസലെ പെലിക്കോട്ടിനെ ബലാത്സംഗം ചെയ്യാൻ ഭർത്താവ് ഓൺലൈൻ വഴി വിളിച്ചുവരുത്തിയവരിൽ ഒരാൾ എച്ച്ഐവി ബാധിതനായിരുന്നു...

Update: 2024-12-20 15:15 GMT
Editor : banuisahak | By : Web Desk
Advertising

ഒൻപത് വർഷക്കാലം... ഉറക്കഗുളിക നൽകി ലൈംഗികമായി പീഡിപ്പിച്ചു.. വീഡിയോ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു, നിരവധിയാളുകളെ ബലാത്സംഗം ചെയ്യാൻ വിളിച്ചുവരുത്തി.. അതും സ്വന്തം വീട്ടിൽ... ഇതെല്ലാം ചെയ്‌തത് സ്വന്തം ഭർത്താവ് തന്നെ, ഗിസെലെ പെലിക്കോട്ട് എന്ന പേര് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇന്നവർക്ക് 72 വയസാണ് പ്രായം. 2011 മുതൽ 2020 വരെ മുൻ ഭർത്താവ് ഡൊമിനിക് പെലിക്കോട്ട് നടത്തിയ ക്രൂരതകൾ ഫ്രാൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ സ്ത്രീപീഡനക്കേസുകളിൽ ഒന്നായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ രേഖപ്പെടുത്തുന്നത്. 

വിധി വന്നത് ഡിസംബർ 19 വ്യാഴാഴ്‌ചയാണ്. കുറ്റക്കാർ ഗിസെലെയുടെ ഭർത്താവ് അടക്കം 51 പേർ. പ്രതികളുടെ കൂട്ടത്തിൽ 26 മുതൽ 74 വരെ പ്രായമുള്ള പുരുഷൻമാർ. അവർക്ക് മുന്നിൽ തലയുയർത്തി പിടിച്ച് വിധി കേട്ട് കൂളിംഗ് ഗ്ലാസും ധരിച്ച് പുറത്തേക്കിറങ്ങിയ ഗിസെലെ പുറത്തേക്കിറങ്ങി. ആർപ്പുവിളിച്ചുകൊണ്ട് പുറത്ത് ആയിരക്കണക്കിന് സ്ത്രീകൾ കാത്തുനിന്നിരുന്നു. ഫ്രാൻസിലെ മാത്രമല്ല മറ്റുരാജ്യങ്ങളിൽ നിന്നും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആളുകൾ ആ കോടതിമുറ്റത്ത് നിലയുറപ്പിച്ചിരുന്നു. 

ആരാണ് ഫ്രാൻസിന്റെ ഫെമിനിസ്റ്റ് ഐക്കണായി മാറിയ ഈ ലേഡി? ഗിസെലെ പെലിക്കോട്ടിന്റെ ജീവിതം തന്റെ 60ആം വയസിൽ മാറിമറിഞ്ഞത് എങ്ങനെയാണ്? എന്താണ് അവർക്ക് സംഭവിച്ചത്...? തിരഞ്ഞുചെന്നവർക്ക് കിട്ടിയത് ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ്... ഇനി വരുന്ന തലമുറകളെയും സ്വാധീനിക്കാൻ പോന്ന അത്രയും ശക്തമായ ഒരു പോരാട്ടത്തിന്റെ കഥ. 

 ഗിസെലെ പെലിക്കോട്ട്

തെക്കുപടിഞ്ഞാറൻ ജർമനിയിലെ വില്ലിംഗനിൽ 1952 ഡിസംബർ 7ന് ജനനം. ഒരു ഫ്രഞ്ച് സൈനികന്റെ മകളായിരുന്നു ഗിസെലെ. ഒൻപതാം വയസിൽ അമ്മ ക്യാൻസർ ബാധിച്ച് മരിച്ചതോടെ അച്ഛനൊപ്പം ഫ്രാൻസിലായിരുന്നു പിന്നീടുള്ള ജീവിതമെല്ലാം. 1971ൽ.. തന്റെ 20ആം വയസിലാണ് അവർ ഡൊമിനിക് പെലിക്കോട്ടിനെ കണ്ടുമുട്ടുന്നത്. രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം 1973ൽ വിവാഹിതരായി. വിവാഹത്തിൻ്റെ ആദ്യ വർഷങ്ങളിൽ ഡേവിഡ് എന്ന മകനും കരോളിൻ എന്ന മകളും ജനിച്ചു.

ഇലക്ട്രീഷ്യനായും എസ്റ്റേറ്റ് ഏജന്റായും ജോലി ചെയ്‌തിരുന്ന ഡൊമിനിക് ഇതിനിടെ നിരവധി ബിസിനസുകൾ ആരംഭിക്കുകയും അവയൊക്കെ പരാജയപ്പെടുകയും ചെയ്‌തു. ഈ സമയം ഫ്രാൻസിലെ ഇലക്ട്രിസിറ്റി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഗിസെലെ. 2013ൽ വിരമിച്ച ശേഷം ഗിസെലെ ഭർത്താവിനൊപ്പം തെക്കുകിഴക്കൻ ഫ്രാൻസിലെ മാസാനിലേക്ക് താമസം മാറ്റി. നീന്തൽക്കുളമുള്ള ഒരു വീടും വാടകക്കെടുത്ത് റിട്ടയർമെന്റ് ജീവിതം ആസ്വദിച്ച് മുന്നോട്ട്... വേനലവധിക്കാലത്ത് അവരുടെ മക്കളും പേരക്കുട്ടികളും അവർക്കൊപ്പം ഉണ്ടായിരുന്നു.. എന്നാൽ, ഇതിനിടക്ക് തന്റെ സമാധാനം നഷ്‌ടപ്പെടുന്നത് ഗിസെലെക്ക് പതുക്കെ മനസിലായി തുടങ്ങിയിരുന്നു. 

ഡൊമിനിക് പെലിക്കോട്ട്

രാവിലെ എഴുന്നേൽക്കുന്നത് ഏറെ വൈകിയാണ്... എഴുന്നേറ്റ് കഴിഞ്ഞാൽ ഒന്നും ഓർമയുണ്ടാവില്ല. തനിക്ക് അൽഷിമേഴ്‌സോ ബ്രെയിൻ ട്യൂമറോ ഉണ്ടെന്ന സംശയം കാരണം കുറച്ച് ഡോക്‌ടർമാരെയും ഗിസെലെ കണ്ടിരുന്നു. എന്നാൽ, പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണ്. ഗിസെലെക്ക് പ്രായത്തിന്റെതായ ചെറിയ ചില പ്രശ്‌നങ്ങൾ ഒഴിച്ചാൽ പൂർണ ആരോഗ്യവതിയാണവർ. എങ്കിലും ഓർമക്കുറവിന്റെ ഈ ബുദ്ധിമുട്ട് മാത്രം ഗിസെലെയെ വിടാതെ പിടികൂടി. 

അതിന്റെ യഥാർത്ഥ കാരണമറിയാൻ വീണ്ടും വർഷങ്ങൾ എടുത്തു. ഗിസെലെയുടെ നീതിക്കായുള്ള പോരാട്ടം ആരംഭിച്ചതും അവിടെ നിന്നാണ്. ഉറക്കമില്ലായ്‌മ, അപസ്‌മാരം പോലുള്ള അവസ്ഥകൾക്ക് ഡോക്‌ടർമാർ പ്രിസ്‌ക്രൈബ് ചെയ്യുന്ന മരുന്നാണ് ബെൻസോഡിയാസെപൈൻ. തനിക്ക് എഴുതിത്തന്ന ഈ മരുന്ന് ഡൊമിനിക് ഭക്ഷണത്തിൽ കലക്കി കൊടുക്കാൻ തുടങ്ങിയത് ഗിസെലെക്കാണ്. പുതിയ ഇടത്തേക്ക് താമസം മാറിയതിന് ശേഷം ഡൊമിനികിന്റെ സ്വഭാവം പാടെ മാറിയിരുന്നു. ഇയാളുടെ ലൈംഗിക വൈകൃതങ്ങളും. ഗിസെലെക്ക് മരുന്ന് കലക്കികൊടുത്ത് ഉറക്കിയ ശേഷം ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്യാൻ തുടങ്ങി. വീഡിയോ ചിത്രീകരിച്ച് ആദ്യം കമ്പ്യൂട്ടറിൽ സൂക്ഷിച്ചു. പിന്നീടത് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. 2014 വരെ ഈ പ്രവർത്തി ഡൊമിനിക് തുടർന്നു. പിന്നീട് ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിയ്ക്കാൻ തുടങ്ങിയതോടെ കൃത്യം മറ്റൊരു തലത്തിലേക്കാണ് അയാൾ എത്തിച്ചത്. 

രാത്രി ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഒരു ചാറ്റ് റൂം ഉണ്ടാക്കി ആളുകളെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്താൻ തുടങ്ങി. അതിന്റെയും വീഡിയോ പകർത്തി കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്നു ഇയാൾ. അപ്പോഴും താൻ പതിവിൽ കൂടുതൽ ഉറങ്ങുന്നത് എന്തുകൊണ്ടാണെന്ന സംശയം ഗിസെലെയെ വിടാതെ പിടികൂടിയിരുന്നു. ഡൊമിനികിനോട് ഇത് സംബന്ധിച്ച് ചോദിച്ചെങ്കിലും അയാൾ ഭാര്യയെ സമാധാനിപ്പിച്ച് വിഷയം മാറ്റുകയാണ് ചെയ്‌തത്‌. എന്നാൽ, 2020ൽ ഗിസെലെയുടെ സംശയങ്ങൾക്കെല്ലാം ഉത്തരം വ്യക്തമായി...

ഒടുവിൽ പിടിയിൽ 

2020 സെപ്റ്റംബറിൽ സമീപത്തെ ഒരു സൂപ്പർ മാർക്കറ്റിൽ സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരിൽ ഡൊമിനിക് പിടിയിലായി. സാധനം വാങ്ങാനെത്തിയ സ്ത്രീകളുടെ മോശം വീഡിയോകൾ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഞരമ്പ് രോഗിയായ ഒരു അപ്പൂപ്പൻ എന്ന നിലയിലാണ് പൊലീസ് ആദ്യം ഈ കേസ് കണ്ടിരുന്നതെങ്കിലും അന്വേഷണത്തിനിടെ ഡൊമിനികിന്റെ ഫോണിൽ ചില വീഡിയോകൾ കണ്ടത് വഴിത്തിരിവായിരുന്നു. 

 വീട്ടിലെത്തി ഇയാളുടെ കംപ്യൂട്ടർ പിടിച്ചെടുത്ത പൊലീസ് അതിൽ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്വന്തം ഭാര്യയുടെ 20,000ത്തിലധികം വീഡിയോകൾ. 83 പുരുഷൻമാരാണ് ഈ കാലയളവിൽ ഗിസെലെയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അബോധാവസ്ഥയിൽ ഇവരെ ദുരുപയോഗം ചെയ്‌തത് അതിക്രൂരമായായാണ്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഗിസെലെയോട് വിവരങ്ങൾ പറയുകയും വീഡിയോ അടക്കം അവരെ കാണിച്ചുകൊടുക്കുകയും ചെയ്‌തു. '50 വർഷമായി ഞാൻ ഉണ്ടാക്കിയതെല്ലാം തകർന്നു' എന്നുമാത്രമേ നിസ്സഹായാവസ്ഥയിൽ ആ സമയത്ത് അവർക്ക് പ്രതികരിക്കാനായുള്ളൂ. പോലീസ് അന്വേഷണത്തിനിടെ നടത്തിയ വൈദ്യപരിശോധനയിൽ ഗിസെലെക്ക് നിരവധി ലൈംഗികരോഗികങ്ങൾ പിടിപെട്ടതായി തെളിഞ്ഞു. 

ഡൊമിനിക് പെലിക്കോട്ടിനെ പൊലീസ് റിമാൻഡ് ചെയ്‌തു. ഗിസലെ വിവാഹമോചന നടപടികൾ ആരംഭിച്ചു, 2024 സെപ്റ്റംബറിൽ ഡൊമിനികിന്റെ വിചാരണ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് അവർക്ക് ഡിവോഴ്‌സ്‌ ലഭിച്ചത്.  

കോടതിവിധി 

ഡൊമിനികിന്റെ കംപ്യൂട്ടർ ചിത്രങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ മറ്റ് 50 പുരുഷന്മാരുടെയും വിചാരണ 2024 സെപ്റ്റംബറിൽ അവിഗ്നോണിൽ ആരംഭിച്ചു. എച്ച്ഐവി ബാധിതനായ ഒരാളും ഗിസലെയെ ബലാത്സംഗം ചെയ്‌തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കോടതിമുറിയിൽ നിന്ന് ഗിസലെ കാര്യങ്ങളെല്ലാം വിശദീകരിച്ചു. കാര്യങ്ങളൊന്നും ഓർമയില്ലെങ്കിലും തനിക്ക് സംഭവിച്ചതെന്തെന്ന് അവർക്ക് വ്യക്തമായിരുന്നു. ഡൊമിനികിന്റെ കംപ്യൂട്ടറിൽ നിന്ന് കിട്ടിയ വീഡിയോ ദൃശ്യങ്ങളിൽ കണ്ട കാര്യങ്ങൾ അവർ കൃത്യമായി വിശദീകരിച്ചു. ഒരു തുണിപ്പാവയെ പോലെയാണ് അവർ എന്നെ ഉപയോഗിച്ചത്... എച്ച്ഐവി ബാധിതനായ ഒരാൾ ആറുതവണ പീഡിപ്പിച്ചു, എന്റെ വ്യക്തിത്വം എനിക്ക് നഷ്‌ടപ്പെട്ടു. എന്റെ ജീവിതം തന്നെ ബലിയർപ്പിക്കപ്പെട്ടു. എന്റെ ജീവൻ രക്ഷിച്ചത് പൊലീസായിരുന്നു.. അല്ലെങ്കിൽ എന്റെ മരണം വരെ ഈ ക്രൂരത തുടർന്നേനെ... ഞാനത് അറിയുമായിരുന്നില്ല... ഗിസെലെ ഇത് പറയുമ്പോൾ ഡൊമിനിക് വിചാരണക്കൂട്ടിൽ തലകുനിച്ച് നിൽക്കുകയായിരുന്നു.

2024 ഡിസംബർ 19ന് ഡൊമിനിക് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പരമാവധി ശിക്ഷയായ 20 വർഷത്തെ തടവാണ് ഡൊമിനികിന് കോടതി നൽകിയത്. കൂടാതെ, മകളുടെയും മരുമക്കളുടെയും മോശം വീഡിയോ പകർത്തിയ കുറ്റവും ഡൊമിനികിനെതിരെ തെളിഞ്ഞു. കൂട്ടുപ്രതികളായ അൻപത് പേർക്കെതിരെ ക്രൂരമായ ബലാത്സംഗം, ബലാത്സംഗശ്രമം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളും തെളിഞ്ഞു. പൗരപ്രമുഖരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മൂന്ന് മാസത്തിലധികം നീണ്ടുനിൽക്കുന്ന കഠിനമായ വിചാരണക്ക് ശേഷമായിരുന്നു കോടതിവിധി വന്നത്. 

ഫെമിനിസ്റ്റ് ഐക്കൺ ഗിസെലെ

മുഖം മറക്കാതെ കൂളിംഗ് ഗ്ലാസും ഏറ്റവും നല്ല വസ്ത്രവും ധരിച്ചാണ് ഗിസെലെ കോടതിയിൽ എത്തിയത്. തല ഉയർത്തിപ്പിടിച്ച് അവർ വിധികേട്ടു. അടച്ചിട്ട മുറിയിൽ വിചാരണ നടത്താൻ കോടതി നിർദേശിച്ചെങ്കിലും അവരത് നിഷേധിക്കുകയാണുണ്ടായത്. 'ഞാൻ എന്തിന് നാണിക്കണം, നാണിക്കേണ്ടതും തലകുനിക്കേണ്ടതും എന്നെ ബലാത്സംഗം ചെയ്‌ത ആ പ്രതികളാണ്..' എന്നവർ ഉറക്കെ വിളിച്ചുപറഞ്ഞു. 

 നൊബേൽ സമ്മാന ജേതാവുമായ നാദിയ മുറാദ്, ഹോളിവുഡ് നടൻ ഷാരോൺ സ്റ്റോൺ എന്നിവരോടൊപ്പം ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ബിബിസിയുടെ 100 സ്ത്രീകളുടെ പട്ടികയിലും ഗിസെലെ ഇടംനേടി. ദുരവസ്ഥ നേരിട്ടപ്പോൾ താൻ വിവാഹിതയായിരുന്നതിനാൽ 'പെലിക്കോട്ട്' എന്ന് ചേർത്തുവിളിക്കാൻ അവർ മാധ്യമങ്ങളോട് പറഞ്ഞു. ആളുകളുടെ കരഘോഷത്തിനിടെയിലൂടെയാണ് വിധിവന്ന ശേഷം ഗിസലെ കോടതിവിട്ടത്. ഫ്രാൻസിന്റെ തെരുവുകളിൽ അവരുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.

പ്രായമായ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഓസ്‌ട്രേലിയൻ ഓൾഡർ വിമൻസ് നെറ്റ്‌വർക്ക് എന്ന ഓസ്‌ട്രേലിയൻ ഓർഗനൈസേഷൻ അയച്ചുകൊടുത്ത ഒരു സ്‌കാർഫ് അണിഞ്ഞാണ് അവർ ഓരോ തവണയും കോടതിയിൽ എത്തിയത്. ഗിസലെയെ പിന്തുണച്ച് ഫ്രാൻസിൽ ഈ കാലങ്ങളിൽ നിരവധി പ്രകടനങ്ങളും നടക്കുന്നുണ്ട്. ഈ പോരാട്ടത്തിൽ കൂട്ടായി ഗിസലെയുടെ കൈപിടിച്ച് അവരുടെ മക്കളും ഒപ്പമുണ്ടായിരുന്നു.. 

 ഗിസെലെയുടെ കേസിന് പിന്നാലെ അന്വേഷണം നിന്നുപോയ രണ്ട് ബലാത്സംഗ കേസുകൾ കൂടി ഫ്രഞ്ച് പൊലീസ് വീണ്ടും തുറന്നിട്ടുണ്ട്. , 1991-ൽ പാരീസിലെ ഒരു എസ്റ്റേറ്റ് ഏജൻ്റിനെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസും മറ്റൊന്ന് 1999ൽ നടന്ന ബലാത്സംഗശ്രമവുമാണ്. കാലം എത്ര കഴിഞ്ഞാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം... അതിജീവിതകൾ തലയുയർത്തി തന്നെ സമൂഹത്തിൽ ജീവിതം തുടരണം.. കോടതി പരിസരത്ത് ഗിസലെ പറഞ്ഞ വാക്കുകൾ ഫ്രാൻസിൽ മാത്രമല്ല ലോകമെമ്പാടും ഏറ്റെടുത്തുകഴിഞ്ഞു.. ഞാൻ എന്തിന് നാണിക്കണം.. എന്തിന് മുഖം മറക്കണം... നാണിക്കേണ്ടതും തലകുനിക്കേണ്ടതും അവരാണ്.. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News