Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഗസ്സ സിറ്റി: ഗസ്സയിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരന് ചികിത്സ നിഷേധിച്ച് യുകെ. അഹമ്മദ് എന്ന നാല് വയസ്സുകാരനാണ് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുടുംബവും ഇരുകാലുകളും നഷ്ടപ്പെട്ടത്. യുകെ സർക്കാർ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് അഹമ്മദിനെ ഇറ്റലിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ ഗസ്സയിലെ രോഗികളായ കുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റവർക്കും ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് 50 ബ്രിട്ടീഷ് എംപിമാർ സർക്കാരിന് കത്തയച്ചു. ജെറമി കോർബിൻ, കിം ജോൺസൺ, സ്റ്റെല്ല ക്രീസി, അപ്സാന ബീഗം, യാസ്മിൻ ഖുറേഷി തുടങ്ങിയ എംപിമാരാണ് കത്തിൽ ഒപ്പിട്ടത്. ഗസ്സയിയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ പരിക്കേറ്റ നിരവധി ആളുകളെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് രാജ്യങ്ങളിലേക്ക് കെണ്ടുപോകുന്നുണ്ട്.
നിലവിലെ ഉപരോധവും ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ സമ്പൂർണ്ണ തകർച്ചയും കാരണം ഗസ്സയിൽ അടിയന്തര വൈദ്യസഹായം പലർക്കും ആവശ്യമാണ് എന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ അഭിസംബോധന ചെയ്‌ത കത്തിൽ പറഞ്ഞു. 'ഗസ്സയിലെ ആശുപത്രികൾ വൻതോതിൽ നിറഞ്ഞിരിക്കുന്നു. കുട്ടികളുടെ അവസ്ഥ വേദനാജനകമാണ്. അഹമ്മദിനെപ്പോലുള്ള കുട്ടികളെ സഹായിക്കാനുള്ള വൈദഗ്ധ്യവും വിഭവങ്ങളും യുകെയിലുണ്ട്. മാനുഷിക തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അന്താരാഷ്ട്ര നിയമത്തോടുള്ള നമ്മുടെ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ഗസ്സയിലെ ഏറ്റവും ദുർബലരായവർക്കും ആവശ്യമുള്ളവർക്കും സഹായം നൽകുകയും വേണം' എന്ന് എംപിമാർ നൽകിയ കത്തിൽ പ്രതിപാദിച്ചു.