യുദ്ധത്തിനിടയിലും രാജി പ്രഖ്യാപിച്ച് ഇസ്രായേലിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ
യുദ്ധസമയത്ത് രാജിവെച്ച ഉദ്യോഗസ്ഥരുടെ എണ്ണം തീർത്തും അസാധാരണമാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു
ഗസ്സയിൽ തുടരുന്ന ആസൂത്രിത വംശഹത്യക്കിടയിലും നിരവധി ഉന്നത ഉദ്യോഗസ്ഥർ ഇസ്രായേൽ സൈന്യത്തിൽനിന്ന് രാജിവെക്കുന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ അധിനിവേശ സേന വക്താവിന്റെ യൂനിറ്റ് തലവൻ റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി രാജി പ്രഖ്യാപിച്ചതാണ് ഇതിൽ പ്രധാനപ്പെട്ടത്. യൂനിറ്റിലെ മറ്റു മുതിർന്ന സൈനിക ഉദ്യോഗസ്ഥരും രാജിവെച്ചിട്ടുണ്ട്.
ഇസ്രായേൽ അധിനിവേശ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനുള്ള ഉത്തരവാദിത്തം ഈ യൂനിറ്റിനാണ്. രാജിവെച്ചവരിൽ ഹഗാരിയുടെ ടീമിലെ രണ്ടാമത്തെ കമാൻഡ് മൊറാൻ കാറ്റ്സും ഉൾപ്പെടുന്നു. കേണൽ പദവിയിൽ ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ വക്താവായി പ്രവർത്തിക്കുന്ന സിവിലിയനാണ് മൊറാൻ കാറ്റ്സ്. പ്രഫഷനൽ തലത്തിലും വ്യക്തിപരമായ തലത്തിലും കാര്യങ്ങൾ നന്നായി നടക്കുന്നില്ലെന്ന് അവർ രാജി പ്രഖ്യാപിച്ചശേഷം വ്യക്തമാക്കി.
വിദേശ മാധ്യമ കാര്യങ്ങളുടെ ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് ജനറൽ റിച്ചാർഡ് ഹെക്റ്റും രാജിവെച്ചിട്ടുണ്ട്. ഇത് കൂടാതെ യൂനിറ്റിലെ സുപിയ മോഷ്‌കോവിച്, മെറാവ് ഗ്രാനോട്ട് എന്നിവരും രാജി പ്രഖ്യാപിച്ചു.
അധിനിവേശ സേനയുടെ വക്താവായി ഹഗാരിയെ നിയമിക്കുന്നതിന് മുമ്പ് അദ്ദേഹം ഷായെറ്റെറ്റ് 13 മറൈൻ കമാൻഡോ യൂനിറ്റിന്റെ കമാൻഡർ ആയിരുന്നു. കൂടാതെ നിലവിലെ മന്ത്രി ബെന്നി ഗാന്റ്സ് സൈന്യത്തിന്റെ മേധാവിയായിരുന്ന കാലത്ത് ചീഫ് ഓഫ് സ്റ്റാഫിന്റെ ഓഫിസ് തലവനുമായിരുന്നു.
യുദ്ധസമയത്ത് രാജിവെച്ച ഉദ്യോഗസ്ഥരുടെ എണ്ണം തീർത്തും അസാധാരണമാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. സർക്കാറിന്റെ യുദ്ധ തന്ത്രത്തെക്കുറിച്ചും ഗസ്സയിലെ യുദ്ധാനന്ത പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാറും സൈന്യവും തമ്മിൽ വലിയ തർക്കങ്ങൾ അരങ്ങേറുന്നുണ്ട്. ഇതിനിടയിലാണ് പല ഉന്നത ഉദ്യോഗസ്ഥരുടെയും രാജിവാർത്ത പുറത്തുവരുന്നത്.