ഗസ്സയുടെ മണ്ണും നശിപ്പിച്ച് ഇസ്രായേല്‍; ഉപയോഗിച്ചത് നിരോധിച്ച യുദ്ധസാമഗ്രികള്‍
അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച യുദ്ധസാമഗ്രികളാണ് ഇസ്രായേല്‍ ഗസ്സ മുനമ്പില്‍ ഉപയോഗിക്കുന്നത്
ഗസ്സസിറ്റി: ഗസ്സയുടെ ഫലപൂഷ്ടമായ മണ്ണിനെ വിഷലിപ്തമാക്കി ഇസ്രായേല്‍. ഗസ്സയെ പൂര്‍ണമായും നശിപ്പിക്കുക എന്ന ലക്ഷ്യത്തിനായി, അന്താരാഷ്ട്ര തലത്തില്‍ വരെ നിരോധിച്ച യുദ്ധസാമഗ്രികള്‍ ഉപയോഗിച്ചാണ് ഇസ്രായേലിന്റെ ക്രൂരത.
അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിന് പുറമെ വ്യാപകമായ രീതിയില്‍ കാര്‍ഷിക മേഖലയെ നശിപ്പിക്കുന്നവയാണിതെന്ന് ഫലസ്തീനിയന്‍ അഗ്രികള്‍ച്ചറല്‍ വര്‍ക്ക് കമ്മിറ്റി യൂണിയന്‍ ഡയറക്ടര്‍ മൊയാദ് ബഷ്‌റാത് പറഞ്ഞതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച യുദ്ധസാമഗ്രികളാണ് ഇസ്രായേല്‍ ഗസ്സ മുനമ്പില്‍ ഉപയോഗിക്കുന്നത്. വൈറ്റ് ഫോസ്ഫറസ്, അപകടകരമായ ബോംബുകള്‍, യുഎസില്‍ നിന്നുള്ള മിസൈലുകള്‍ എന്നിവ ഇതില്‍ പെടുമെന്നും റിപ്പാര്‍ട്ടില്‍ പറയുന്നു.
കാഴ്ച നഷ്ടം, കാന്‍സര്‍, ചര്‍മ്മത്തിലെ പൊള്ളല്‍ തുടങ്ങി പല മാരകമായ ശാരീരിക അസുഖങ്ങള്‍ക്കും ഇത് കാരണമാവും. മനുഷ്യനു പുറമേ മണ്ണിനെയും ഇവ ഇല്ലാതാക്കുന്നുണ്ട്. ഈ പദാര്‍ത്ഥങ്ങള്‍ മണ്ണിനെയും അതില്‍ വളരുന്ന വിളകളെയും വിഷലിപ്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ ഈ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതോടെ കാന്‍സറോ മറ്റ് ശ്വാസകോശ സംബന്ധിയായ രോഗങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിരോധിത യുദ്ധോപകരണങ്ങള്‍ ഇസ്രായേല്‍ ഉപയോഗിക്കുന്നത് ഗസ്സയിലെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രതികൂലമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഈ പദാര്‍ത്ഥങ്ങള്‍ കലര്‍ന്ന മണ്ണ് മൂന്നോ അഞ്ചോ വര്‍ഷത്തേക്ക് കൃഷിക്ക് അനുയോജ്യമായിരിക്കില്ലെന്നും ഉത്പാദനക്ഷമമായിരിക്കില്ലെന്നും മൊയാദ് ബഷ്‌റാത് പറഞ്ഞു.
അതേസമയം ഇസ്രായേലിന്റെ അധിനിവേശ ക്രൂരതയില്‍ ഇതിനോടകം ഗസ്സയില്‍ 32,070 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആറുമാസം പിന്നിടുന്ന യുദ്ധത്തില്‍ ഇതുവരെ 74,298 പേര്‍ക്ക് പരിക്കറ്റതായാണ് റിപ്പോര്‍ട്ട്.